തിരുവനന്തപുരം: മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റായി എം.ആർ.മുരളിയെയും കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റായി ഡോ.എം.കെ. സുദർശനെയും തിരഞ്ഞെടുത്തു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി ജി.സുന്ദരേശനും കൊച്ചിൻ ദേവസ്വം ബോർഡംഗമായി പ്രേമരാജ് ചൂണ്ടലാത്തും തിരഞ്ഞെടുക്കപ്പെട്ടു. ഹിന്ദുക്കളായ എം.എൽ.എ മാരാണ് ദേവസ്വം ബോർഡംഗങ്ങളെ തിരഞ്ഞെടുത്തത്. യു.ഡി.എഫ് പ്രതിനിധികളായി ആരും മത്സരിച്ചില്ലെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. ഹിന്ദുക്കളായ മന്ത്രിമാരാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ളവരെ നാമനിർദ്ദേശം ചെയ്തത്. നിയമനം സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.
കൊച്ചിൻ ദേവസ്വം ബോർഡിന്റെ പ്രസിഡന്റ് പദവി വഹിച്ച ആദ്യ പട്ടികജാതിക്കാരനാണ് എം.കെ.സുദർശൻ (2016-18). വിവാദങ്ങൾക്ക് വഴിവയ്ക്കാത്ത പ്രവർത്തന മികവാണ് വീണ്ടും ഈ സ്ഥാനത്തേക്ക് പരിഗണിക്കാൻ കാരണം. വൈപ്പിൻ സ്വദേശി. കോഴുക്കുള്ളി മൂർക്കാനിക്കരയിലാണ് താമസം. മുൻമന്ത്രിയും മുൻ എം.പിയും കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായിരുന്ന എം.കെ.കൃഷ്ണന്റെയും വർക്കിംഗ് വിമൻസ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റായിരുന്ന രുഗ്മിണിയുടെയും മകനാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു എം.ബി.ബി.എസ് പഠനം. സി.പി.എം മണ്ണുത്തി ഏരിയാ കമ്മിറ്റിയംഗമാണ്. തൃശൂർകാർഷിക സർവകലാശാല കൊക്കോ ഗവേഷണ കേന്ദ്രം മേധാവി ഡോ.ബി.സുമയാണ് ഭാര്യ. മക്കൾ: എം.ടെക് വിദ്യാർത്ഥി എം.കെ.എസ്.കൃഷ്ണൻ, എം.ബി.ബി.എസ് വിദ്യാർത്ഥി എം.കെ.നയന.
ജി. സുന്ദരേശൻ സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി അംഗവും പട്ടികജാതി ക്ഷേമസമിതി ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള പട്ടികജാതി, പട്ടികവർഗ ഉപദേശക സമിതി അംഗം. കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗവുമാണ്. പരേതനായ ഗോപാലന്റെയും അമ്മിണിയുടെയും മകനാണ്. മേലില സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ടി.കുമാരിയാണ് ഭാര്യ. മകൾ: കൊല്ലം ഫാത്തിമാ കോളേജ് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി കെ.എസ്.അലീന.
55കാരനായ പ്രേംരാജ് ചൂണ്ടലാത്ത് സി.പി.ഐ തൃശൂർ ജില്ലാ കൗൺസിൽ അംഗമാണ്. ദീർഘകാലമായി കടവല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി. യുവകലാ സാഹിതി ഭാരവാഹിയും കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാനകമ്മിറ്റി അംഗവുമാണ്. കുന്നംകുളം പെരുമ്പിലാവ് ചൂണ്ടലാത്ത് വീട്ടിലാണ് താമസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |