തിരുവനന്തപുരം: പട്ടിക വിഭാഗക്കാർക്ക് ഡിവൈ.എസ്.പി റാങ്കിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റിന് ഉത്തരവിറക്കി സർക്കാർ. നിയമന രീതി, യോഗ്യതകൾ, സേവന വ്യവസ്ഥകൾ എന്നിവ വിശദീകരിച്ചാണ് ഉത്തരവ്. പൊലീസിൽ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണിത്.
പി.എസ്.സി വഴി നേരിട്ടുള്ള റിക്രൂട്ട്മെന്റാണ്. ബിരുദമാണ് യോഗ്യത. പ്രായപരിധി 36വയസ്. ശാരീരിക ക്ഷമതാ പരീക്ഷയിൽ 'വൺ സ്റ്റാർ' നിലവാരത്തിലുള്ള എട്ട് ഇനങ്ങളിൽ അഞ്ചെണ്ണത്തിലെങ്കിലും യോഗ്യത നേടണം. പുരുഷന്മാർക്കും സ്ത്രീകൾക്കും വ്യത്യസ്ത ഇനങ്ങളാണ്. ട്രെയിനിയായാണ് ആദ്യ നിയമനം. ഒരു വർഷം അടിസ്ഥാന പരിശീലനവും ഒരു വർഷം പ്രായോഗിക പരിശീലനവും പൂർത്തിയാക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർ പരിശീലന ശേഷം അഞ്ച് വർഷത്തേക്ക് പൊലീസിൽ സേവനം ചെയ്യാനുള്ള ബോണ്ട് ഒപ്പിടണം. ഇതിൽ വീഴ്ച വരുത്തിയാൽ ഒരു ലക്ഷം രൂപ പിഴ നൽകണം. നിയമനം ലഭിക്കുന്നവർ മൂന്ന് വർഷത്തെ തുടർച്ചയായ സേവന കാലയളവിനുള്ളിൽ രണ്ട് വർഷത്തെ പ്രൊബേഷൻ പൂർത്തിയാക്കണം.
ഐ.പി.എസ് തലത്തിൽ അഴിച്ചുപണി
തിരുവനന്തപുരം:ഐ.പി.എസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി സർക്കാർ ഉത്തരവിറക്കി.ക്രൈംബ്രാഞ്ച് എസ്.പി ജെ.ഹിമേന്ദ്രനാഥിനെ ടെലികോം എസ്.പിയാക്കി. എറണാകുളം ക്രൈംബ്രാഞ്ചിലെ വി.യു.കുര്യാക്കോസിനെ എറണാകുളം റേഞ്ച് സ്പെഷ്യൽ ബ്രാഞ്ച് എസ്.പിയാക്കി. വിജിലൻസ് എസ്.പിയായിരുന്ന പി.എ. മുഹമ്മദ് ആരിഫിനെ പൊലീസ് അക്കാഡമിയിൽ അസി.ഡയറക്ടറാക്കിയും കെ.സലിമിനെ എം.എസ്.പി കമൻഡാന്റാക്കിയും നിയമിച്ചു.കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.പി കെ.കെ.മൊയ്തീൻ കുട്ടിയെ പൊലീസ് അക്കാഡമിയിൽ അസി.ഡയറക്ടറാക്കി.എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി എം.ജെ സോജനെ എറണാകുളം വിജിലൻസ് സ്പെഷ്യൽ സെല്ലിൽ നിയമിച്ചു.
തത്കാൽ ബുക്കിംഗിന് ആധാർ നിർബന്ധമാക്കും
തിരുവനന്തപുരം:തത്ക്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗിന് ആധാർ ഇ-വേരിഫിക്കേഷൻ നിർബന്ധമാക്കും.ഈ മാസം അവസാനത്തോടെ നിലവിൽ വരും.തത്ക്കാൽ ടിക്കറ്റുകളുടെ ദുരുപയോഗവും പൂഴ്ത്തിവെപ്പും തടയുകയാണ് ലക്ഷ്യം.തത്ക്കാൽ ടിക്കറ്റ് ബുക്കിംഗ് സമയത്ത് യാത്രക്കാരുടെ ആധാർ കാർഡ് നമ്പർ ഡിജിറ്റലായി പരിശോധിച്ച് ഉറപ്പുവരുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |