
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ നാളെ നടക്കാനിരിക്കുന്ന ഒന്നാംഘട്ട വോട്ടെടുപ്പിനുള്ള സാമഗ്രികൾ അതത് കേന്ദ്രങ്ങളിൽ വിതരണം ചെയ്തു തുടങ്ങി. രാവിലെ ഒമ്പതുമണിയോടെയാണ് വിതരണം ആരംഭിച്ചത്. പോളിംഗ് സാമഗ്രികൾ ഉദ്യോഗസ്ഥർ കൈപ്പറ്റിയ ശേഷം ഉച്ചയ്ക്ക് 12 മണിക്കു മുമ്പ് എല്ലാവരെയും പോളിംഗ് സ്റ്റേഷനുകളിൽ എത്തിക്കും. നാളെ രാവിലെ ഏഴ് മുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ആറ് മണിക്ക് സ്ഥാനാർത്ഥികളുടെയും ഏജന്റുമാരുടെയും സാന്നിദ്ധ്യത്തിൽ മോക്ക് പോളിംഗ് നടത്തും.
ഇന്നലെയായിരുന്നു തദ്ദേശതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചത്. അഞ്ച് മാസത്തിനുള്ളിൽ നടക്കുന്ന നിയമസഭ തിരെഞ്ഞെടുപ്പിനു മുന്നോടിയായുള്ള തദ്ദേശതിരെഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യപ്രചാരണമാണ് ഇന്നലെ അവസാനിച്ചത്. ഇന്ന് നിശബ്ദപ്രചാരണമാണ്. 1.32 കോടി വോട്ടർമാർ ആണ് നാളെ പോളിംഗ് ബൂത്തിലേക്ക് എത്തുക.
ഒന്നാം ഘട്ടത്തിൽ 15,432 പോളിംഗ് ബൂത്തുകളും ആകെ 36,630 സ്ഥാനാർത്ഥികളുമാണ് മത്സരിക്കുന്നത്. 27,141 പേർ ഗ്രാമപഞ്ചായത്തിലും, 3,366 പേർ ബ്ലോക്ക് പഞ്ചായത്തിലും 594 പേർ ജില്ലാ പഞ്ചായത്തിലും 4,480 പേർ മുനിസിപ്പാലിറ്റിയിലും 1,049 പേർ കോർപ്പറേഷനിലുമാണ് മത്സരിക്കുന്നത്. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വൈദ്യുതി, കുടിവെള്ളം, വിശ്രമിക്കാനുള്ള സൗകര്യം, റാമ്പ്, ക്യൂ സൗകര്യങ്ങളും അധികൃതർ സജ്ജമാക്കിയിട്ടുണ്ട്. പ്രായമായവർ ഭിന്നശേഷിക്കാർ, ശാരീരിക അവശതയുള്ളവർ എന്നിവർക്ക് ബൂത്തുകളിൽ ക്യൂ നിൽക്കാതെ തന്നെ പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |