കൊല്ലം: പരവൂരിലെ ബ്യൂട്ടി പാർലർ ഉദ്ഘാടനം ചെയ്യാൻ ഒരു 'നാടനെ" തേടുകയായിരുന്നു ക്യാമറാമാൻ സാജിദ്. ഇതിനിടെയാണ് ആക്രി പെറുക്കി നടക്കുന്ന സലാമിനെ (65) കണ്ടത്. നീണ്ട താടി, വെട്ടിയൊതുക്കിയ മുടി, മുഷിഞ്ഞ വസ്ത്രങ്ങൾ. ഒന്നു മിനുക്കിയെടുത്താൽ ബ്യൂട്ടിപാർലർ ഉദ്ഘാടനത്തിന് ഇയാൾ മതിയാവും! സാജിദ് മനസ്സിലെഴുതി. അതേ,മേക്ക് ഓവർ എന്ന് ന്യൂജെൻ പറയുന്ന വിദ്യതന്നെ. പരവൂരിലെ ബ്രൈഡൽ സ്റ്റുഡിയോയിലെ മേക്കപ്പിൽ ആളങ്ങു മാറി, ബ്യൂട്ടി പാർലർ ഉദ്ഘാടനം കഴിഞ്ഞതോടെ കഥയും മാറി. ജൂവലറി ഉദ്ഘാടകനായി. സലാമിന്റെ ഫാഷൻ വീഡിയോകൾ ഇൻസ്റ്റഗ്രാമിൽ വൈറലായി. തിരുവനന്തപുരത്ത് ലുലു ഫാഷൻ വീക്കിന്റെ റാമ്പിലെ വെള്ളിവെളിച്ചത്തിൽ ആക്രി സലാം മിന്നും താരമായി.
കൊല്ലം മയ്യനാട് ധവളക്കുഴി സ്വദേശിയാണ് അബ്ദുൾ സലാം. മരുമകനൊപ്പം പരവൂർ മഞ്ചാടിമുക്കിൽ ആക്രിക്കച്ചവടം. സലാമിനെ മോഡലാക്കിയ സാജിദ്, അയാൾ ആക്രി പെറുക്കുന്ന സ്ഥലങ്ങളിലൊക്കെ ഒന്നരമാസത്തോളം പിന്തുടർന്ന് ചിത്രങ്ങളെടുത്തു. ഒരുനാൾ ആക്രിശേഖരണം കഴിഞ്ഞ് സലാം വരുമ്പോൾ സാജിദ് പരിചയപ്പെട്ടു. ആവശ്യം അറിയിച്ചു. താടി കുറച്ചുകൂടി വളർന്നപ്പോഴാണ് സ്റ്റുഡിയോയിലേക്ക് വിളിച്ചത്. സ്യൂട്ട് അണിയിച്ച് പരവൂരും കാപ്പിലുമായി നടത്തിയ ഫോട്ടോ ഷൂട്ട്, റീലുകളാക്കി ഇൻസ്റ്റഗ്രാമിലിട്ടു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ വീഡിയോ ട്രെൻഡിംഗായി. വീഡിയോ ലുലു ഫാഷൻവീക്ക് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു. ഇവർ സാജിദിനെ ബന്ധപ്പെടുകയും സലാമുമായി കൊച്ചിയിലെത്താൻ നിർദ്ദേശിക്കുകയുമായിരുന്നു.
വിവിധ പ്രായത്തിലുള്ള ആറ് സ്ത്രീകൾ ഉൾപ്പെടെ 22 പേരാണ് 17ന് തിരുവനന്തപുരത്തെത്തിയത്. പരിശീലനശേഷം 18ന് ഇവർ റാമ്പിൽ നടന്നു. ഈ വീഡിയോയും വൈറലായി. ഇപ്പോൾ മഞ്ചാടിമുക്കിലെ കടയിലെത്തിയും ആക്രിശേഖരിക്കാൻ പോകുന്ന വഴിയിലും സലാമിനൊപ്പം സെൽഫിയെടുക്കുന്നവരുടെ തിരക്കാണ്.
ഉള്ളിലുണ്ട് സിനിമാമോഹം
മയ്യനാട്ടെ വീട്ടിൽ നിന്ന് രാവിലെ 5ന് ഇറങ്ങുന്ന സലാം നേരേ റെയിൽവേ സ്റ്റേഷനിലെത്തും. അവിടെനിന്ന് 7ന് ട്രെയിനിൽ പരവൂരിലെ കടയിലേക്ക്. ആക്രി ശേഖരണത്തിനു ശേഷം ഉച്ചയോടെ തിരിച്ചെത്തും. എട്ടാം ക്ലാസാണ് വിദ്യാഭ്യാസം. മമ്മൂട്ടി, മോഹൻലാൽ മുതൽ ദുൽഖറും പൃഥ്വിരാജുംവരെ സലാമിന്റെ ആരാധനാപാത്രങ്ങളാണ്. സിനിമയിൽ അഭിനയിക്കണമെന്നാണ് ആഗ്രഹം. ഭാര്യയും രണ്ട് മക്കളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |