SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.52 PM IST

തുല്യാധികാര വിഷയങ്ങളിൽ നിയമ നിർമ്മാണത്തിന് കേന്ദ്രാനുമതി വേണ്ട ഭേദഗതിക്ക് ഗവർണറുടെ അംഗീകാരം ഒപ്പിട്ടത് ഒരു കൊല്ലത്തിനു ശേഷം

Increase Font Size Decrease Font Size Print Page
bills

തിരുവനന്തപുരം: വിദ്യാഭ്യാസം അടക്കം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട (കേന്ദ്രത്തിനും സംസ്ഥാനത്തിനും നിയമനിർമ്മാണത്തിന് തുല്യഅധികാരമുള്ളവ)​ 52 വിഷയങ്ങളിൽ കേന്ദ്രത്തിന്റെ മുൻകൂർ അനുമതിയില്ലാതെ ഇനി സംസ്ഥാനത്തിന് നിയമം നിർമ്മിക്കാം. കേന്ദ്ര നിയമത്തിന് വിരുദ്ധമാണെങ്കിൽ മാത്രം അനുമതി തേടിയാൽ മതി. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ വരുത്തിയ റൂൾസ് ഒഫ് ബിസിനസ് ഭേദഗതിക്ക് ഒരു കൊല്ലത്തിനുശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകി. മന്ത്രിസഭായോഗം 2023 ഫെബ്രുവരിയിൽ അംഗീകരിച്ച ഭേദഗതി ഗവർണർ അംഗീകരിക്കാതെ തടഞ്ഞുവച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ അഭിപ്രായംകൂടി തേടിയ ശേഷമാണ് ഗവർണർ ഇന്നലെ ഒപ്പിട്ടത്. ഇതോടെ ഭേദഗതി പ്രാബല്യത്തിലായി.

ഭരണസംവിധാനത്തിന്റെ പ്രാമാണിക രേഖയാണ് റൂൾസ് ഒഫ് ബിസിനസ്. നിയമ നിർമ്മാണത്തിന് അനുമതി തേടിയുള്ള അപേക്ഷകളുടെ എണ്ണം വർദ്ധിച്ചതോടെ അതീവ ഗൗരവ വിഷയങ്ങളിലല്ലാതെ മുൻകൂർ അനുമതി തേടേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2010ൽ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിരുന്നു. 13 വർഷത്തിനുശേഷം ഈ കത്ത് പരിഗണിച്ചാണ് സംസ്ഥാനം റൂൾസ് ഒഫ് ബിസിനസ് ഭേദഗതി വരുത്തിയത്. അതേസമയം,​ ഭേദഗതി പ്രാബല്യത്തിലായെങ്കിലും സംസ്ഥാനത്തെ നിയമനിർമ്മാണം കൊണ്ട് കേന്ദ്ര നിയമത്തിൽ വെള്ളംചേർക്കാനാവില്ല.

ഭേദഗതിയിലൂടെ ഒഴിവാക്കിയ വ്യവസ്ഥകൾ

1.റൂൾസ് ഓഫ് ബിസിനസിലെ 49(2) ചട്ടപ്രകാരം കൺകറന്റ് ലിസ്റ്റിലെ വിഷയങ്ങളിൽ നിയമസഭയിൽ നിയമനിർമ്മാണം നടത്തും മുൻപ് കേന്ദ്രത്തിലെ ബന്ധപ്പെട്ട വകുപ്പുമായി കൂടിയാലോചിക്കണം

2.നിയമം ഭേദഗതി ചെയ്യാനാണ് ബില്ല് കൊണ്ടുവരുന്നതെങ്കിൽ കേന്ദ്രവുമായി നിർബന്ധമായും ആശയവിനിമയം നടത്തണം

3.ഇത്തരം നിയമഭേദഗതികൾ സംസ്ഥാനത്തിന് മാത്രം ബാധകമാണെങ്കിലും കേന്ദ്രത്തിന്റെ വിദഗ്ദ്ധാഭിപ്രായം തേടണം

രാഷ്ട്രപതിയുടെ

പരിഗണനയ്ക്ക് വിടാം

ഭേദഗതി പ്രകാരം കൺകറന്റ് ലിസ്റ്റിലുൾപ്പെട്ട വിഷയങ്ങളിൽ സംസ്ഥാനം നിയമനിർമ്മാണം നടത്തുമ്പോൾ പാർലമെന്റ് പാസാക്കിയ നിയമത്തിന് വിരുദ്ധമാണെന്ന് തോന്നിയാലോ ഭരണഘടനയ്ക്കും നിയമത്തിനും സുപ്രീംകോടതി ഉത്തരവുകൾക്കും വിരുദ്ധമാണെന്ന ബോദ്ധ്യമായാലോ ഭരണഘടനയുടെ ഇരുനൂറാം അനുച്ഛേദപ്രകാരം ഗവർണർക്ക് ആ ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കാനാകും.

TAGS: CONCORRENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY