തിരുവനന്തപുരം: നാലുവർഷ ബിരുദ വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് കോഴ്സും വിഷയങ്ങളും മാറാം. കോളേജും യൂണിവേഴ്സിറ്റിയും മാറാനും അവസരം. മൂന്നാം സെമസ്റ്ററിലേക്ക് കടക്കുന്നവർക്കാണ് ഈ സൗകര്യം. സ്വിച്ചിംഗ് എന്ന ഈ സംവിധാനത്തിന് അന്തിമ മാർഗരേഖയുണ്ടാക്കാൻ സർവകലാശാലാ രജിസ്ട്രാർമാരടങ്ങിയ മേൽനോട്ടസമിതി അടുത്തയാഴ്ച യോഗംചേർന്ന് കോഴ്സ് മാറ്റത്തിന് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ തയ്യാറാക്കും. ഇത് സർക്കാർ അംഗീകരിക്കുന്നതോടെ സർവകലാശാലകൾ വിജ്ഞാപനമിറക്കും.
വിദ്യാർത്ഥികൾ ആവശ്യപ്പെടുന്ന കോഴ്സും വിഷയങ്ങളും നൽകാത്തതിനാൽ നാലുവർഷ ബിരുദത്തിന്റെ ലക്ഷ്യം പാളിയെന്ന് 'കേരളകൗമുദി' ഡിസംബർ15ന് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് മാർഗരേഖയുണ്ടാക്കാൻ സർക്കാർ നിർദ്ദേശിച്ചത്. നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന മേജർ, മൈനർ വിഷയങ്ങൾ മൂന്നാംസെമസ്റ്ററിൽ മാറി പുതിയവ തിരഞ്ഞെടുക്കാനാകും. അടിസ്ഥാന യോഗ്യതയുണ്ടെങ്കിൽ ആർട്സുകാർക്ക് സയൻസിലേക്കും മാറാം. മൾട്ടി ഡിസിപ്ലിനറി, എൻഹാൻസ്മെന്റ് എബിലിറ്റി കോഴ്സുകളിൽ മാത്രം മാറ്റം അനുവദിക്കാനായിരുന്നു നേരത്തേ ആലോചിച്ചിരുന്നത്. ഇപ്പോഴിത് വിപുലപ്പെടുത്തി.
കേരളത്തിലെ ഏത് കോളേജിലേക്കും യൂണിവേഴ്സിറ്റിയിലേക്കും സീറ്റൊഴിവുണ്ടെങ്കിൽ മാറാനാകും. ഇതിനും ചട്ടങ്ങളുണ്ടാക്കും. സുതാര്യത ഉറപ്പാക്കും. കുട്ടികൾക്ക് ഇഷ്ടവിഷയങ്ങൾ അനുവദിക്കണമെന്ന് കോളേജുകൾക്ക് കർശനനിർദ്ദേശം നൽകും. ഇതോടെ അക്കാഡമിക്, കരിയർ അഭിരുചിക്കനുസരിച്ച് പാഠ്യവിഷയങ്ങൾ തിരഞ്ഞെടുത്ത് ബിരുദകോഴ്സ് സ്വയം രൂപകല്പന ചെയ്യാൻ വിദ്യാർത്ഥികൾക്ക് അവസരമുണ്ടാവും.
4വർഷം തസ്തിക സംരക്ഷണം
കോളേജുകളിൽ നാലുവർഷത്തേക്ക് ഗസ്റ്റ്അദ്ധ്യാപകരുടേതടക്കം വർക്ക്‌ലോഡ് സംരക്ഷിക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. ആഴ്ചയിൽ 16മണിക്കൂറാണ് അദ്ധ്യാപകരുടെ ജോലിഭാരം
തസ്തിക നഷ്ടമാവാതിരിക്കാനും ജോലിഭാരം അധികരിക്കാതിരിക്കാനും ലക്ഷ്യമിട്ടാണ് കുട്ടികൾക്ക് വിഷയകോമ്പിനേഷനുകൾ അനുവദിക്കുന്നത്
ഭാഷാഅദ്ധ്യാപകരെയടക്കം കുറയ്ക്കണമെന്നാണ് ദേശീയവിദ്യാഭ്യാസ നയത്തിലുള്ളത്. അതിനാൽ അദ്ധ്യാപകരുടെ ജോലിഭാരം ക്രമീകരിച്ചാണ് വിഷയഗ്രൂപ്പുണ്ടാക്കിയത്
''കോഴ്സും കോളേജും മാറാനാവുന്നതോടെ നാലുവർഷ ബിരുദം കൂടുതൽ വിദ്യാർത്ഥിസൗഹൃദമാവും
-ഡോ.കെ.എസ്.അനിൽകുമാർ,
രജിസ്ട്രാർ, കേരളസർവകലാശാല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |