SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.48 PM IST

'ആന്റോ ആന്റണി രണ്ടുകോടി വാങ്ങി, തിരിച്ചുതന്നത് ഇരുപതുലക്ഷം മാത്രം'; ആരോപണവുമായി എൻ എം രാജു

Increase Font Size Decrease Font Size Print Page

raju

കൊച്ചി: ശബരിമല തന്ത്രി കണ്ഠരര് രാജീവര് തന്റെ സ്ഥാപനത്തിൽ രണ്ടരക്കോടി നിക്ഷേപിച്ചുവെന്നത് വെറും ആരോപണം മാത്രമമാണെന്നും തന്ത്രിയെയോ കുടുംബത്തെയോ കണ്ടിട്ടില്ലെന്നും നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമയും കേരള കോൺഗ്രസ് (എം) നേതാവുമായ എൻ എം രാജു. സ്ഥാപനത്തിലും വീട്ടിലും റെയ്ഡ് നടത്തിയ ഇഡിയോട് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.


പത്തനംതിട്ട എം പി ആന്റോ ആന്റണിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവും എൻ എം രാജു ഉയർത്തി.തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി രണ്ടുമാസത്തിനകം തരാമെന്ന ഉറപ്പിൽ ആന്റോ ആന്റണി രണ്ടുകോടി രൂപ വാങ്ങിയെന്നും എന്നാൽ ഏഴുവർഷം കഴിഞ്ഞിട്ടും അതിൽ 20 ലക്ഷം മാത്രമാണ് തന്നതെന്നുമാണ് അദ്ദേഹം ആരോപിച്ചത്.

'2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കാലത്ത് ആന്റോ ആന്റണിയും ഭാര്യയും പണമാവശ്യപ്പെട്ട് ഓഫീസിലും വീട്ടിലും പലതവണ വന്നിരുന്നു. തുടർന്നാണ് പ്രചാരണാവശ്യങ്ങൾക്കായി രണ്ടുകാേടി പലിശയ്ക്ക് നൽകിയത്. രണ്ടുമാസത്തിനകം തിരികെ നൽകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഏഴുവർഷം കഴിഞ്ഞിട്ടും പണം മുഴുവൻ നൽകിയിട്ടില്ല. ഈടൊന്നും നൽകാതെയാണ് പണം നൽകിയത്. വ്യക്തിപരമായ ബന്ധത്തിന്റെ പുറത്തായിരുന്നു ഓഫീസിലെ അക്കൗണ്ട് വഴി ഈ പണം നൽകിയത്. നിക്ഷേപകരുടെ പണമാണ് നൽകിയത്. ഈ വിവരങ്ങൾ ഇ ഡിയെയും ക്രൈംബ്രാഞ്ചിനെയും അറിയിച്ചു. തന്റെ സ്ഥാപനം വലിയ പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ മകൾ ഉൾപ്പെടെ എം പിയുടെ വീട്ടിൽചെന്ന് പണം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നൽകാൻ തയ്യാറായില്ല. ആയിരം തവണയെങ്കിലും പണത്തിനായി അദ്ദേഹത്തെ സമീപിച്ചിട്ടുണ്ട്'- രാജു ആരോപിച്ചു.പണം തിരികെ ലഭിക്കണമെന്ന ആഗ്രഹം ഉള്ളതുകൊണ്ടാണ് ഇതുവരെ പൊലീസിൽ പരാതി നൽകാതിരുന്നതെന്നും ഇപ്പോൾ ഈ വിഷയം പരസ്യമാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ഫിനാൻസ് സ്ഥാപനത്തിന്റെ ഉടമയാണ് എൻ എം രാജു. തന്ത്രി കണ്ഠരര് രാജീവര് സ്ഥാപനത്തിൽ കോടികൾ നിക്ഷേപിച്ചെന്നും ബാങ്ക് തകർന്ന് പണം കിട്ടാതായിട്ടും തന്ത്രി കേസുകൊടുത്തില്ലെന്നുമായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. കഴിഞ്ഞദിവസം അന്വേഷണത്തിന്റെ ഭാഗമായി ഇ ഡി ബാങ്കിലും രാജുവിന്റെ വീട്ടിലും പരിശോധന നടത്തിയിരുന്നു. നിക്ഷേപ തട്ടിപ്പിൽ രണ്ടുവർഷമായി ഇ ഡി അന്വേഷണം നേരിടുന്ന സ്ഥാപനമാണ് നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ്. സ്ഥാപനത്തിന്റെ 44 കോടിവരുന്ന സ്വത്തുക്കൾ മരവിപ്പിച്ചിട്ടുണ്ട്.

TAGS: RAJU, ANTONY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY