കൊച്ചി: നക്ഷത്ര ഹോട്ടലിൽ ഗുണ്ടാത്തലവൻ ഓംപ്രകാശ് ഒരുക്കിയ ലഹരിപ്പാർട്ടിയിൽ പങ്കെടുത്ത സിനിമാതാരങ്ങളടക്കം ഇരുപതുപേർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് ഇന്ന് നോട്ടീസ് നൽകിയേക്കും. കുണ്ടന്നൂരിലെ ഹോട്ടലിൽ ഫോറൻസിക് പരിശോധനയുൾപ്പെടെ പൂർത്തിയാക്കി. ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവരാണ് അന്വേഷണം നേരിടുന്ന പ്രമുഖർ. ഇതിനുശേഷം ഓംപ്രകാശിനെ വീണ്ടും ചോദ്യം ചെയ്യും. പ്രചരിക്കുന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്ന് പ്രയാഗ ഇന്നലെ ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചു. അതിന് മുമ്പ് 'ഹ... ഹ... ഹ..." എന്ന പരിഹാസംനിറഞ്ഞ ഇൻസ്റ്റാഗ്രാം സ്റ്റോറി താരം പോസ്റ്റ് ചെയ്തിരുന്നു.
രാവിലെ 11ഓടെയാണ് ഫോറൻസിക് സംഘം കുണ്ടന്നൂരിലെ ഹോട്ടൽമുറി പരിശോധിച്ചത്. മൂന്ന് മുറികളാണ് ബോബി ചലപതിയെന്നയാൾ ഓംപ്രകാശിനായി എടുത്ത് നൽകിയത്. മുറിയിൽ ഒരു മണിക്കൂറിലധികം നീണ്ട പരിശോധയിൽ നിർണായക വിവരങ്ങൾ ലഭിച്ചതായാണ് വിവരം. സീൽ ചെയ്തിരുന്ന മുറികൾ വിട്ടുനൽകി. ശനിയാഴ്ച രാത്രി നടത്തിയ പരിശോധനയിൽ കൊക്കെയ്ൻ സൂക്ഷിക്കുന്ന സിപ്പ് ലോക്ക് കവറുകളും മുന്തിയ മദ്യത്തിന്റെ കുപ്പികളും ലഭിച്ചതിനെ തുടർന്നാണ് ഓംപ്രകാശിനെയും കൂട്ടാളി ഷിഹാസിനെയും അറസ്റ്റ് ചെയ്തത്.
ലഹരിപ്പാർട്ടി നടന്നെന്ന് വ്യക്തമായതോടെ നടത്തിയ അന്വേഷണത്തിലാണ് ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ തുടങ്ങിയവർ എത്തിയെന്ന തെളിവുകൾ പൊലീസിന് ലഭിച്ചത്. സംഭവത്തിൽ ഇവരുടെയെല്ലാം മൊഴികൾ ഉടൻ രേഖപ്പെടുത്താൻ നിർദ്ദേശം നൽകിയതായി സിറ്റി പൊലിസ് കമ്മിഷണർ പുട്ട വിമലാദിത്യ കേരളകൗമുദിയോട് പറഞ്ഞു. ഇതിനകം നിരവധി വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് നിരത്തിയാകും ചോദ്യം ചെയ്യൽ. ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും ഓംപ്രാശിനെ പരിചയമില്ലെന്നാണ് അറിയുന്നത്. എളമക്കര സ്വദേശി ബിനു ജോസഫാണ് ഇരുവരെയും ആഡംബര ഹോട്ടലിൽ എത്തിച്ചത്. ഇയാളെ കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്.
വില്ലൻവേഷം വാഗ്ദാനം ചെയ്ത്
പത്തുലക്ഷംതട്ടിയ നിർമ്മാതാവ് അറസ്റ്റിൽ
തിരുവല്ല: സിനിമയിൽ വില്ലൻവേഷം വാഗ്ദാനംചെയ്ത് പത്തുലക്ഷം രൂപ തട്ടിയെടുത്തെന്ന അദ്ധ്യാപകനായ നടന്റെ പരാതിയിൽ നിർമ്മാതാവ് അറസ്റ്റിലായി. തിറയാട്ടം എന്ന സിനിമയുടെ നിർമ്മാതാവായ ആലപ്പുഴ തുറവൂർ വളമംഗലം നോർത്ത് വടിത്തറ വീട്ടിൽ ജിജോ ഗോപി (54)യാണ് പിടിയിലായത്. സിനിമയിലെ പ്രധാന നടനും ഇയാളാണ്. തിരുവല്ലയിൽ താമസിക്കുന്ന ഉപ്പുതറ സ്വദേശിയും അദ്ധ്യാപകനുമായ ടോജോ ഉപ്പുതറയുടെ പരാതിയിലാണ് അറസ്റ്റ്. സിനിമയിൽ ചെറിയ വേഷംചെയ്യാൻ കണ്ണൂർ പിണറായിയിലെ ലൊക്കേഷനിൽ എത്തിയ ടോജോയോട് നായകതുല്യമായ വില്ലൻവേഷം നൽകാമെന്ന് ജിജോ പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും സിനിമ റിലീസായശേഷം മടക്കിനൽകാമെന്നും പറഞ്ഞ് പലപ്പോഴായി 10ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. തുടർന്ന് വില്ലനായി ടോജോ അഭിനയിച്ചു. എന്നാൽ സിനിമ റിലീസ് ചെയ്തപ്പോൾ അപ്രധാനമായ ഏതാനും ഷോട്ടുകളിൽ മാത്രമേ തന്റെ കഥാപാത്രം ഉള്ളായിരുന്നെന്ന് ടോജോ പറഞ്ഞു. സംവിധായകനായ സജീവ് കിളികുലം ഉൾപ്പെടെയുള്ളവർ മുഖാന്തിരം പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിക്കാതെ വന്നതോടെ പൊലീസിൽ പരാതി നൽകി. നടപടിയുണ്ടാകാത്തതിനാൽ തിരുവല്ല ഒന്നാംക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. ചേർത്തലയിലെ വാടകവീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ജിജോയെ കോടതി നിർദ്ദേശപ്രകാരമാണ് അറസ്റ്റുചെയ്തത്. ജാമ്യത്തിൽ വിട്ടയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |