തൃശൂർ: പൂരനഗരത്തെ കളറാക്കി പുലിപ്പൂരം, ഒപ്പം പുരുഷാരവം. ശക്തന്റെ തട്ടകങ്ങളിലെ വിവിധ ദേശങ്ങളിൽ നിന്ന് താളമേളങ്ങളോടെ ചുവടുവച്ചെത്തിയ പുലികൾ നഗരത്തിൽ മണിക്കൂറുകളോളം തുള്ളിക്കളിച്ചു. പുരുഷാരത്തെ ആവേശത്തിലാക്കാൻ പെൺപുലികളും കുട്ടിപ്പുലികളുമുണ്ടായിരുന്നു. തെളിഞ്ഞ ആകാശം കൂടിയായതോടെ പതിനായിരങ്ങൾ കാഴ്ചക്കാരായി. നിശ്ചല ദൃശ്യങ്ങളുടെ അകമ്പടിയോടെ നായ്ക്കനാലിലേക്ക് പാട്ടുരായ്ക്കൽ ദേശം ചുവടുവച്ചു. നഗരം ആവേശത്തിരയിലായി.
ഈസമയം വടക്കെ സ്റ്റാൻഡ് വഴി വിയ്യൂർ യുവജനസംഘവും എം.ജി റോഡ് വഴി സീതാറാം മിൽ ദേശവും നടുവിലാലിലേക്ക് കയറി. എം.ജി റോഡിലൂടെ ശങ്കരംകുളങ്ങര ദേശവും ചക്കാംമുക്കും അവസാനം കാനാട്ടുകര ദേശവും നടുവിലാലിലേക്കെത്തി. ഇതിനിടെ വിയ്യൂർ ദേശം വടക്കെ സ്റ്റാൻഡ് വഴി ബിനി സ്റ്റോപ്പിലേക്ക് കയറി.
കാഴ്ചവസന്തം ഒരുക്കിയ നിശ്ചലദൃശ്യങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. പുരാണ ദൃശ്യങ്ങളും വയനാട് ദുരന്തത്തിന്റെ ചിത്രീകരണവും ആദിയോഗിയുമെല്ലാം കൗതുകമായി. ഓരോ ടീമിലും 51 പുലികളാണ് ഉണ്ടായിരുന്നത്.
പുലികളിയുടെ ഫ്ലാഗ് ഓഫ് റവന്യു മന്ത്രി കെ. രാജൻ നിർവഹിച്ചു. മന്ത്രിമാരായ ഡോ. ആർ. ബിന്ദു, ജി.ആർ. അനിൽ, മേയർ എം.കെ. വർഗീസ്, പി. ബാലചന്ദ്രൻ എം.എൽ.എ എന്നിവർ പങ്കെടുത്തു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, ഔഷധി ചെയർപേഴ്‌സൺ ശോഭന ജോർജ്, മുൻ മന്ത്രി വി.എസ്. സുനിൽ കുമാർ എന്നിവരും എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |