
തിരുവനന്തപുരം: കേരള സർവകലാശാലാ വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മലിന്റെ ചേംബറിൽ എസ്.എഫ്.ഐ പ്രവർത്തകർ ഉപരോധം നടത്തിയ സംഭവത്തിൽ ജില്ലാ കളക്ടറോടും വി.സിയോടും റിപ്പോർട്ട് തേടി ഗവർണർ. വി.സിയെ ആർ.എസ്.എസിന്റെ സർസംഘചാലക് എന്ന് വിശേഷിപ്പിച്ചും ചിത്രങ്ങളോടെയുമുള്ള പോസ്റ്ററുകൾ അദ്ദേഹത്തിന്റെ ചേംബറിൽ ഒട്ടിച്ചിരുന്നു. ത്രിതല സുരക്ഷ മറികടന്ന് എസ്.എഫ്.ഐ പ്രവർത്തകർ വി.സിയുടെ ചേംബറിൽ അതിക്രമിച്ച് കടന്നതെങ്ങനെയെന്ന് വിശദീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതിക്രമത്തിന്റെ ചിത്രങ്ങൾ വി.സി ഗവർണർക്ക് കൈമാറിയിരുന്നു. പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സർവകലാശാലാ കാര്യങ്ങളിൽ ആദ്യമായാണ് വിശദീകരണം തേടുന്നത്.
യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഫലം പ്രഖ്യാപിക്കാത്തതിലും യൂണിയൻ രൂപീകരിക്കാനാവാത്തതിലും പ്രതിഷേധിച്ചാണ് എസ്.എഫ്.ഐ കഴിഞ്ഞമാസം 24മുതൽ സമരം നടത്തുന്നത്. സെനറ്റ് ഹൗസ് ക്യാമ്പസിലെ സമരപ്പന്തൽ പൊളിച്ചുനീക്കണമെന്ന് രജിസ്ട്രാർ ഡോ.അനിൽകുമാറിന് വി.സി നിർദ്ദേശം നൽകിയിരുന്നു. ഇക്കാര്യം പൊലീസിലറിയിക്കുന്നതിലെ വീഴ്ചയെക്കുറിച്ചും വി.സിയുടെ ചേംബറിൽ കടന്നുകയറിയതിലൂടെ സുരക്ഷാപാളിച്ചയുണ്ടായതിനെക്കുറിച്ചും 24മണിക്കൂറിനകം വിശദീകരിക്കാനാവശ്യപ്പെട്ടാണ് രജിസ്ട്രാർക്ക് വി.സി മെമ്മോ നൽകിയത്. സർവകലാശാലാ ക്യാമ്പസിൽ പന്തൽകെട്ടാൻ അനുവദിച്ച സുരക്ഷാ ജീവനക്കാർക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെ വി.സിയുടെ മുറിയിലേക്ക് അതിക്രമിച്ചുകയറിയ എസ്.എഫ്.ഐ പ്രവർത്തകർ രണ്ടുമണിക്കൂറോളം ഓഫീസ് ഉപരോധിച്ചു. 4പേരെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വി.സിയുടെ ഓഫീസിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി റിപ്പോർട്ട് ചെയ്യാൻ യൂണിവേഴ്സിറ്റി എൻജിനിയറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊതുമുതൽ നശിപ്പിച്ചതിന് സമരക്കാർക്കെതിരെ കേസെടുത്തിട്ടുമില്ല. തിരഞ്ഞെടുപ്പ് സംബന്ധിച്ച 3കേസുകൾ ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാലാണ് സർവകലാശാലയ്ക്ക് തീരുമാനമെടുക്കാനാവാത്തത്. തിരഞ്ഞെടുപ്പിന്റെ രേഖകൾ സംഘർഷത്തിൽ നശിപ്പിക്കപ്പെട്ടതിനാലാണ് ഫലം വിജ്ഞാപനം ചെയ്യാനാവാത്തതെന്ന് വി.സി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഇക്കൊല്ലത്തെ യൂണിവേഴ്സിറ്റി യുവജനോത്സവം നടത്തുന്നതിനു മുമ്പ് യൂണിയൻ നിലവിൽ വരണമെന്നാണ് എസ്.എഫ്.ഐയുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |