
ഒറ്റപ്പാലം: തിരുമിറ്റക്കോട്ടു നിന്ന് അജ്ഞാതസംഘം തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ വ്യവസായിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. സൗദി അറേബ്യയിലും മലപ്പുറം ജില്ലയിലും ആശുപത്രികളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഉടമയായ മലപ്പുറം കാളികാവ് പൂങ്ങോട് സ്വദേശി വലിയപീടിയേക്കൽ മുഹമ്മദലിയെയാണ് (ആലുങ്ങൽ മുഹമ്മദ്ദലി - 68) ശനിയാഴ്ച വൈകീട്ട് ആറേകാലോടെ തട്ടികൊണ്ട് പോയത്.പിന്നിൽ ക്വട്ടേഷൻ സംഘമെന്നാണ് സൂചന.
ഒറ്റപ്പാലം കോതകുറുശ്ശി പത്തംകുളത്തെ ഒരു വീട്ടിൽ നിന്ന് നാലംഗ മുഖംമൂടി സംഘത്തിന്റെ പിടിയിൽ നിന്നാണ് രക്ഷപ്പെട്ടത്. ശരീരമാസകലം സാരമായ പരിക്കുകളോടെ വ്യവസായിയെ നാട്ടുകാർ ഇന്നലെ രാവിലെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഘം മദ്യപിച്ച് ലക്കുകെട്ട തക്കം നോക്കി രക്ഷപ്പെട്ടതായാണ് വ്യവസായി പൊലീസിന് നൽകിയ മൊഴി. പതിനേഴ് കോടി രൂപ ആവശ്യപ്പെട്ട് ബന്ധുക്കളുടെ ഫോണിലേക്ക് സന്ദേശം അയപ്പിച്ചതായും മൊഴിയുണ്ട്. സാമ്പത്തിക തർക്കം സുപ്രീം കോടതിയിൽ വ്യവഹാരത്തിലാണെന്നും വ്യവസായി മൊഴി നൽകി. ഡ്രൈവറുടെയും മൊഴിയുയെടുത്തു.
ശനിഴാഴ്ച വൈകീട്ട് കാറിനെ പിന്തുടർന്നെത്തിയ സംഘം തിരുമിറ്റക്കോട് ആറങ്ങോട്ടുകര കൂട്ടുപാത റോഡിൽ കോഴിക്കാട്ടിരി പാലത്തിനുസമീപംവച്ച് അവരുടെ കാർ
കുറുകെ നിറുത്തി തടഞ്ഞാണ് പിടിച്ചിറക്കി കൊണ്ടുപോയത്.
വാഹനവും ഡ്രൈവറെയും റോഡിൽ ഉപേക്ഷിച്ചു.കാളികാവിലെ വീട്ടിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്കു പോവുകയായിരുന്നു മുഹമ്മദാലി. ചാലിശ്ശേരി പൊലീസ് സി.സി ടി.വി കാമറകൾ നിരീക്ഷിച്ച് അന്വേഷണം നടത്തി വരുന്നതിനിടെയാണ് വ്യവസായി രക്ഷപ്പെട്ടത്.
ദുരൂഹതയുണ്ടെന്നും അക്രമികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും ചാലിശ്ശേരി പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |