SignIn
Kerala Kaumudi Online
Thursday, 19 September 2024 11.07 AM IST

ഏറ്റവും ശക്തം മാതൃ ഭാവം

Increase Font Size Decrease Font Size Print Page
george-onakkoor

തിരുവനന്തപുരം: സ്ത്രീകളെക്കുറിച്ചുള്ള ഭാവനയിൽ എന്റെ മനസിൽ തെളിയുന്നത് മാതൃഭാവമാണ്. പ്രകൃതി സ്ത്രീയാണ്, അമ്മയാണ്. ഭൂമിയും സ്ത്രീയാണ്, അമ്മയാണ്. പ്രകൃതിയിലുള്ള എല്ലാ സ്നേഹഭാവങ്ങൾക്കും മാതൃമനസ് കൊടുക്കാനാണ് എനിക്കിഷ്ടം.

അമ്മയെപ്പോലെ പരിലാളിക്കുന്ന സ്നേഹം, സാന്ത്വനിപ്പിക്കുന്ന സ്നേഹം അത് സ്ത്രീയിൽ നിന്ന് മാത്രമേ കിട്ടുകയുള്ളൂ. അപ്പോൾ സ്ത്രീയുടെ പൂർണത എന്റെ സംസ്കാരത്തിൽ അടയാളപ്പെടുത്തുന്നത് മാതൃഭാവമായാണ്. കുട്ടിക്കാലം മുതൽ ത ആഴത്തിൽ പതിഞ്ഞ വാചകമാണ് മാതൃദേവോ ഭവഃ.

ഞാൻ ജനിച്ചുവളർന്ന നാട്ടിൽ കുട്ടിക്കാലത്ത് ഞാൻ പോയിട്ടുള്ള ദേവാലയങ്ങളിൽ ഏറെയും ദേവീ ക്ഷേത്രങ്ങളോ കന്യാ മറിയത്തിന്റെ ദേവാലയങ്ങളോ ആണ്. എല്ലായിടത്തും ഒന്നു തന്നെയാണ്, ഒരമ്മയാണ്. ഞാൻ എന്റെ ആത്മകഥ സമർപ്പിച്ചിരിക്കുന്നത് എന്റെ അമ്മയ്ക്ക്, എല്ലാ അമ്മമാർക്കും എന്നാണ്. ഒന്നിലധികം അമ്മമാരെ ആരാധിക്കുന്ന ഒരു സങ്കല്പം നമ്മുടെ പുരാണങ്ങളിൽ മാത്രമേയുള്ളൂ. ദേവകീ പുത്രനായ ഭഗവാൻ ശ്രീകൃഷ്ണൻ വളരുന്നത് യശോധാ പുത്രനായാണ്. കൃഷ്ണന്റെ അമ്മ ദേവകിയാണ്, യശോദയാണ് ഗോകുലത്തിലെ എല്ലാ മുതിർന്ന സ്ത്രീകളും കൃഷ്ണന്റെ അമ്മമാരാണ്. മാതൃത്വമെന്നത് ഭാരതീയ പുരാണങ്ങളിൽ വളരെ പ്രബലമാണ്. . ഖുറാനിൽ പറയുന്നത് സ്വർഗം സ്ഥിതി ചെയ്യുന്നത് സ്ത്രീയുടെ പാദാന്ത്യത്തിലാണെന്നാണ്.കാരണം, അവൾ മാതൃത്വം കൊണ്ട് അനുഗ്രഹീതയാണ്. ബൈബിളിലെ മഹത്തായ സ്ത്രീത്വ വിഭാവനമെന്നത് യേശുവിന്റെ മാതാവായ കന്യാമറിയമാണ്. എന്റെ മനസിൽ ഏറ്റവും രൂഢമായി നിന്ന ദർശനം മാതൃദർശനമാണ്. എന്നിലെ എഴുത്തുകാരനെ മാതൃമനസുള്ള എഴുത്തുകാരനെന്ന് രേഖപ്പെടുത്തിയിരിക്കുന്നത് എനിക്ക് കിട്ടിയ വലിയ ബഹുമതിയാണ്. ഹൃദയത്തിൽ ഒരു വാളിലെ (The sword in the soul) മറിയമാണ് ഏറ്റവും ശക്തയായ സ്ത്രീ കഥാപാത്രം. ക്രിസ്തുവിന്റെ അമ്മയായ മറിയത്തെക്കുറിച്ചാണ് പുസ്തകം പറയുന്നത്.

ഞാൻ ജെറുസലേമിൽ പോയിട്ടുണ്ട്. ആ സമയത്ത് യേശുവിനെ ക്രൂശിച്ചുവെന്ന് കരുതുന്ന കുരിശിനു താഴെ നിന്നപ്പോൾ ഞാൻ ഓർത്തത് മകനെ കണ്ട് വിലപിക്കുന്ന അമ്മയെയാണ്. മകന്റെ മൃതശരീരം മടിയിൽ കിടത്തിയിരിക്കുന്ന മൈക്കൽ ആഞ്ചലോയുട‌െ പ്രശസ്തമായ പിയാത്തയെന്ന ശിൽപ്പവും മറക്കാനാവില്ല. മകന്റെ നിഴലായി ജീവിച്ച ഒരമ്മയ്ക്ക് ഇതിലും വലിയ ദുഃഖം വരാനില്ല. അമ്മ സഹനമാണ്, സ്നേഹമാണ്, വാത്സല്യമാണ്, ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾ നമ്മിൽ നട്ടുവളർത്തുന്നവരാണ്. ഞാൻ മാതൃത്വത്തിന്റെ മുമ്പിൽ നടത്തുന്ന നമസ്കാരം കൂടിയാണിത്.

(തയ്യാറാക്കിയത്-ആശാ മോഹൻ)

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: GEORGE ONAKKOOR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.