
തിരുവനന്തപുരം: നീതിയുക്തവും അനുകമ്പാപൂർണവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനും രാഷ്ട്രനിർമ്മാണത്തിനും വേണ്ടി സമർപ്പിച്ച മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു.
കെ. ആർ. നാരായണന്റെ അർദ്ധകായ പ്രതിമ രാജ്‌ഭവനിൽ രാഷ്ട്രപതി അനാവരണം ചെയ്തു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, ബീഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിയവർ പങ്കെടുത്തു. കെ.ആർ. നാരായണന്റെ ജീവിതം ധൈര്യത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കഥയാണെന്ന് രാഷ്ട്രപതി പറഞ്ഞു. അങ്ങേയറ്റം അർപ്പണബോധത്തോടെയും വിദ്യാഭ്യാസത്തിന്റെ കരുത്തിലൂടെയും രാജ്യത്തിന്റെ പരമോന്നത ഭരണഘടനാപദവിയിൽ എത്തിച്ചേർന്നു.
സമാധാനം, നീതി, സഹകരണം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു. ജന്മനാടായ കേരളവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ആഴത്തിൽ വേരൂന്നിയതാണ്. നാടിന്റെ സാമൂഹ്യപുരോഗതിയിൽ നിന്നും വിദ്യാഭ്യാസത്തിനും ഉൾച്ചേർക്കലിനും നൽകിയ ഊന്നലിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു. ജനങ്ങളുടെയും രാഷ്ട്രത്തിന്റെയും വികസനത്തിൽ വിദ്യാഭ്യാസത്തിന്റെ പങ്കിന് ഊന്നൽ നൽകി. നാഗരികതയുടെ വളർച്ചയ്ക്കു മാനുഷികമൂല്യങ്ങൾ അനിവാര്യമാണെന്നും സമൂഹത്തിന്റെ വികസനത്തിന് അവ അടിസ്ഥാനപരമാണെന്നും അദ്ദേഹം വിശ്വസിച്ചു.
കെ.ആർ. നാരായണൻ ഭരണഘടനാതലവൻ മാത്രമായിരുന്നില്ല, ഭരണഘടനയുടെ യഥാർത്ഥ സംരക്ഷകനുമായിരുന്നെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു. കെ. ആർ. നാരായണൻ തന്റെ ജീവിതം രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി സമർപ്പിച്ചിരുന്നെന്നും ഭരണഘടനാ മൂല്യങ്ങൾക്കും ഇന്ത്യയുടെ സംസ്കാരത്തിനും ഏറെ മുൻഗണന നൽകിയിരുന്നതായും ബീഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുസ്മരിച്ചു.
ഗവർണറുടെ പത്നി അനഘ ആർലേക്കർ, മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, വി.എൻ. വാസവൻ, പി. പ്രസാദ്, രാമചന്ദ്രൻ കടന്നപ്പള്ളി, സ്പീക്കർ എ.എൻ. ഷംസീർ, മേയർ ആര്യ രാജേന്ദ്രൻ, എം.പിമാരായ ശശി തരൂർ, അടൂർ പ്രകാശ്, ആന്റണി രാജു എം.എൽ.എ, സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലയിലെ വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ പങ്കെടുത്തു. രാജ്ഭവനിൽ അതിഥി മന്ദിരത്തോടു ചേർന്നുള്ള സ്ഥലത്താണ് മൂന്നടി ഉയരമുള്ള അർദ്ധകായ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിനായിരുന്നു നിർമ്മാണച്ചുമതല. ഫൈൻ ആർട്സ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഇ.കെ. നാരായണൻ കുട്ടിയുടെ മേൽനോട്ടത്തിൽ ശില്പി സിജോയാണ് രൂപകല്പന ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |