സിനിമാതാരങ്ങൾക്ക് ലഹരി എത്തിച്ചതിന് തെളിവ്
ആലപ്പുഴ: രണ്ട് കോടിയിലേറെ വിലവരുന്ന മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവുമായി വൻലഹരിക്കടത്ത് സംഘത്തിലെ കണ്ണിയായ യുവതിയും കൂട്ടാളിയും എക്സൈസിന്റെ പിടിയിലായി. തമിഴ്നാട് തിരുവള്ളൂർ ഉലകനാഥപുരം ഫോർത്ത് സ്ട്രീറ്റിൽ താമസിക്കുന്ന മലയാളി ക്രിസ്റ്റീനയെന്ന തസ്ളീമ സുൽത്താൻ (41), ആലപ്പുഴ മണ്ണഞ്ചേരി മല്ലൻവെളിയിൽ ഫിറോസ് (26) എന്നിവരെയാണ് വിദഗ്ദ്ധമായി വലയിലാക്കിയത്.
ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ ഉൾപ്പെടെ പലർക്കും ലഹരിവസ്തുക്കൾ കൈമാറിയിട്ടുണ്ടെന്ന് തസ്ളീമ വെളിപ്പെടുത്തി. ഇവരുമായുള്ള സാമ്പത്തിക ഇടപാടിന്റെ തെളിവുകളും തസ്ളീമയുടെ ഫോണിൽ നിന്ന് ലഭിച്ചു.
രഹസ്യവിവരത്തെ തുടർന്ന് ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാത്രി ഓമനപ്പുഴയിലെ റിസോർട്ടിന് സമീപം ഇരുവരും കാറിൽ വന്നിറങ്ങിയപ്പോൾ തൊണ്ടിസഹിതം പിടികൂടുകയായിരുന്നു. ഭർത്താവും രണ്ട് കൊച്ചുകുട്ടികളുമായി എറണാകുളത്തെത്തിയ തസ്ലിമ വാടകയ്ക്കെടുത്ത കാറിൽ കുടുംബസമേതം മണ്ണഞ്ചേരിയിലെത്തി. ഭർത്താവിനെയും മക്കളെയും വഴിയിൽ ഇറക്കിയശേഷം ഫിറോസിനെ കൂട്ടി രാത്രി പത്തരയോടെയാണ് റിസോർട്ടിലെത്തിയത്.
ബാഗിൽ മൂന്ന് പൊതികളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്. മണിക്കൂറുകളോളം ഉൻമാദം കിട്ടുന്ന കനാബി സിൻസിക്ക, കനാബി സറ്റീവ ഇനങ്ങളാണിവ. സാധാരണ കഞ്ചാവിന് ഗ്രാമിന് പരമാവധി മുന്നൂറ് രൂപയാണ് വിലയെങ്കിൽ ഇവയ്ക്ക് ഗ്രാമിന് പതിനായിരംവരെയാണ്.
ആലപ്പുഴയിലെ ടൂറിസം മേഖല കേന്ദ്രീകരിച്ച് ഇടപാടുള്ള ഇവരെക്കുടുക്കാൻ എക്സൈസ് മാസങ്ങളായി ശ്രമത്തിലായിരുന്നു. മുമ്പ് എറണാകുളത്ത് മസാജ് പാർലർ നടത്തിയിരുന്ന തസ്ളിമയ്ക്കെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതിന് പോക്സോ കേസുണ്ട്. ഫിറോസ് മൂന്ന് വർഷമായി ലഹരിക്കച്ചവടം നടത്തുന്നുണ്ട്.
പ്രതികളുടെ സാമ്പത്തികയിടപാടുകൾ പരിശോധിക്കും. സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടിയും കൈക്കൊള്ളുമെന്ന് ഡെപ്യൂട്ടി കമ്മിഷണർ എസ്. വിനോദ്‌കുമാർ പറഞ്ഞു. അസി.കമ്മിഷണർ എസ്.അശോക്‌കുമാർ, സി.ഐ എം.മഹേഷ്, സിവിൽ ഓഫീസർമാരായ സി.പി.സാബു, കെ.ആർ. രാജീവ്, എം.റെനി, അരുൺ അശോക്, സനൽ, സിബിരാജ്, ജീന വില്യം എന്നിവരും സംഘത്തിലുണ്ടായിരുന്നു.
എക്സ്ട്രാ നടി
കണ്ണൂർ സ്വദേശിയായ തസ്ളിമ തമിഴ് സിനിമയിൽ എക്സ്ട്രാ നടിയായും സ്ക്രിപ്റ്റ് പരിഭാഷകയുമായി പ്രവർത്തിച്ചിരുന്നു. ഈ ബന്ധമുപയോഗിച്ചാണ് മലയാള സിനിമാക്കാരുമായി അടുത്തത്. ഇതോടെ കൊച്ചിയിലേക്ക് ചുവടുമാറ്റി. മൂന്ന് മലയാളം സിനിമകളിലും മുഖം കാണിച്ചു. തൃക്കാക്കര കേന്ദ്രീകരിച്ച് മസാജ് പാർലർ നടത്തി. പോക്സോ കേസിൽ പ്രതിയായതോടെ വീണ്ടും തമിഴ്നാട്ടിലേക്ക് കളംമാറ്റി. എന്നാൽ മംഗലാപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളിൽ ലഹരി ഇടപാട് തുടർന്നു. ആലപ്പുഴയിൽ പിടികൂടിയ കഞ്ചാവ് മുപ്പത് ലക്ഷം രൂപയ്ക്ക് കോഴിക്കോട് സ്വദേശിയാണ് കൈമാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |