
പിരിച്ചുവിട്ട ശേഷം തിരിച്ചെടുത്ത പാർട്ടിക്കാരനായ അഭിലാഷ് ഡേവിഡാണ് ഷാഫി പറമ്പിൽ എം.പിയുടെ തലക്കടിച്ചത്. വഞ്ചിയൂരിലെ പാർട്ടിക്കാരനായ ഇയാളെ എങ്ങനെ പൊലീസിൽ തിരിച്ചെടുത്തെന്ന് സർക്കാർ വെളിപ്പെടുത്തണം. പേരാമ്പ്ര അക്രമത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. പിരിച്ചുവിട്ട പൊലീസ് ഉദോഗസ്ഥരുടെ എണ്ണത്തെ കുറിച്ച് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതും വിവരാവകാശ രേഖ പ്രകാരം പുറത്ത് വന്നതും രണ്ട് കണക്കാണ്. മുഖ്യമന്ത്രിയുടെ കണക്ക് 144 ഉം പോലീസ് ഹെഡ്ക്വാർട്ടേഴ്സിലെ കണക്ക് 14 ഉം ആകുന്നത് എങ്ങനെയാണ് 'നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി ഇതിന് മറുപടി പറയണം.
-വി.ഡി.സതീശൻ
പ്രതിപക്ഷ നേതാവ്
പിണറായി
വിദ്യാഭ്യാസത്തെ
കാവിവത്കരിക്കുന്നു
കേരളത്തിലെ വിദ്യാഭ്യാസത്തെ കാവിവത്കരിക്കുന്നതിനാണ് സി.പി.ഐയുടെ എതിർപ്പിനെ അവഗണിച്ച് പി.എം ശ്രീ പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ആടിനെ പച്ചില കാണിച്ച് കശാപ്പുകാരൻ അറവുശാലയിലേക്ക് നയിക്കുന്നത് പോലെയാണ് കേന്ദ്രഫണ്ട് കാട്ടിയുള്ള പ്രലോഭനം. കേരളത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തെ ആർ.എസ്.എസിന്റെ തൊഴുത്തിൽ കെട്ടാനാണ് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ശ്രമിക്കുന്നത്. ഭാവി തലമുറയോടുള്ള അനീതിയാണിത്.
-എം.എം ഹസൻ, മുൻ
കെ.പി.സി.സി പ്രസിഡന്റ്
ദളിത് സമൂഹത്തെ
അവഹേളിച്ചു
മുൻ രാഷ്ട്രപതി കെ.ആർ.നാരായണന്റെ പ്രതിമ അനാച്ഛാദന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വിട്ടുനിന്നത് ദളിത് സമൂഹത്തോടുള്ള അവഹേളനമാണ്. രാഷ്ട്രപതിയുടെ കേരള സന്ദർശനം മുൻകൂട്ടി തീരുമാനിച്ചതിനാൽ വിദേശയാത്രയുടെ സമയം മാറ്റാൻ മുഖ്യമന്ത്രിക്ക് സാധിക്കുമായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തിരുവനന്തപുരത്ത് ഉണ്ടായിട്ടും പങ്കെടുക്കാതിരുന്നത് ബോധപൂർവാണ്. ഇരുവരുടെയും അസാന്നിദ്ധ്യം രാഷ്ട്രപതിയോടുള്ള അനാദരവാണ്. ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിലെ ഗൂഢാലോചനയിൽ നിലവിലെ ദേവസ്വം ബോർഡും പങ്കാളികളാണെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലൂടെ വ്യക്തമായി.
-വി. മുരളീധരൻ,
മുൻ കേന്ദ്രമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |