
കൊച്ചി: സംസ്ഥാന പിന്നാക്ക ക്ഷേമവകുപ്പ് ശക്തിപ്പെടുത്താനായി 20 തസ്തികകൾ കൂടി സൃഷ്ടിക്കാനുള്ള ഫയലിന് മുഖ്യമന്ത്രിയുടെ ഓഫീസിലും മേൽഗതിയില്ല. 2021 ഒക്ടോബർ 9ന് തുറന്ന BCDD-A1/345/2021-BCDD നമ്പർ ഫയലിന് അഞ്ചു വർഷമായി വിവിധ വകുപ്പുകൾ കയറിയിറങ്ങാനാണ് യോഗം. ഇനി ഈ മന്ത്രിസഭയുടെ കാലത്ത് മോക്ഷം കിട്ടാനിടയില്ല.
ജനുവരി മുതൽ മാർച്ച് 2 വരെയുള്ള 9 മന്ത്രിസഭാ യോഗങ്ങളിൽ മറ്റു വകുപ്പുകളിലെ 491 തസ്തികകൾക്ക് അംഗീകാരം
നൽകിയിട്ടും 950 കോടി വാർഷിക പദ്ധതിയുള്ള പിന്നാക്ക വകുപ്പിനോട് ചിറ്റമ്മ നയമാണ്.നാലു മാസം വകുപ്പ് മന്ത്രി ഒ.ആർ. കേളുവിന്റെ ഓഫീസിൽ ഉറക്കമായിരുന്ന ഫയൽ കേരളകൗമുദി വാർത്തയെ തുടർന്നാണ് ഫെബ്രുവരി 3ന് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. ഒരു മാസമായിട്ടും ഫയൽ മുഖ്യമന്ത്രി കണ്ടിട്ടില്ല. മുഖ്യമന്ത്രിയുടെ ഒപ്പു വീണാൽ മന്ത്രിസഭാ യോഗത്തിലെത്തും. ഉദ്യോഗസ്ഥ, മന്ത്രിതലങ്ങളിൽ 306 തവണ കയറിയിറങ്ങിയതാണ്..
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന്റെ തന്നെ കീഴിലുള്ള ഭരണപരിഷ്കാര വകുപ്പ് വർക്ക് സ്റ്റഡി നടത്തി റിപ്പോർട്ട് ചെയ്തതാണ് ഫയൽ. 103 പുതിയ തസ്തികകളും 10 ജില്ലാ ഓഫീസുകളും സൃഷ്ടിക്കണമെന്ന ശുപാർശയിൽ 20
തസ്തികയ്ക്ക് മാത്രമാണ് അംഗീകാരം . ഇതിൽ 14 എണ്ണവും ക്ളറിക്കൽ പോസ്റ്റാണ്. ജില്ലയിൽ ഒരു ക്ളാർക്ക്
പോലുമില്ലാത്തതാണ് 2011ൽ ആരംഭിച്ച പിന്നാക്ക ക്ഷേമ വകുപ്പ്.
ജനുവരി മുതൽ മന്ത്രിസഭ
അംഗീകരിച്ച തസ്തികകൾ
ജനുവരി 7 : 20 -പൊലീസ്
ജനുവരി 14 : 48 - ഉന്നതവിദ്യാഭ്യാസം
ജനുവരി 21 : 20 - ഉന്നതവിദ്യാഭ്യാസം
ഫെബ്രു. 4 : 37 - ആയുർവേദം, ഡ്രഗ് കൺട്രോൾ
ഫെബ്രു. 18 : 49 - പൊലീസ്, ഫയർ
ഫെബ്രു. 20 : 69 - കണ്ണൂർ ആയുർവേദ ഗവേഷണ കേന്ദ്രം
ഫെബ്രു. 24 : 97 -ആരോഗ്യം, ഓഡിറ്റ്
ഫെബ്രു. 28 : 52 - പൊലീസ്
മാർച്ച് 2 : 99 - റവന്യൂ, ആരോഗ്യം, ദേവസ്വം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |