കൊച്ചി: ദേശസാത്കൃത റൂട്ടുകളിൽ ടൂറിസ്റ്റ് ബസുകൾ ഡെസ്റ്റിനേഷൻ ബോർഡുവച്ച് സ്റ്റോപ്പുകളിൽ നിറുത്തി സർവീസ് നടത്തുന്നതു തടയണമെന്ന കെ.എസ്.ആർ.ടി.സിയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. സർവീസ് ബസുകളെപ്പോലെ ടൂറിസ്റ്റ് ബസുകൾക്ക് സർവീസ് നടത്താനാകുംവിധം ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾ പെർമിറ്റ് ചട്ടത്തിൽ കേന്ദ്രം കൊണ്ടുവന്ന ഭേദഗതിയെ ചോദ്യം ചെയ്തു നൽകിയ ഹർജിയിലായിരുന്നു കെ.എസ്.ആർ.ടി.സിയുടെ ആവശ്യം. ജസ്റ്റിസ് ദിനേഷ് കുമാർ സിംഗ് ഹർജി കേന്ദ്ര സർക്കാരിന്റെ വിശദീകരണത്തിനായി രണ്ടാഴ്ചത്തേക്കു മാറ്റി.
ചട്ടഭേദഗതി പ്രകാരം ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എടുത്ത റോബിൻ ബസ് പത്തനംതിട്ട- കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തുന്നത് തടയാൻ മോട്ടോർ വാഹന വകുപ്പ് നിരന്തരം ശ്രമിക്കുന്നതിനിടെയാണ് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയെ സമീപിച്ചത്.
തങ്ങൾക്കു മാത്രമേ ദേശസാത്കൃത റൂട്ടുകളിൽ സർവീസ് നടത്താനാകൂവെന്ന് കെ.എസ്.ആർ.ടി.സി വാദിച്ചു.
കേന്ദ്രത്തിന്റെ ചട്ടഭേദഗതിയെ സർക്കാരിന്റെ ഭാഗമായ കെ.എസ്.ആർ.ടി.സിക്ക് എങ്ങനെ ചോദ്യം ചെയ്യാനാകുമെന്ന് കോടതി വാക്കാൽ ചോദിച്ചു. ടൂറിസ്റ്റ് പെർമിറ്റ് എടുക്കുന്ന ബസുകൾ വഴിമദ്ധ്യേ യാത്രക്കാരെ കയറ്റാൻ പാടില്ലെന്ന് നിയമത്തിലോ ചട്ടത്തിലോ പറയുന്നില്ലെന്നും ചൂണ്ടിക്കാട്ടി. സ്റ്റേജ് കാര്യേജുകൾക്കാണ് ഡെസ്റ്റിനേഷൻ ബോർഡ് വച്ച് സർവീസ് നടത്താനാവുകയെന്നും ടൂറിസ്റ്റ് ബസുകൾ കോൺട്രാക്ട് കാര്യേജുകളാണെന്നും കെ.എസ്.ആർ.ടി.സി വാദിച്ചു. എന്നാൽ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതില്ലെന്ന വ്യത്യാസമേയുള്ളൂവെന്ന് കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |