തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ 'രാജ്യവിരുദ്ധ' ആരോപണം കടുപ്പിക്കുന്നതിലൂടെ ഗവർണർ ലക്ഷ്യമിടുന്നത് കേന്ദ്ര ഏജൻസികളുടെ അന്വേഷണം. സ്വർണക്കടത്ത്, ഹവാലായിടപാടുകളിലെ പണം നിരോധിത സംഘടനകൾക്ക് ലഭിക്കുന്നെന്ന് മൂന്നു വർഷമായി മുഖ്യമന്ത്രിക്ക് അറിയാമായിരുന്നിട്ടും തടഞ്ഞില്ല. വിവരം ഗവർണറെ അറിയിച്ചതുമില്ല. അത്തരം ശക്തികളുടെ രക്ഷാധികാരിയാണ് മുഖ്യമന്ത്രിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാദ്ധ്യമങ്ങളോട് തുറന്നടിക്കുകയും ചെയ്തു. രാഷ്ട്രപതിക്ക് അയയ്ക്കുന്ന പ്രത്യേക റിപ്പോർട്ടിൽ ഇക്കാര്യം ഉൾപ്പെടുത്തി എൻ.ഐ.എ ഉൾപ്പെടെയുള്ള കേന്ദ്രഏജൻസികളുടെ അന്വേഷണത്തിന് സമ്മർദ്ദം ചെലുത്താൻ ഗവർണർക്കാവും. സർക്കാരിനെതിരേ ഉചിതമായ നടപടിയെടുക്കണമെന്ന് ഗവർണർ റിപ്പോർട്ടിൽ ആവശ്യപ്പെടുമെന്നും രാജ്ഭവനിൽ നിന്ന് സൂചനയുണ്ട്.
നയതന്ത്ര സ്വർണക്കടത്ത് കേസ് എൻ.ഐ.എയാണ് അന്വേഷിച്ചത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളെയും സംഘടനകളെയുംകുറിച്ച് വിവരംതേടിയിട്ടും നൽകാതെ, രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയം തന്നിൽനിന്ന് മറച്ചുവച്ചെന്നാണ് ഗവർണറുടെ വിലയിരുത്തൽ. ക്രമസമാധാനപാലനം സംസ്ഥാന വിഷയമായിരിക്കെ അതു നിർവഹിക്കാതിരിക്കുകയും, മുഖ്യമന്ത്രി എന്തൊക്കെയോ ഒളിക്കുകയും ചെയ്യുന്നുണ്ടെന്നാണ് ഗവർണർ ആവർത്തിക്കുന്നത്. ചീഫ്സെക്രട്ടറിയെയും ഡി.ജി.പിയെയും തന്നെ കാണുന്നതിൽനിന്ന് തടഞ്ഞത് അതുകൊണ്ടാണെന്നും ഗവർണർ ആരോപിക്കുന്നു. ഇക്കാര്യങ്ങളെല്ലാം കേന്ദ്രത്തിനയയ്ക്കുന്ന റിപ്പോർട്ടിലുൾപ്പെടുത്തുമെന്നാണ് അറിയുന്നത്.
സ്വർണക്കടത്ത് പ്രത്യേക റിപ്പോർട്ട്
സംസ്ഥാനത്തെ പൊതുസ്ഥിതിയെക്കുറിച്ച് രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി, ആഭ്യന്തരമന്ത്രി എന്നിവർക്ക് ഗവർണർ പ്രതിമാസ റിപ്പോർട്ടയയ്ക്കാറുണ്ട്. സ്വർണക്കടത്ത് വിഷയം പ്രത്യേകറിപ്പോർട്ടായാണ് അടുത്തദിവസം കേന്ദ്രത്തിന് അയയ്ക്കുക. ദി ഹിന്ദുവിൽ അഭിമുഖം തരപ്പെടുത്തിയ പി.ആർ ഏജൻസി, സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡൽഹിയിലടക്കം മാദ്ധ്യമങ്ങൾക്ക് വിതരണംചെയ്തതും, പൊലീസ് വെബ്സൈറ്റിൽ സ്വർണക്കടത്ത് വിവരങ്ങൾ പ്രത്യേക്ഷപ്പെട്ടതുമെല്ലാം റിപ്പോർട്ടിലുൾപ്പെടുത്തിയേക്കും.
റിപ്പോർട്ടും നടപടിക്രമവും
1. ഗവർണറുടെ റിപ്പോർട്ടിൽ ആഭ്യന്തരമന്ത്രാലയം ചീഫ്സെക്രട്ടറിയോട് റിപ്പോർട്ട് തേടും
2. മറുപടി ലഭിച്ചശേഷം ഇരുവാദങ്ങളിലെയും വൈരുദ്ധ്യം പഠിച്ചശേഷം തുടർനടപടി തീരുമാനിക്കും
3. ഗവർണറുടെ ശുപാർശയിൽ കേന്ദ്രഏജൻസിയുടെ അന്വേഷണത്തിന് വഴിതെളിയാം
''കസ്റ്റംസിന് വീഴ്ചയുണ്ടായെങ്കിൽ അക്കാര്യം ഗവർണറെ മുഖ്യമന്ത്രി അറിയിക്കേണ്ടതല്ലേ? അതുൾപ്പെടെയുള്ള
സർക്കാരിന്റെ ഗുരുതരവീഴ്ചകൾ രാഷ്ട്രപതിയെ അറിയിക്കേണ്ടത് എന്റെ ചുമതലയാണ്.
-ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |