തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹ്യ നവോത്ഥാനത്തിന് വിത്തുപാകിയ ശ്രീനാരായണ ഗുരുവിന്റെ 168 -ാമത് ജയന്തി ഇന്ന് ലോകമെമ്പാടും ആഘോഷിക്കും. ഗുരുദേവന്റെ ജന്മം കൊണ്ടുപവിത്രമായ ചെമ്പഴന്തിയിലെ വയൽവാരം വീട് ഉൾപ്പെടുന്ന ഗുരുകുലത്തിൽ സമൂഹ പ്രാർത്ഥനയും പ്രത്യേക പൂജകളും നടക്കും.
ചെമ്പഴന്തി ഗുരുകുലത്തിൽ നടക്കുന്ന ജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, സ്വാമി സച്ചിദാനന്ദ, സ്വാമി സൂക്ഷ്മാനന്ദ,സ്വാമി ശുഭാംഗാനന്ദ എന്നിവർ പങ്കെടുക്കും.ശ്രീനാരായണ ദാർശനിക സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ജയന്തി ഘോഷയാത്ര മന്ത്രി ജി.ആർ.അനിലും ഉദ്ഘാടനം ചെയ്യും.
ശിവലിംഗ പ്രതിഷ്ഠയിലൂടെ ഗുരു സാമൂഹിക വിപ്ളവത്തിന് തുടക്കം കുറിച്ചഅരുവിപ്പുറത്തും മഹാസമാധിയായ വർക്കല ശിവഗിരിയിലുംപ്രത്യേക പൂജകളും പ്രാർത്ഥനകളും നടക്കും. ശിവഗിരിയിൽ വൈകിട്ട് 4.30ന് വർണ്ണശബളമായ ജയന്തി ഘോഷയാത്ര നഗരപ്രദക്ഷിണം നടത്തും. ഗുരുദേവൻ ഹ്രസ്വയാത്രകൾക്ക് ഉപയോഗിച്ചിരുന്ന പവിത്രമായ റിക്ഷ പ്രത്യേകരഥത്തിൽ ഘോഷയാത്രയിൽ എഴുന്നള്ളിക്കും. ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളിലെ പ്രാർത്ഥനാ ചടങ്ങുകൾക്ക് പുറമെ, എസ് എൻ.ഡി.പി യോഗത്തിന്റെ ഏഴായിരത്തോളം ശാഖകളിലും മറ്റു ശ്രീനാരായണ സംഘടനകളുടെ ആഭിമുഖ്യത്തിലുംജയന്തി ആഘോഷിക്കും. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ. ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി ശുഭാംഗാനന്ദ,സ്വാമി സാന്ദ്രാനന്ദ തുടങ്ങിയ സന്യാസി ശ്രേഷ്ഠർ നേതൃത്വം നൽകും. ശിവഗിരിയിൽ നടക്കുന്ന ജയന്തി സമ്മേളനം കേന്ദ്രസഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ , മന്ത്രി പി.എ. മുഹമ്മദ് റിയാസ് , അടൂർപ്രകാശ് എം.പി, പ്രവാസി ഭാരതീയ അവാർഡ് ജേതാവ് കെ.ജി.ബാബുരാജൻ (ബഹ്റിൻ) എന്നിവർ പങ്കെടുക്കും.
ജയന്തിദിനം മുതൽ മഹാസമാധിദിനം വരെ നീണ്ടു നിൽക്കുന്ന ജപയജ്ഞം ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ ഉദ്ഘാടനം ചെയ്യും. അരുവിപ്പുറം മഠത്തിലെ ജയന്തി സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.
മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ,എം.എൽ.എമാരായ സി.കെ.ഹരീന്ദ്രൻ,എം.വിൻസെന്റ്,കെ.ആൻസലൻ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |