
കൊച്ചി: ആഗോള വിപണിയില്‍ സ്വര്‍ണവില റെക്കാര്‍ഡുകള്‍ ഭേദിക്കുമ്പോഴും രാജ്യത്തെ പ്രമുഖ ജുവലറി ഓഹരികള്‍ക്ക് കനത്ത തിരിച്ചടി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്വര്‍ണവില 70 ശതമാനത്തിലധികമാണ് വര്‍ദ്ധിച്ചത്. എന്നിട്ടും വിപണി മൂല്യത്തില്‍ മുന്നിലുള്ള 10 പ്രമുഖ കമ്പനികളില്‍ എട്ടെണ്ണവും ഓഹരി വിപണിയില്‍ നഷ്ടം നേരിട്ടു. ഉയര്‍ന്ന അസംസ്‌കൃത വസ്തു ചെലവും വില്പനയിലെ കുറവുമാണ് വിപണിയിലെ ഈ തളര്‍ച്ചയ്ക്ക് പ്രധാന കാരണമായി പറയുന്നത്.
പി.സി ജുവലര്‍ (44%), മോട്ടീസണ്‍സ് ജുവല്ലേഴ്സ് (45%), സെന്‍കോ ഗോള്‍ഡ് (43.5%), സ്‌കൈ ഗോള്‍ഡ് (38%) തുടങ്ങിയവയാണ് തകര്‍ച്ച നേരിട്ടവരില്‍ പ്രധാനികള്‍. അടുത്തിടെ വിപണിയിലെത്തിയ പി.എന്‍ ഗാഡ്ഗില്‍ (15%) ഓഹരികളും നഷ്ടത്തിലാണ്. അതേസമയം, ടൈറ്റന്‍ (17%), തങ്കമയില്‍ ജുവലറി (72%) എന്നിവയാണ് നേട്ടമുണ്ടാക്കിയവര്‍.
വിപണിയില്‍ താത്പര്യം മാറുന്നു
ഉയര്‍ന്ന വില കാരണം ഉപഭോക്താക്കള്‍ 22 കാരറ്റിന് പകരം 18 കാരറ്റ് ആഭരണങ്ങളിലേക്ക് മാറുന്ന പ്രവണതയുണ്ടെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിവാഹ ആവശ്യങ്ങള്‍ക്കായുള്ള വാങ്ങലുകളാണ് വിപണിക്ക് ആശ്വാസം. സമ്മാനങ്ങള്‍ക്കായി 14 കാരറ്റ് ആഭരണങ്ങളാണ് ഇപ്പോള്‍ ട്രെന്‍ഡില്‍. രൂപയുടെ മൂല്യത്തകര്‍ച്ച ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് സ്വര്‍ണം പ്രിയപ്പെട്ടതാക്കുന്നുണ്ടെങ്കിലും ജുവലറികള്‍ക്ക് സ്റ്റോക്ക് ശേഖരിക്കുന്നതില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
എങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിപണിയില്‍ ശുഭപ്രതീക്ഷയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ കണ്ടെത്തല്‍. 2023ല്‍ 1,752 ബില്യണ്‍ രൂപയായിരുന്ന സംഘടിത ആഭരണ വിപണി 2029ഓടെ 5,079 ബില്യണ്‍ രൂപയായി വളരുമെന്നാണ് കണക്കാക്കുന്നത്. നിര്‍ബന്ധിത ഹാള്‍മാര്‍ക്കിംഗ്, ബ്രാന്‍ഡഡ് ഷോറൂമുകളുടെ വ്യാപനം എന്നിവ ഇതിന് കരുത്തേകും.
സ്വര്‍ണവില വര്‍ദ്ധന ആഭരണ നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ചെലവ് കൂട്ടുന്നത് കമ്പനികളുടെ ലാഭവിഹിതത്തെ ബാധിക്കുന്നു.
വില കൂടുമ്പോള്‍ ഉപഭോക്താക്കള്‍ വാങ്ങല്‍ നീട്ടിവയ്ക്കുന്നതും ഭാരം കുറഞ്ഞ ആഭരണങ്ങള്‍ തിരഞ്ഞെടുക്കുന്നതും വില്പന കുറയാന്‍ കാരണമായി.
പലിശ നിരക്ക് വര്‍ദ്ധനയും വിപണിയിലെ പണലഭ്യത കുറഞ്ഞതും കടബാദ്ധ്യതയുള്ള കമ്പനികള്‍ക്ക് തിരിച്ചടിയായെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |