
കൊച്ചി: എ.ഐ ടൂളുകൾ ഉപയോഗിച്ചുള്ള വോയ്സ് ക്ലോണിംഗും വ്യാജ വീഡിയോകളും സെലിബ്രിറ്റികളെ വേട്ടയാടുന്നു. സ്വന്തംശബ്ദവും ചിത്രവും പുനർനിർമ്മിച്ച് നടത്തുന്ന വ്യാജ പ്രചാരണങ്ങൾ തടയാൻ കോടതികളെ അഭയം പ്രാപിച്ചിരിക്കുകയാണ് പലരും.
നടൻ ആർ. മാധവനാണ് ഒടുവിൽ കോടതിയെ സമീപിച്ചത്. മുതിർന്ന ഗായിക ആശ ഭോസ്‌ലെയും നടൻ അക്ഷയ്‌കുമാറും ഹർജി നൽകിയിരുന്നു.
ലിങ്കുകൾ പ്രവർത്തനരഹിതമാക്കണമെന്നും വീണ്ടും പ്രത്യക്ഷപ്പെട്ടാലുടൻ നീക്കം ചെയ്യണമെന്നും ബന്ധപ്പെട്ട ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകൾക്ക് കോടതികൾ നിർദ്ദേശം നൽകി. അന്തിമവിധിയായിട്ടില്ല.
വരാനിരിക്കുന്ന 'ശൈത്താൻ 2', 'കേസരി 3' എന്നീ ചിത്രങ്ങളുടെ വ്യാജ ട്രെയ്ലറുകൾ പുറത്തിറങ്ങിയതോടെയാണ് മാധവൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. നടന്റെ ദൃശ്യം, സ്വരം, പേര് തുടങ്ങിയവ എ.ഐ, ഡീപ് ഫെയ്ക് സാങ്കേതികവിദ്യയിൽ ദുരുപയോഗം ചെയ്യുന്നത് വിലക്കി. ഇവ നീക്കം ചെയ്യാനും ഉത്തരവിട്ടു.
വോയ്സ് ക്ലോണിംഗിലൂടെ പാട്ടുകൾ ദുരുപയോഗം ചെയ്തതിന് മെയ്ക്, കവേഴ്സ് എ.ഐ തുടങ്ങിയ വിദേശനിയന്ത്രിത പ്ലാറ്റ്ഫോമുകൾക്കെതിരെയായിരുന്നു ആശ ഭോസ്‌ലെയുടെ നിയമനടപടി. സെലിബ്രിറ്റികൾക്ക് വ്യക്തിത്വ അവകാശങ്ങളും സവിശേഷ ഐഡന്റിറ്റി നൽകുന്ന സ്വരവും രൂപവും സംരക്ഷിക്കാനുള്ള നിയമപരിരക്ഷയുണ്ടെന്ന് കോടതി പറഞ്ഞു. യോഗി ആദിത്യനാഥിന്റെയും മഹർഷി വാത്മീകിയുടെയും വേഷം ചെയ്യാനൊരുങ്ങുന്നുവെന്ന പ്രചാരണമാണ് അക്ഷയ്‌കുമാറിനെ അസ്വസ്ഥനാക്കിയത്. കൃത്രിമ ശബ്ദം ഉൾപ്പെടുത്തിയായിരുന്നു വീഡിയോ. ബോംബെ ഹൈക്കോടതിയിൽനിന്ന് ഇരുവർക്കും അനുകൂലമായ ഉത്തരവുണ്ടായി. സമാനസംഭവങ്ങളിൽ ഐശ്വര്യറായ്, പവൻകല്യാൺ, ഹൃത്വിക്റോഷൻ, ജൂനിയർ എൻ.ടി.ആർ തുടങ്ങിയവർക്കും കോടതിയെ സമീപിക്കേണ്ടി വന്നിരുന്നു.
കേരളത്തിൽ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
* നിയമനിർമ്മാണം അകലെ
ഡീപ്ഫെയ്ക് വീഡിയോകളും മറ്റും തടയാൻ പ്രത്യേക നിയമനിർമ്മാണം കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണനയിലില്ല. നിർമ്മിതബുദ്ധി കൊണ്ടുള്ള സേവനങ്ങളെയും അത് ബാധിച്ചേക്കാമെന്നതിനാൽ ആശയക്കുഴപ്പമുണ്ട്.
#പകർപ്പവകാശനിയമവും ഐ.ടി ആക്ടും മറ്റുമാണ് കേസുകൾ തീർപ്പാക്കാൻ ആശ്രയിക്കുന്നത്. പകർപ്പവകാശനിയമം കലാകാരന്മാർക്ക് നൽകിയ വ്യക്തിത്വ അവകാശങ്ങൾ ലംഘിക്കുന്നുവെന്നാണ് ഹർജിക്കാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
# മാർഗനിർദ്ദേശങ്ങളും സർക്കാർ പുറത്തിറക്കുന്നുണ്ട്. എ.ഐ ദൃശ്യങ്ങൾ ലേബൽചെയ്തുവേണം പോസ്റ്റ് ചെയ്യാനെന്ന നിർദ്ദേശം പരിഗണനയിലുണ്ട്. ശബ്ദസന്ദേശങ്ങൾക്ക് ഇത് പ്രായോഗികമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |