മദ്യപാനമടക്കം ലഹരി ഉപയോഗം ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപേ മനുഷ്യർ ശീലിച്ച ഒന്നാണ്. പഴങ്ങളും ധാന്യങ്ങളും കൊണ്ടുള്ളവ മുതൽ സിന്തറ്റിക് ലഹരി വരെ ഉപയോഗിച്ച് മനുഷ്യർ സൃഷ്‌ടിക്കുന്ന കുഴപ്പങ്ങൾ വാർത്തയാകാത്ത ദിവസങ്ങളില്ല. ഇതിനിടെ മറ്റൊരു കൗതുകകരമായ കാര്യം ശാസ്‌ത്രലോകം ചൂണ്ടിക്കാണിക്കുന്നുണ്ട്. മനുഷ്യർക്ക് മാത്രമല്ല ജന്തുക്കൾക്കും ലഹരി ഉപയോഗിക്കുന്ന ശീലമുണ്ട്. ഒപ്പം ജീവിക്കുന്ന മറ്റ് ജീവികളുടെ പ്രതിരോധ മാർഗങ്ങൾ മുതൽ ചെടികളും കായ്‌കളും വരെ അത്തരത്തിൽ അവ ലഹരിക്കായി ഉപയോഗിക്കും. നമ്മൾ പാവങ്ങളെന്ന് കരുതിപ്പോരുന്ന ജീവികൾ പോലും ലഹരിക്ക് ഇത്തരത്തിൽ അടിമകളാണെന്ന് അറിയുമ്പോൾ ഞെട്ടലും അമ്പരപ്പുമൊക്കെ ഉണ്ടായേക്കാം.
വിഷത്തവളകൾ കഴിഞ്ഞാൽ ലോകത്തിലേറ്റവും മാരകമായ വിഷമുള്ള ജീവിയാണ് വുകമീൻ അഥവാ പഫർ ഫിഷ്. ശത്രുക്കളുടെ ശല്യമുണ്ടാകുമെന്ന് ഭയം തോന്നിയാൽ ഇവ കാറ്റ് നിറച്ച ബലൂൺ പോലെ വീർത്തുതുടങ്ങും. സാധാരണ കടലിലും അഴിമുഖത്തും കണ്ടുവരുന്ന ഇവ ഇങ്ങനെ വീർക്കുമ്പോൾ ഇവയുടെ ശരീരം മാരകശക്തിയുള്ള ന്യൂറോടോക്‌സിൻ പുറപ്പെടുവിക്കും ഇതോടെ ശത്രുക്കൾ പിൻവാങ്ങുകയാണ് പതിവ്.
എന്നാൽ മനുഷ്യരെപ്പോലെ ഏറെ ബുദ്ധിമാന്മാരായ ഡോൾഫിനുകൾ ഈ പഫർഫിഷുകളെ ഉപയോഗിച്ച് ലഹരി കണ്ടെത്താറുണ്ട്. പഫർ ഫിഷുകളെ കണ്ടാൽ ഡോൾഫിനുകൾ വെറുതെവിടില്ല. അവയെ കടിച്ചുപിടിച്ച് നീന്തും. ഇതോടെ പഫർ ഫിഷുകൾ ന്യൂറോടോക്‌സിൻ ഉൽപാദിപ്പിക്കും. ഇത് രുചിക്കുന്ന ഡോൾഫിനുകൾക്ക് ലഹരി ലഭിക്കുകയും ചെയ്യും. ശേഷം ഇത്തരത്തിൽ ലഹരി ലഭിക്കുന്ന ഡോൾഫിൻ ഇവയെ മറ്റ് ഡോൾഫിനുകൾക്ക് നൽകും. ഒരിക്കൽപ്പോലും കൊടുംവിഷം ഉള്ളിൽച്ചെന്ന് ഡോൾഫിനുകൾക്ക് അപകടം സംഭവിക്കുകയുമില്ല.
തുമ്പയും തുളസിയും തേക്ക് മരവുമെല്ലാം ഉൾപ്പെടുന്ന സസ്യവിഭാഗമാണ് ലാമിയേസി. ഈ വിഭാഗത്തിൽപ്പെട്ട കാറ്റ്‌നിപ്പ് എന്ന ചെടിയും പൂച്ചകളും തമ്മിൽ ചില ബന്ധമുണ്ട്. സുഖമില്ലാത്ത അവസ്ഥയിൽ പൂച്ചകൾ പുല്ല് തിന്നുമെന്ന് പറയാറുണ്ട്. ഇത്തരത്തിൽ പുല്ലുകൾ തിന്നുന്ന കൂട്ടത്തിൽ കാറ്റ്നിപ്പിന്റെ പൂക്കളോ മറ്റോ രുചിച്ചാൽ ചിലസമയം പൂച്ചകളും ലഹരിബാധിച്ചതുപോലെ പെരുമാറാറുണ്ടെന്ന് പറയപ്പെടുന്നു.
കാനഡയിലെ പാറകൾ നിറഞ്ഞ ഭൂപ്രകൃതിയിൽ കഴിയുന്ന വമ്പൻ കൊമ്പുകളുള്ള ആടുകളാണ് ബിഗ് ഹോൺഡ് ഷീപ്പ്. ഇവയ്‌ക്ക് പാറയിൽ പറ്റിപ്പിടിച്ച് വളരുന്ന കൽപായലുകൾ അഥവാ ലൈക്കനുകളോടുള്ള ഇഷ്‌ടവും ഇത്തരത്തിൽ ശ്രദ്ധേയമാണ്. ഈ കൽപ്പായലുകൾ ചെങ്കുത്തായ പാറകളിലെല്ലാമാണ് വളരുന്നത്. ഇവ ശാപ്പിടാനായി ഈ ആടുകൾ എത്ര ചെങ്കുത്തായ പാറയും കയറും. കൽപായലുകൾ കണ്ടാൽ കൊതിയോടെ ഇവ മുൻനിരയിലെ പല്ലുകൾ കൊണ്ട് അവ അടർത്തി ശാപ്പിടും. ശേഷം വിചിത്രമായ സ്വഭാവരീതികൾ ഇവ പ്രദർശിപ്പിക്കുമെന്നാണ് ശാസ്‌ത്രലോകം കണ്ടെത്തിയത്. ഇത് ലഹരി ആസ്വദിച്ച ശേഷമുള്ള പ്രവർത്തിയാണ്.
വാലബി എന്ന സഞ്ചിമൃഗം ഓസ്‌ട്രേലിയയിൽ കാണപ്പെടുന്നവയാണ്. കംഗാരുക്കളെക്കാൾ അൽപം ചെറുതാണ് ഇവ. വാലബികൾക്കും ലഹരി നുണയാൻ ഇഷ്‌ടമാണ്. ഓപ്പിയം അഥവാ കറുപ്പ് കൃഷിചെയ്യുന്നയിടങ്ങളിലെത്തുന്ന ഇവ അവ ഭക്ഷിച്ച ശേഷം ലഹരികൊണ്ട് തലകറങ്ങി വീണ് മയങ്ങുന്നത് ഇവിടെ പതിവ് കാഴ്‌ചയായിട്ടുണ്ട്. ഇവയുടെ ലഹരി ഇഷ്ടമായതിനാൽ ഓരോ തവണയും കൃത്യമായ ഇടവേളകളിൽ വാലബികൾ കൃഷി ചെയ്യുന്നയിടത്തെത്തി ഇവ അകത്താക്കും.
മദ്യത്തിലെ പ്രധാന ഘടകമായ എഥനോൾ അഥവാ ഈഥൈൽ ആൽക്കഹോൾ മനുഷ്യരെ പോലെ അകത്താക്കുന്ന ഒരു ജീവിയുണ്ട്. പൂക്കളിൽ നിന്നും തേനുണ്ണുന്ന തേനീച്ചകളാണിവ. അവസരം കിട്ടിയാൽ ഇവ എഥനോൾ കുടിച്ചുതീർക്കുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. മനുഷ്യർ മാത്രമല്ല മൃഗങ്ങളും തക്കം കിട്ടിയാൽ ലഹരി ഉപയോഗിക്കാൻ ശ്രമിക്കുമെന്ന് ഇനിയും ഉദാഹരണങ്ങൾ ജന്തുലോകത്ത് നിന്നും നമുക്ക് ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |