
ഹരിപ്പാട്: ആറുമാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ കൊലകൊമ്പൻ ആനയുടെ കൊമ്പിലിരുത്തി പാപ്പാനായ പിതാവിന്റെ തോന്ന്യാസം. കൊമ്പിൽ ചേർത്തിരുത്തവേ തലകീഴായി മറിഞ്ഞ് ആനയുടെ കാൽക്കീഴിൽ വീണ കുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മൂന്നുമാസം മുമ്പ് പാപ്പാനെ കുത്തിക്കൊന്ന ഹരിപ്പാട് ക്ഷേത്രത്തിലെ ആനയായ ഹരിപ്പാട് സ്കന്ദന് മുന്നിലേക്കാണ് താത്കാലിക പാപ്പാനായ കൊട്ടിയം സ്വദേശി അഭിലാഷ് തന്റെ കുഞ്ഞിനെ കൊടുത്തത്.
വീഴ്ചയിൽ ആനയുടെ കാലിലെ ചങ്ങലയിൽ കുഞ്ഞിന്റെ തലയിടിക്കുന്നതടക്കമുള്ള ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്. ഞായറാഴ്ച ഹരിപ്പാട് ക്ഷേത്രത്തോടു ചേർന്നുള്ള ദേവസ്വം ബോർഡിന്റെ ആനത്തറയിലാണ് സംഭവം. കുഞ്ഞിന്റെ ചോറൂണ് ചടങ്ങിനായാണ് അഭിലാഷ് കുട്ടിയുമായി ക്ഷേത്രത്തിലെത്തിയത്. ചടങ്ങിനുശേഷം കുട്ടിയെ ആനയ്ക്കരികിലെത്തിച്ചു. കുഞ്ഞിന്റെ പേടി മാറുമെന്ന വിശ്വാസത്തിൽ ആനയുടെ കാലുകൾക്കിടയിലൂടെ കൊണ്ടുപോയെന്നാണ് അഭിലാഷ് ക്ഷേത്രം ഭാരവാഹികളോട് പറഞ്ഞത്. തുടർന്ന് ആനക്കൊമ്പിലിരുത്തുന്നതിനിടെ കൈയിൽ നിന്ന് തെന്നിപ്പോയ കുഞ്ഞ് നിലത്തുവീണു. നാട്ടുകാരാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത്. സംഭവത്തെത്തുടർന്ന് അഭിലാഷിനെ ദേവസ്വം ബോർഡ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സംഭവസമയം അഭിലാഷ് മദ്യലഹരിയിലായിരുന്നെന്നാണ് വിവരം. അഭിലാഷിനെതിരെ കേസെടുക്കുന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് ഹരിപ്പാട് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |