
തിരുവനന്തപുരം: ബൂത്തുകളിൽ ഉത്സവപ്രതീതിയുണ്ടാക്കി പരമാവധി വോട്ടർമാരെ ആകർഷിക്കാനൊരുങ്ങി ഇലക്ഷൻ കമ്മിഷൻ. 85 ശതമാനം പോളിംഗാണ് ലക്ഷ്യം. എസ്.ഐ.ആറിലൂടെ വോട്ടർപട്ടിക പരമാവധി ശുദ്ധിയാക്കിയതും എല്ലാവർക്കും വോട്ടർ തിരിച്ചറിയൽ കാർഡുകൾ നൽകിയതും അർഹരായ എല്ലാവരേയും വോട്ടർപ്പട്ടികയിൽ ഉൾപ്പെടുത്തിയതും വഴി വോട്ടെടുപ്പിൽ സർവകാല റെക്കോഡ് നേടുമെന്നാണ് പ്രതീക്ഷ.
പ്രാദേശികമായി ലഭ്യമായ വസ്‌തുക്കളുപയോഗിച്ച് പോളിംഗ് ബൂത്തുകൾ അലങ്കരിക്കാൻ ഇലക്ഷൻ കമ്മിഷൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനു പണവും അനുവദിച്ചു. കൂടാതെ പോളിംഗ് സ്റ്റേഷനുകളിൽ 100 ശതമാനം വെബ് കാസ്റ്റിംഗ് നടത്തും. വോട്ടർമാർക്ക് വിശ്രമിക്കാൻ പന്തൽ, കുടിവെള്ളം, ഫാൻ, ക്യൂ ഒഴിവാക്കാൻ സംവിധാനം, വൃദ്ധർക്ക് ഇരിക്കാൻ കസേര എന്നിവയുമൊരുക്കും. മൊബൈൽ ഫോൺ സൂക്ഷിക്കാൻ പ്രത്യേക സ്ഥലവും സജ്ജമാക്കും.
ഭിന്നശേഷി വോട്ടർമാർക്കും മുതിർന്ന പൗരന്മാർക്കും വോട്ടെടുപ്പ് ദിവസം പോളിംഗ് ബൂത്തുകളിൽ മുൻഗണന നൽകും. ബൂത്തുകളിൽ റാമ്പുകളും വീൽചെയറുകളും സജ്ജീകരിക്കും. കാഴ്ച പരിമിതിയുള്ളവർക്കായി ബ്രെയിൽ ലിപി സൗകര്യമുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ, സഹായത്തിനായി പ്രത്യേക വോളന്റിയർമാർ, ആവശ്യമായ ഇടങ്ങളിൽ ആംഗ്യഭാഷാ സഹായം എന്നിവയും ലഭ്യമാക്കും. ഭിന്നശേഷിക്കാരെ പോളിംഗ് കേന്ദ്രങ്ങളിലെത്തിക്കാൻ യാത്രാസൗകര്യം ലഭ്യമാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
വോട്ടെടുപ്പ് പരമാവധി പ്രചരിപ്പിക്കാനും കൂടുതൽ പേരെ പങ്കാളികളാക്കാനും നിയോജകമണ്ഡലങ്ങളിൽ ഇന്ന് വിളംബര ജാഥകൾ നടത്തും. ജില്ലാകേന്ദ്രങ്ങളിൽ 'മൈവോട്ട്, മൈ പ്രൈഡ്" എന്ന മുദ്രാവാക്യമുയർത്തി കൂറ്റൻ ഇലുമിനേഷൻ മാർച്ചും നടത്തും.
ഇന്ന് മനുഷ്യ ശൃംഖല
ദീപം തെളിക്കൽ
വോട്ടർ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി ഇന്ന് വൈകിട്ട് 7ന് 140 മണ്ഡലങ്ങളിലും ഒരേ സമയം 'വോട്ട് ചെയ്യാൻ ഒന്നിക്കാം-എന്റെ വോട്ട് എന്റെ അഭിമാനം" എന്ന പേരിൽ മനുഷ്യശൃംഖലയും ദീപം തെളിക്കലും സംഘടിപ്പിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു ഖേൽക്കർ അറിയിച്ചു. ഒരു വലിയ ഷഡ്ഭുജ ആകൃതിയിൽ ആളുകൾ അണിനിരന്ന്, മധ്യഭാഗത്തായി 'മൈ വോട്ട് മൈ പ്രൈഡ് " എന്ന സന്ദേശം തെളിയിക്കും.ഒരേ സമയം 70,000 പേർ അണിനിരന്ന് മൊബൈൽ ഫോൺ ഫ്ളാഷ് ലൈറ്റ് തെളിയിച്ച് ലിംകാ ബുക്ക് ഒഫ് റെക്കാഡിൽ ഇടം പിടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |