SignIn
Kerala Kaumudi Online
Tuesday, 21 April 2026 12.01 PM IST

കശുഅണ്ടി അഴിമതിക്കേസിൽ സർക്കാരിന് തിരിച്ചടി വിചാരണാനുമതി നിഷേധിച്ച ഉത്തരവ് കോടതി റദ്ദാക്കി

Increase Font Size Decrease Font Size Print Page
court

 സി.ബി.ഐക്കെതിരായ നടപടി​ കോടതിഅലക്ഷ്യം
വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഹാജരാകണം

കൊച്ചി: കശുഅണ്ടി ഇറക്കുമതി അഴിമതിക്കേസിൽ സി.ബി.ഐ സമർപ്പിച്ച വിചാരണാനുമതി അപേക്ഷ നിഷേധിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കോടതിനിർദ്ദേശം മറികടന്ന് അപേക്ഷതള്ളിയ നടപടി പ്രഥമദൃഷ്ട്യാ കോടതിഅലക്ഷ്യമെന്ന് ജസ്റ്റിസ് എ.ബദറുദ്ദീൻ വ്യക്തമാക്കി. വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് മേയ് 18ന് രാവിലെ നേരിട്ട് ഹാജരാകണമെന്നും ഉത്തരവിട്ടു.

കശുഅണ്ടി വികസന കോർപ്പറേഷൻ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ ആർ.ചന്ദ്രശേഖരൻ, മുൻ മാനേജിംഗ് ഡയറക്ടർ കെ.എ.രതീഷ് എന്നിവരെ വിചാരണചെയ്യാനാണ് സി.ബി.ഐ അനുമതി തേടിയത്. മൂന്നാംവട്ടം സമർപ്പിച്ച അപേക്ഷയും സർക്കാർ തള്ളുകയായിരുന്നു.

മേയ് 18ന് മുമ്പ് സി.ബി.ഐ അപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. കൊല്ലം സ്വദേശി കടകംപള്ളി മനോജ് സമർപ്പിച്ച കോടതിഅലക്ഷ്യ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.

സി.ബി.ഐ റിപ്പോർട്ടിലുള്ളത് കശുഅണ്ടി ഇറക്കുമതിയിലെ നടപടിക്രമങ്ങളിലെ പിഴവുകളും ഭരണപരമായ വീഴ്ചകളും മാത്രമാണെന്നാണ് സർക്കാർ വാദം. അഴിമതിയോ പദവിദുരുപയോഗമോ കണ്ടെത്തിയിട്ടില്ലെന്നും വ്യക്തമാക്കിയാണ് ഓരോതവണയും അപേക്ഷ തള്ളിയത്. സർക്കാർ നിലപാട് ന്യായീകരിക്കാനാകില്ലെന്നും സർക്കാരിന്റെ മുൻനിലപാടിനും കോടതിയുടെ വിലയിരുത്തലിനും വിരുദ്ധമാണിതെന്നും സിംഗിൾബെഞ്ച് പറഞ്ഞു. ചന്ദ്രശേഖരനേയും രതീഷിനേയും പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ വിമുഖത കാട്ടുകയാണെന്നും വിമർശിച്ചു.

വർഷങ്ങൾക്കുമുമ്പ് 80 കോടിയുടെ ക്രമക്കേട് നടന്ന വലിയ കുംഭകോണമാണിത്. പ്രതികൾ കുറ്റക്കാരാണെന്നതിനുള്ള തെളിവുകളുണ്ടായിട്ടും ഇവരെ വിചാരണയ്ക്ക് വിടാൻ സർക്കാർ മടികാട്ടുന്നു. ഇത് കോടതി ഉത്തരവിന്റെ ബോധപൂർവമായ ലംഘനവും പൊതുതാത്പര്യത്തിന് എതിരാണെന്നും സിംഗിൾബെഞ്ച് പറഞ്ഞു. പ്രോസിക്യൂഷൻ അനുമതി സർക്കാർ ആദ്യതവണ നിരസിച്ചപ്പോഴാണ് കടകംപള്ളി മനോജ് ഹൈക്കോടതിയെ സമീപിച്ചത്.

കശുഅണ്ടി അഴിമതി കേസ്

കാഷ്യൂ കോർപ്പറേഷൻ 2006- 2015ൽ അസംസ്‌കൃത കശുഅണ്ടി ഇറക്കുമതി ചെയ്തതിലാണ് 80 കോടിയുടെ അഴിമതിയും ഫണ്ട് ദുരുപയോഗവും ആരോപിക്കപ്പെട്ടത്. ഹൈക്കോടതി ഉത്തരവുപ്രകാരം 2016ലാണ് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തത്.

TAGS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.