
കൽപ്പറ്റ: വയനാട് ശ്രീനിവാസന് എന്നും ഹരമായിരുന്നു. വയനാട്ടിലെ കൃഷിയെയും കൃഷിക്കാരെയും പഠിക്കാനായി അദ്ദേഹം പലതവണ ചുരം കയറി. ഒടുവിൽ വയനാട്ടിലടക്കം ജൈവകൃഷിയും തുടങ്ങി. വൻ വിജയവുമാക്കി.
വയനാട് ഒരു കാലത്ത് ആത്മഹത്യയുടെ നാടായിരുന്നു. വിളയും വിലയും ഇല്ലാതെ കർഷകർ ഒരു മുഴം കയറിൽ, അല്ലെങ്കിൽ വിഷക്കുപ്പിയിൽ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ അദ്ദേഹം വാചാലനായി. കർഷകരെ എല്ലാവരും കൂടി ചതിക്കുകയാണ്. വയനാടിന്റെ അതിർത്തി പ്രദേശമായ കർണ്ണാടകയിലെ ഗുണ്ടൽപ്പേട്ടിലാണ് ഏറ്റവും കൂടുതൽ കൃഷിയുള്ളത്. ഇവിടെ സർക്കാർ ഭൂമി പാട്ടത്തിനെടുത്ത് കർഷകർ തക്കാളി കൃഷി ചെയ്തു. നല്ല വിളവ് ലഭിച്ചു. അപ്പോഴാണ് തക്കാളിയുടെ സംഭരണവില പത്ത് ശതമാനമാക്കി കുത്തകക്കച്ചവടക്കാർ കുറച്ചത്. ചെറിയ വിലയ്ക്ക് തക്കാളി കരസ്ഥമാക്കാം എന്നാണ് കരുതിയത്. പക്ഷെ കർഷകർ അഭിമാനികളാണ്. ചോരനീരാക്കി വിളവെടുത്ത ലക്ഷക്കണക്കിന് രൂപയുടെ തക്കാളി അവർ നടുറോഡിലിട്ട് ചവിട്ടി മെതിച്ചു. ഹൃദയമില്ലാത്ത കച്ചവടക്കാരെക്കൊണ്ട് നിറഞ്ഞതാണ് നമ്മുടെ മാർക്കറ്റും, കർഷകർ ആത്മഹത്യ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ- അദ്ദേഹം പറഞ്ഞു.
ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കാനായി താരജാഡയില്ലാതെ അദ്ദേഹം പാടത്തിറങ്ങി. വയനാട്ടിലും, ഇടുക്കിയിലും, തൃശ്ശൂരും, എറണാകുളത്തും കൃഷിയിറക്കി. വിഷരഹിത പച്ചക്കറിയും നെല്ലും ശ്രീനിഫാംസ് എന്ന പേരിൽ വിപണനം ചെയ്തു. വിനീതിനെയും ധ്യാനിനെയും ജൈവകൃഷിയിലേക്കിറക്കി.
ജൈവ കൃഷിക്കിറങ്ങിയതിന് ഒട്ടേറെ ആക്ഷേപം കേൾക്കേണ്ടിവന്നിട്ടുമുണ്ട് ശ്രീനിവാസന്. സിനിമയിൽ നിന്ന് ഉണ്ടാക്കിയ കള്ളപ്പണം വെളുപ്പിക്കാനാണ് ജൈവകൃഷിയെന്ന് ചിലർ പറഞ്ഞുനടന്നു. പേരെടുക്കാനെന്നായിരുന്നു ചിലരുടെ പക്ഷം.
ജൈവ കൃഷിയെക്കുറിച്ച് സർക്കാരിനുപോലും ഇരട്ടത്താപ്പാണെന്നും തുറന്നുപറഞ്ഞു. കൃഷിഭവനിലൂടെ ജൈവവളമാണെന്നുപറഞ്ഞ് ചാക്കിൽ രാസവളം നൽകി കർഷകനെ പറ്റിച്ച കഥയും ഒരിക്കൽ ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |