
സെക്രട്ടേറിയറ്റിന് മുന്നിൽ 27ന് ധർണ
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം നാളെ മുതൽ ശക്തമാക്കും. ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ പ്രതിനിധികളുമായി നടത്തിയ ചർച്ചകളിൽ നൽകിയ ഉറപ്പുകൾ പാലിക്കാത്ത സാഹചര്യത്തിലാണിത്. നാളെ മുതൽ അനിശ്ചിതകാലത്തേക്ക് അദ്ധ്യാപനം ബഹിഷ്‌കരിച്ച് സമരരംഗത്തേക്ക് ഇറങ്ങുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. റോസ്നാരാ ബീഗം.ടി, ജനറൽ സെക്രട്ടറി ഡോ. അരവിന്ദ്.സി.എസ് എന്നിവർ അറിയിച്ചു.
നാളെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും തിരുവനന്തപുരത്ത് ഡി.എം.ഇ ഓഫീസിനു മുന്നിലും ധർണ നടത്തും. 27ന് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ ബഹിഷ്കരിക്കുകയും സെക്രട്ടേറിയറ്റിനു മുന്നിൽ രാവിലെ 10 മുതൽ വൈകിട്ട് ആറുവരെ ധർണ സംഘടിപ്പിക്കുകയും ചെയ്യും.
ഫെബ്രുവരി 2ന് അനിശ്ചിതകാല ഒ.പി ബഹിഷ്‌കരണം ആരംഭിക്കും. 9ന് അനിശ്ചിതകാലത്തേക്ക് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നിറുത്തിവയ്ക്കും. 11 മുതൽ യൂണിവേഴ്സിറ്റി പരീക്ഷാ ജോലികൾ ബഹിഷ്‌കരിക്കും. അവശ്യ സേവനങ്ങളായ ക്യാഷ്വാലിറ്റി, ലേബർ റൂം, ഐ.സി.യു, ഐ.പി ചികിത്സ, മറ്റ് അടിയന്തര ചികിത്സകൾ, അടിയന്തര ശസ്ത്രക്രിയകൾ, പോസ്റ്റ്‌മോർട്ടം പരിശോധന എന്നിവ നടക്കും.
മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ശമ്പള പരിഷ്‌കരണ കുടിശ്ശിക അന്യായമായി നീട്ടിവയ്ക്കുന്നത് അവസാനിപ്പിക്കുക, ശമ്പള പരിഷ്‌കരണ ഉത്തരവിലെ അപാകതകൾ പരിഹരിക്കുക, അന്യായമായ പെൻഷൻ സീലിംഗ് കേന്ദ്ര നിരക്കിൽ പരിഷ്‌കരിക്കുക, താത്കാലിക കൂട്ടസ്ഥലംമാറ്റങ്ങൾ ഒഴിവാക്കുക, ആവശ്യത്തിന് തസ്തികകൾ സൃഷ്ടിച്ച് മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം സുഗമമാക്കുക, മെഡിക്കൽ കോളേജുകളിൽ രോഗികൾക്കും ഡോക്ടർമാർക്കും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, ഡി.എ കുടിശ്ശിക നൽകുക തുടങ്ങി വർഷങ്ങളായി ഉന്നയിച്ചിട്ടുള്ള വിവിധ ആവശ്യങ്ങളിൽ സർക്കാർ നൽകിയിട്ടുള്ള വാഗ്ദാനങ്ങൾ ഒന്നും പാലിക്കാത്തതിനെ തുടർന്നാണ് സമരം ശക്തമാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |