കൊച്ചി: തങ്ങൾ പറഞ്ഞത് മുഴുവൻ സത്യമായ കാര്യങ്ങളെന്ന് ഗോപൻ സ്വാമിയുടെ മകൻ സനന്ദൻ. അച്ഛന്റേത് മരണമല്ലെന്നും സമാധിയാണെന്നും മകൻ ആവർത്തിച്ചു. എന്നാൽ സമാധി സർട്ടിഫിക്കറ്റുണ്ടോയെന്ന് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മൗനമായിരുന്നു മറുപടി. മരണ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ തുടർനടപടി നിർത്തിവയ്ക്കാമെന്നും ഇല്ലാത്തപക്ഷം സ്ലാബ് തുറക്കുന്നത് സംബന്ധിച്ച നടപടിയിൽ ഇടപെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് സനന്ദന്റെ പ്രതികരണം.
'ഹിന്ദു ആചാരമനുസരിച്ച് ഹിന്ദു സന്ന്യാസിയാകാൻ ആഗ്രഹിച്ച എന്റെ അച്ഛൻ, സമാധിയായ സ്ഥലത്തുവന്ന് ഹിന്ദുത്വത്തെ വ്രണപ്പെടുത്തുകയാണ് അവർ ചെയ്തിട്ടുള്ളത്. കോടതിയേയും നിയമങ്ങളെയുമെല്ലാം മാനിക്കുന്നുണ്ട്. ഞാനും അനുജനും അനിയനും അമ്മയുമെല്ലാം ഒന്നിച്ചിരുന്ന് സത്യസന്ധമായി പറഞ്ഞിട്ടുണ്ടായിരുന്നു. അത് എല്ലാം ലൈവായി മീഡിയ വിട്ടിട്ടില്ല. ഓരോരുത്തർക്കും ഓരോ പ്രശ്നം വരുമ്പോഴേ അറിയാൻ പറ്റുള്ളൂ.
എന്റെ അച്ഛന്റെ മരണമല്ല അത്. സമാധിയാണത്. ആളെ കാണാനില്ലെന്നല്ലേ പറഞ്ഞത്, ആരാ പരാതി നൽകിയത്. സ്‌കാനർ ഇല്ലേ, അത് വച്ച് ചെക്ക് ചെയ്യാല്ലോ ആള് അതിനകത്തുണ്ടോയെന്ന്. കോടതി വിധി ഇപ്പോൾ അംഗീകരിക്കാൻ എനിക്ക് സാദ്ധ്യമല്ല. പൊലീസ് അന്വേഷിക്കട്ടെ.
എത്രയോ വർഷങ്ങളായി ക്ഷേത്രത്തിലെ പൂജാരിയാണ് അച്ഛൻ. രണ്ട് മക്കളും അമ്മയും പറഞ്ഞിട്ടുണ്ട്. അച്ഛന്റെ ആഗ്രഹം മക്കൾ തീർപ്പാക്കിയിട്ടുണ്ട്. ഞാൻ സമാധിയാകുന്ന ദിവസം നിങ്ങൾ കർമം ചെയ്യണമെന്ന് പറഞ്ഞതാണ്. ഇല്ലാത്ത കഥകൾ കെട്ടിച്ചമച്ച ആളിന്റെ പേരിലാണ് നടപടിയെടുക്കേണ്ടത്. ഈ ക്ഷേത്രത്തെ വ്രണപ്പെടുത്താൻ ആർക്കാണ് താത്പര്യം.'- ഗോപൻ സ്വാമിയുടെ മകൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |