അപേക്ഷകർ: 97,204
മെയിനിന് അർഹർ: 674
തിരുവനന്തപുരം: കെ.എ.എസ് (കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്) മുഖ്യ പരീക്ഷയെഴുതാനുള്ളവരുടെ എണ്ണം കുറയ്‌ക്കാൻ പ്രാഥമിക പരീക്ഷയുടെ കട്ട്ഓഫ് മാർക്ക് പി.എസ്.സി ഉയർത്തി. ഇതോടെ, റാങ്ക് ലിസ്റ്റിൽ എത്താമെന്ന നിരവധി ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷയാണ് തകർന്നത്.
ഇത്തവണ 97,204 അപേക്ഷകരാണ് പ്രാഥമിക പരീക്ഷ എഴുതിയത്. അവരിൽ 0.69% പേരെ മാത്രമേ അർഹത പട്ടികയിൽ ഉൾപ്പെടുത്തിയുള്ളൂ. വെറും 677 പേർ. രേഖാ പരിശോധനയിൽ മൂന്നു പേർ കൂടി പുറത്തായതോടെ എണ്ണം 674 ആയി. ആകെയുള്ള മൂന്ന് സ്ട്രീമിൽ ഗസറ്റഡ് ഉദ്യോഗസ്ഥർക്കുള്ള മൂന്നാം സ്ട്രീമിലാണ് മൂന്നു പേർ കുറഞ്ഞത്. പൊതു വിഭാഗത്തിനുള്ള ആദ്യ സ്ട്രീമിൽ 308 പേരും, ഗസറ്റഡ് അല്ലാത്ത സർക്കാർ ജീവനക്കാർക്കുള്ള രണ്ടാം സ്ട്രീമിൽ 211 പേരും മൂന്നാം സ്ട്രീമിൽ 155 പേരുമാണ് ഇനി മുഖ്യ പരീക്ഷയെഴുതുന്നത്. കഴിഞ്ഞ ജൂൺ 14നായിരുന്നു രണ്ട് പേപ്പർ അടങ്ങിയ പ്രാഥമിക പരീക്ഷ. കെ.എ.എസ് ആദ്യ തിരഞ്ഞെടുപ്പിന് തയ്യാറാക്കിയ പാഠ്യപദ്ധതിയാണ് ഇക്കുറിയും
പ്രാഥമിക, അന്തിമ പരീക്ഷകൾക്ക്. 100 മാർക്ക് വീതമുള്ള രണ്ട് പേപ്പറുകളിലായിരുന്നു പ്രാഥമിക പരീക്ഷ. എന്നാൽ, കട്ട്ഓഫ് മാർക്ക് ഉയർത്തിയതോടെ ഈ പരീക്ഷ ലക്ഷ്യമിട്ട് പഠിച്ച ഭൂരിപക്ഷം പേരും അനർഹരായി. പരീക്ഷയെഴുതിയവരിൽ ഒരു ശതമാനത്തിനു പോലും മുഖ്യപരീക്ഷയെഴുതാൻ അവസരം ലഭിച്ചില്ല.
കഴിഞ്ഞ കെ.എ.എസ് മുഖ്യ പരീക്ഷയ്ക്കുള്ള അർഹതപ്പട്ടികയിൽ സ്ട്രീം ഒന്നിൽ 2160 പേരെയും സ്ട്രീം രണ്ടിൽ 1048 പേരെയും സ്ട്രീം മൂന്നിൽ 773 പേരെയും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇക്കുറി മുഖ്യപരീക്ഷയ്‌ക്ക് എഴുന്നൂറ് പേർക്ക് പോലും അവസരം നൽകിയില്ല. ഒഴിവുകൾ റിപ്പോർട്ട് ചെയ്തതും, മുൻ വിജ്ഞാപനത്തെക്കാൾ ഇക്കുറി അപേക്ഷകരും കുറഞ്ഞതാണ് ലിസ്റ്റ് ചുരുക്കാൻ കാരണമെന്നാണ് പി.എസ്.സി പറയുന്നത്. കഴിഞ്ഞ ലിസ്റ്റിൽ നിന്നും 105 പേർക്ക് നിയമനം ലഭിച്ചപ്പോൾ, നിലവിൽ റിപ്പോർട്ട് ചെയ്ത ഒഴിവ് 40ൽ താഴെയാണ്.
ഒക്ടോബർ 17,18 തീയതികളിൽ നടക്കുന്ന വിവരണാത്മക രീതിയിലുള്ള മുഖ്യ പരീക്ഷയ്ക്ക് മൂന്ന് പേപ്പറുകളുണ്ട്. 17ന് രണ്ടു പരീക്ഷയും 18ന് ഒരു പരീക്ഷയും. ഓരോ പേപ്പറിനും പരമാവധി 100മാർക്ക്. രണ്ട് മണിക്കൂറാണ് പരീക്ഷാ സമയം.അതിൽ ഇന്റർവ്യൂ നടത്തി ഫെബ്രുവരി 16ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
സ്ട്രീം,മുഖ്യ പരീക്ഷ എഴുതുന്നവർ,
കട്ട്ഓഫ് മാർക്ക്
□സ്ട്രീം 1 --308 --116.76
□സ്ട്രീം 2 --211 ---102. 25
□സ്ട്രീം 3 --155 --82.22
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |