
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മന്ത്രി കെ ബി ഗണേശ് കുമാർ. ഉമ്മൻ ചാണ്ടി തന്റെ കുടുംബം തകർത്തുവെന്ന് ഗണേശ് കുമാർ പറഞ്ഞു. സോളാർ കേസിൽ ഗണേശ് കുമാറിൽ നിന്ന് നീചമായ പ്രവൃത്തികളാണ് ഉണ്ടായതെന്ന ചാണ്ടി ഉമ്മൻ എംഎൽഎയുടെ ആരോപണങ്ങളിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.
'ഇത്രയുംകാലം ചാണ്ടി ഉമ്മൻ അറിയാതിരുന്ന സീക്രട്ട് ഇലക്ഷന്റെ തലേന്ന് ആരെ പറ്റിക്കാനാണ് ഇറങ്ങിയിരിക്കുന്നത്. സിബിഐയ്ക്ക് ഞാൻ കൊടുത്ത മൊഴി ആർക്കുവേണമെങ്കിലും പരിശോധിക്കാം. ഉമ്മൻ ചാണ്ടി അത്തരം പ്രവൃത്തി ചെയ്യുന്നയാളല്ലെന്ന് അച്ഛൻ മരിക്കുന്നതിന് മുൻപ് എന്നോട് പറഞ്ഞു. ഞങ്ങളങ്ങനെ വിശ്വസിക്കുന്നുവെന്നാണ് ഞാൻ മൊഴി നൽകിയത്. എന്റെ കുടുംബം തകർത്ത്, എന്റെ സർവതും പിടിച്ചുവാങ്ങി, എന്റെ മക്കളെയും എന്നെയും പിരിക്കാൻ മദ്ധ്യസ്ഥത വഹിച്ചയാളാണ് ഉമ്മൻ ചാണ്ടി. ആ മര്യാദകേടിന് മറുപടി പറയേണ്ടേ? എന്റെ കുടുംബം തകർത്ത്, എന്റെ മക്കളെയും എന്നെയും വഴിയാധാരമാക്കിയ ദുഷ്ടത്തരത്തിന് ഉമ്മൻചാണ്ടിയോ മകനോ മറുപടി പറയുമോ? ചെയ്ത ചെയ്തികൾ എനിക്കും പറയാനുണ്ട്'- എന്നാണ് ഗണേശ് കുമാറിന്റെ പ്രതികരണം.
പത്തനാപുരം പഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തിലെയും യുഡിഎഫ് അംഗങ്ങൾക്ക് മാങ്കോട് ജംഗ്ഷനിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കെയാണ് ചാണ്ടി ഉമ്മൻ ആരോപണം ഉന്നയിച്ചത്. സോളാർ കേസിൽ വിവാദമായ 18 പേജുള്ള കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് എഴുതി ചേർക്കുകയായിരുന്നുവെന്നായിരുന്നു അദ്ദേഹം ആരോപിച്ചത്. മന്ത്രി ഗണേശ് കുമാർ തന്റെ കുടുംബത്തോട് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |