
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസിനെ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. ചാക്കയിലെ സ്വകാര്യാശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റാൻ കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ.സി.എസ്.മോഹിത് ഉത്തരവിട്ടിരുന്നു. ആശുപത്രിയിലെ പൊലീസ് സെല്ലിലാവും ശങ്കരദാസിനെ പാർപ്പിക്കുക. പൂജപ്പുര ജയിലിലെ ഡോക്ടർ ശങ്കരദാസിനെ പരിശോധിച്ച ശേഷം കോടതിക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. ജഡ്ജി കഴിഞ്ഞ ദിവസം സ്വകാര്യാശുപത്രിയിലെത്തിയാണ് ശങ്കരദാസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
ശബരിമല വാജിവാഹന കൈമാറ്റം
ഹൈക്കോടതിയുടെ അറിവോടെ
കൊച്ചി: ശബരിമലയിലെ കൊടിമരം 2017ൽ മാറ്റിസ്ഥാപിച്ചപ്പോൾ പഴയ കൊടിമരത്തിലെ വാജിവാഹനം തന്ത്രി കണ്ഠരര് രാജീവർക്ക് കൈമാറിയ വിവരം അഡ്വക്കേറ്റ് കമ്മിഷണർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അഡ്വക്കേറ്റ് കമ്മിഷണറായിരുന്ന എ.എസ്.പി. കുറുപ്പ് 2017 മാർച്ച് രണ്ടിന് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിന്റെ അഞ്ചാം ഖണ്ഡികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പാരമ്പര്യവും ആചാരവും അനുസരിച്ച് ദേവസ്വം പ്രസിഡന്റ് വാജിവാഹനം തന്ത്രിക്ക് കൈമാറിയെന്നാണ് റിപ്പോർട്ടിലുള്ളത്. കൊടിമരത്തിന്റെ തടിഭാഗങ്ങൾ പിന്നീട് ദഹിപ്പിച്ചു കളയുകയും ചെയ്തു.
2017 ഫെബ്രുവരി 17-നാണ് പഴയ കൊടിമരം മാറ്റുന്നതിനായി അയ്യപ്പന്റെ അനുജ്ഞ (അനുമതി) തേടിയത്. തുടർന്നാണ് കൊടിമരത്തിന്റെ വിവിധ ഭാഗങ്ങൾ അഴിച്ചെടുക്കുകയും വാജിവാഹനം തന്ത്രിക്ക് കൈമാറുകയും ചെയ്തത്. കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഹർജി തീർപ്പാക്കി 2018 ആഗസ്റ്റ് ആറിന് പുറപ്പെടുവിച്ച ഉത്തരവിൽ ഹൈക്കോടതി പൂർണ തൃപ്തി രേഖപ്പെടുത്തിയിരുന്നു. ഹൈദരാബാദിലെ ഫീനിക്സ് ഫൗണ്ടേഷനാണ് പുതിയ കൊടിമരം സ്ഥാപിക്കുന്നതിനുള്ള 3.20 കോടി രൂപ ചെലവഴിച്ചതെന്നും, ഇതിൽ 13.63 ലക്ഷം രൂപ മിച്ചം വന്നതായും അഭിഭാഷക കമ്മിഷൻ അന്ന് കോടതിയെ അറിയിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |