SignIn
Kerala Kaumudi Online
Saturday, 25 April 2026 8.20 PM IST

ഇൻഫോസിസിലെ ജോലി വേണ്ടെന്ന് വച്ച് ഹോബിക്ക് പിന്നാലെ; ഹാൻഡ് എംബ്രോയിഡറിയിലൂടെ ലക്ഷ്‌മി നേടുന്നത് വൻ വരുമാനം

Increase Font Size Decrease Font Size Print Page

lakshmi

ജീവിക്കാൻ പണം അത്യാവശ്യമാണ്. അതിനായി മാന്യമായ എന്ത് ജോലിയും ചെയ്യാം. എന്നിരുന്നാലും വൈറ്റ് കോളർ ജോലികൾക്ക് കൂടുതൽ പ്രാധാന്യവും ബഹുമാനവും നൽകിയിരുന്ന സമൂഹമായിരുന്നു കേരളത്തിലുണ്ടായിരുന്നത്. എന്നാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്ഥിതി അതല്ല. മനുഷ്യർ മാറി ചിന്തിക്കാൻ തുടങ്ങി. ഓരോ ജോലിയും ബഹുമാനമർഹിക്കുന്നുണ്ടെന്നും പണത്തേക്കാളുപരി വ്യക്തിപരമായ സന്തോഷത്തിനും മനഃസമാധാനത്തിനുമാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്നും ആളുകൾ മനസിലാക്കാൻ തുടങ്ങി.

ഇത്തരത്തിൽ സമൂഹത്തിന്റെ വഴിയിൽ നിന്ന് മാറി സ്വന്തം പാഷനെ ഒരു തൊഴിലാക്കി മാറ്റിയ വ്യക്തിയാണ് കോതമംഗലം സ്വദേശിനി ലക്ഷ്‌മി പ്രിയ. ബി.ടെക് ബിരുദധാരിയായ ലക്ഷ്‌‌മിക്ക് പഠനസമയത്ത് തന്നെ ക്യാമ്പസ് പ്ലേസ്‌മെന്റിലൂടെ ഇൻഫോസിസിൽ ജോലി ലഭിച്ചിരുന്നു. ആ അവസരം വേണ്ടെന്നുവച്ചാണ് തനിക്ക് ഏറ്റവും ഇഷ്‌ടമുള്ള ഹാൻഡ് എംബ്രോയിഡറി മേഖലയിലേക്ക് എത്തിയത്. കൊവിഡ് കാലത്ത് വൈറലായ ഹാൻഡ്‌ എംബ്രോയിഡറി ചെയ്‌ത മാസ്‌ക് ഉൾപ്പെടെ നിർമിച്ച ലക്ഷ്‌മിയെക്കുറിച്ച് കൂടുതലായറിയാം.

lakshmi

ജീവിതത്തിലെ വഴിത്തിരിവ്

സ്വ‌ർണപ്പണി ചെയ്യുന്ന കുമാറിന്റെയും വീട്ടമ്മയായ അനിയുടെയും മകളാണ് ലക്ഷ്‌മി പ്രിയ. സ്‌കൂൾ പഠനം കോതമംഗലത്ത് പൂർത്തിയാക്കിയ ശേഷം അങ്കമാലി ഫെ‌ഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്‌നോളജിയിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗ് പഠിച്ചു. ഇതിനിടെയാണ് കൊവിഡ് ലോകമെമ്പാടും പടർന്നുപിടിക്കുന്നത്. ഓൺലൈൻ ക്ലാസും വീട്ടിലെ മടുപ്പും കാരണം പുതിയ എന്തെങ്കിലും ക്രിയേറ്റീവായി ചെയ്യാമെന്ന് കരുതിയാണ് ലക്ഷ്‌മി പ്രിയ എംബ്രോയിഡറി ചെയ്യുന്നത്.

കുട്ടിക്കാലം മുതൽ ഇത്തരത്തിലുള്ള ഹോബികൾ ലക്ഷ്‌മിക്കുണ്ടായിരുന്നു. ഓരോ വർക്കുകളും സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കാൻ തുടങ്ങിയതോടെ ഓർഡറുകൾ ലഭിക്കാൻ തുടങ്ങി. ഇതോടെ ആർട്ട് വർക്കുകൾക്ക് മാത്രമായി ഇൻസ്റ്റഗ്രാമിൽ ഒരു പേജ് തുടങ്ങി. ആദ്യം സുഹൃത്തുക്കളിൽ നിന്ന് മാത്രമായിരുന്നെങ്കിൽ പിന്നീട് ലക്ഷ്‌മി പോലും വിചാരിക്കാത്ത രീതിയിൽ ഓർഡറുകൾ ലഭിച്ചുതുടങ്ങി. അതോടെയാണ് ഇതൊരു പ്രൊഫഷൻ ആക്കി മാറ്റാമെന്ന് തീരുമാനിച്ചത്. മകളുടെ ഇഷ്‌ടത്തിന് പ്രാധാന്യം നൽകുന്ന അച്ഛനും അമ്മയും ആ തീരുമാനത്തെ സന്തോഷത്തോടെ സ്വീകരിച്ചു.

സഹോദരൻ വിഷ്‌ണു ബംഗളൂരുവിൽ കണ്ടന്റ് ക്രിയേഷൻ പഠിക്കുകയാണ്. ആറ് മാസം മുമ്പായിരുന്നു ലക്ഷ്‌മി പ്രിയയുടെ വിവാഹം. സ്റ്റോക്ക് മാർക്കറ്റ് ട്രേഡറായ ഹരികൃഷ്‌ണനാണ് ഭർത്താവ്.

family

വൈറൽ വർക്കുകൾ

ഗിഫ്‌റ്റ് ഹാമ്പറുകൾ ഉൾപ്പെടെ അൻപതിലധികം വ്യത്യസ്‌തമായ എംബ്രോയിഡറി വർക്കുകൾ ലക്ഷ്‌മി പ്രിയ ചെയ്യുന്നുണ്ട്. കൊവിഡ് കാലത്ത് മാസ്‌കിൽ ചെയ്‌ത എംബ്രോയിഡറി വർക്ക് വളരെയധികം വൈറലായിരുന്നു. അയ്യായിരത്തോളം മാസ്‌കുകളാണ് ഇന്ത്യയ്‌ക്കകത്തും പുറത്തുമായി വിൽക്കാൻ സാധിച്ചത്.

പിന്നീട് വസ്‌ത്രങ്ങളിലും ചിത്രങ്ങളിലുമുൾപ്പെടെ എംബ്രോയിഡറി വർക്കുകൾ ചെയ്യാൻ തുടങ്ങി. നിലവിൽ വൈറലായിക്കൊണ്ടിരിക്കുന്നത് ഫോട്ടോകളിലെ എംബ്രോയിഡറി വർക്കാണ്. അതിനാണ് ഇപ്പോൾ ആവശ്യക്കാർ കൂടുതലെന്നും ലക്ഷ്‌മി പറയുന്നു. ഇന്ത്യയ്‌ക്ക് പുറമേ ദുബായിലും ഇന്ന് ലക്ഷ്‌മിയുടെ ബിസിനസിന് മാർക്കറ്റിംഗ് ടീമുണ്ട്.

നിങ്ങൾക്കും എംബ്രോയിഡറി പഠിക്കാം

ഓൺലൈൻ ബിസിനസ് നല്ലരീതിയിൽ മുന്നോട്ടുപോയ സമയത്താണ് സ്ത്രീകൾക്കായി എംബ്രോയിഡറി ക്ലാസുകൾ ചെയ്യാമെന്ന് ലക്ഷ്‌മി പ്രിയ തീരുമാനിക്കുന്നത്. വീട്ടിലിരുന്നുകൊണ്ട് തന്നെ അവർക്ക് വരുമാനം നേടാവുന്ന ഒരു മാർഗമാണ് ലക്ഷ്‌മി പഠിപ്പിക്കുന്നത്. ഓൺലൈനായും അല്ലാതെയും കേരളത്തിനകത്തും പുറത്തും ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്.

ഇപ്പോൾ പ്രായഭേദമന്യേ എല്ലാവരും ലക്ഷ്‌മിയുടെ ക്ലാസുകളിൽ പങ്കെടുക്കാറുണ്ട്. ആൺകുട്ടികളും ധാരാളമുണ്ട്. മാത്രമല്ല, നിരവധി വിദേശികളും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാറുണ്ടെന്ന് ലക്ഷ്‌മി പറയുന്നു. കുട്ടികൾക്കായി പ്രത്യേക സമ്മർ ക്ലാസുകളും ഇവർ സംഘടിപ്പിക്കുന്നുണ്ട്. എംബ്രോയിഡറി മാത്രമല്ല, സുസ്ഥിരവികസനവുമായി ബന്ധപ്പെട്ട പ്രോജക്‌ടുകളും, ലക്‌സൺ ടാറ്റ പോലുള്ള പ്രമുഖ ബ്രാൻഡുകളുമായി ചേർന്ന് ക്ലാസുകളും നടത്താറുണ്ട്.

class

ലക്ഷ്‌മിക്ക് പറയാനുള്ളത്

'ഇന്നത്തെ കാലത്ത് കയ്യിലൊരു സ്‌മാർട്ട് ഫോൺ ഉണ്ടെങ്കിൽത്തന്നെ നിങ്ങൾക്ക് വീട്ടിലിരുന്നുകൊണ്ട് സ്വന്തമായി വരുമാനം നേടാം. എംബ്രോയിഡറി മാത്രമല്ല, നിങ്ങൾക്ക് ഇഷ്‌ടമുള്ള എന്ത് കാര്യങ്ങളും ചെയ്യാം. പലരും ജോലി വേണ്ടെന്നുവച്ച് സ്വന്തം ഇഷ്‌ടങ്ങൾ തേടി പോകുന്നുണ്ട്. നിങ്ങളും മാറിചിന്തിക്കണം. ചെലവ് കൂടിവരുന്ന കാലത്ത് വരുമാനം അത്യാവശ്യമാണ്. അത് വീട്ടിലിരുന്ന് തന്നെ നേടാൻ കഴിയുന്നത് സന്തോഷം തരുന്ന കാര്യമാണ്. വളരെ കുറഞ്ഞ ചെലവിൽ നിങ്ങൾക്കും എംബ്രോയിഡറി വർക്കുകൾ ചെയ്‌ത് നല്ലൊരു വരുമാനം നേടാം.' ഇൻസ്റ്റാഗ്രാം

TAGS: LAKSHMI PRIYA, HAND EMBROIDERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.