
കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെയും ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. കേസിൽ ആദ്യം അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി ഇതാദ്യമായാണ് ജാമ്യനീക്കം നടത്തുന്നത്. ദ്വാരപാലകശില്പം കവർന്ന കേസിലാണ് പത്മകുമാറിന്റെ ജാമ്യനീക്കം. കട്ടിളപ്പാളിക്കേസിൽ പത്മകുമാർ സമർപ്പിച്ച ജാമ്യഹർജി നേരത്തെ തള്ളിയിരുന്നു. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികളിൽ ആർക്കും ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറഞ്ഞേക്കും. കഴിഞ്ഞ ദിവസം വിശദമായ വാദം കേട്ട കോടതി കേസ് വിധി പറയാനായി മാറ്റുകയായിരുന്നു. കട്ടിളപ്പാളിയിൽ സ്വര്‍ണം പൊതിഞ്ഞതിന് രേഖകളില്ലെന്നായിരുന്നു ജാമ്യ ഹര്‍ജിയിലെ വാസുവിന്റെ പ്രധാന വാദം. ഇക്കാര്യത്തില്‍ ജസ്റ്റിസ് എ ബദറുദ്ദീന്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തോടും സര്‍ക്കാരിനോടും ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. അന്വേഷണ സംഘവുമായി പൂര്‍ണമായി സഹകരിച്ചിട്ടുണ്ടെന്നും പ്രായാധിക്യത്തെ തുടര്‍ന്നുളള രോഗാവസ്ഥ കൂടി പരിഗണിക്കണമെന്നും വാസു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, സ്വർണ്ണക്കൊള്ളയിൽ കേസ് രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് (ഇഡി)സമർപ്പിച്ച അപേക്ഷയിൽ നാളെ വിധി പറയും. പ്രത്യേക അന്വേഷണ സംഘത്തിന്റെയും ഇഡിയുടെയും വാദം ഇന്നലെ വിജിലൻസ് കോടതിയിൽ പൂർത്തിയായിരുന്നു. കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ് ഇഡിയുടെ നീക്കം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |