
തൃശൂർ: 'പേടിക്കാതങ്ങട് ഡാൻസ് ചെയ്യ്‌ന്ന്... ഞാനിവിടെ കൂളാട്ട് നിക്കണത് കണണില്ലേ" മൂത്ത സഹോദരിമാരായ ജെനിഫറിനേയും എമിലിനേയും ഉഷാറായി പ്രോത്സാഹിപ്പിക്കുകയാണ് അഞ്ചാം ക്ലാസുകാരി മിഷേൽ. വടക്കുനാഥന്റെ തിരുനടയിൽ തലയെടുപ്പോടെ നിന്ന പറന്നൂർ നന്ദൻ എന്ന കൊമ്പന് മുന്നിലായിരുന്നു നൃത്തപ്രകടനം.
ആനയ്‌ക്ക് മുമ്പിൽ നൃത്തമാടിയാൽ ഏതാൾക്കൂട്ടത്തിനു നടുവിലും പേടിയില്ലാതെ ചുവടു തെറ്റില്ലെന്ന വിശ്വാസത്തിലാണ് പെൺകുട്ടികൾ. ഒമ്പതാം ക്ലാസുകാരി ജെനിഫറും സഹോദരി എട്ടാംക്ലാസുകാരി എമിലിയും തൃശൂർ സേക്രട്ട് ഹാർട്ട് സ്കൂളിലെ വിദ്യാർത്ഥികളാണ്. ഇരുവരും കലോത്സവത്തിനുള്ള തൃശൂർ ടീമിലെ സംഘനൃത്തത്തിലുമുണ്ട്. ജെനിഫർ നാടോടിനൃത്തത്തിലും മത്സരിക്കുന്നുണ്ട്.
അവസാനവട്ട പരിശീലനത്തിനൊപ്പം ടെൻഷൻ മാറ്റാനാണ് കൂട്ടുകാരികളായ ആരതിക്കും നിവേദ്യക്കും റോസലിനുമൊപ്പം വടക്കുനാഥ ക്ഷേത്രത്തിനു മുന്നിലെത്തിയത്. മിഷേലും കൂട്ടത്തിൽ കൂടുകയായിരുന്നു. ആനയ്‌ക്ക് മുന്നിൽ ഒരു മണിക്കൂർ നൃത്തം ചെയ്‌തു. നാടോടി നൃത്തവും സംഘ നൃത്തവുമാണ് കളിച്ചത്.
ആനയ്ക്കു മുന്നിലെ നൃത്തം കണ്ട് കാഴ്ചക്കാരും ചുറ്റും കൂടി. തുടർന്ന് കുട്ടികൾക്ക് വിജയാശംസകൾ ചൊരിഞ്ഞായിരുന്നു അവരുടെ മടക്കം. കുട്ടികളുടെ നൃത്തം ഇഷ്ടമായതുപോലെ ചെവിയാട്ടി കണ്ണടച്ചു തുറന്നു നിൽക്കുകയായിരുന്നു പറന്നൂർ നന്ദൻ.
സ്വർണക്കപ്പിൽ മുത്തം ആവർത്തിക്കാൻ ശക്തന്റെ മണ്ണ്
എട്ടു വർഷത്തിനുശേഷമാണ് തൃശൂർ 'കലയുടെ കുടമാറ്റ" ത്തിന് വേദിയാകുന്നത്. കഴിഞ്ഞ വർഷം മുത്തമിട്ട സ്വർണ്ണക്കപ്പ് നിലനിറുത്തുകയാണ് ആതിഥേയരുടെ ലക്ഷ്യം. ഇന്നലെ മുഴുവൻ പരിശീലനത്തിരക്കിലായിരുന്നു വിദ്യാർത്ഥികൾ. മറ്റുജില്ലക്കാർ പലരും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കുമൊപ്പമെത്തി താമസസ്ഥലങ്ങളിൽ അവസാനവട്ട പരിശീലനം നടത്തി. ശാസ്ത്രീയ നർത്തകരിൽ ചിലർ നഗരങ്ങളിലെ ക്ഷേത്രങ്ങളിൽ നൃത്തമാടി അനുഗ്രഹം തേടി. നാടകം, ഗോത്രകലകൾ തുടങ്ങിയവയുടെ പരിശീലനം സ്കൂളുകളിലും നടന്നു. ഇന്ന് രാവിലെ 10നു പാറമേക്കാവിന് എതിർവശത്ത് എക്സിബിഷൻ ഗ്രൗണ്ടിലെ ഒന്നാം വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യുന്നതോടെ അരങ്ങുണരും. തൃശൂരിന്റെ പൂരപ്രൗഢിയുടെ പ്രഖ്യാപനമെന്നോണം പാണ്ടിമേളവും കുടമാറ്റവും നടക്കും. 64-ാം കലോത്സവത്തെ സൂചിപ്പിച്ച് 64 കുട്ടികൾ കുടമാറ്റത്തിൽ അണിനിരക്കും.
♦ വേദികൾ 25
♦ മത്സര ഇനങ്ങൾ 249
♦ മാറ്റുരയ്ക്കുന്നവർ 15,000
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |