
കൊച്ചി: കഴിഞ്ഞവർഷം പ്രയാഗ്‌രാജിലെ കുംഭമേളയിൽ വൈറൽ താരമായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതായി ആരോപിച്ച് മദ്ധ്യപ്രദേശിൽ രജിസ്റ്റർ ചെയ്ത കേസിൽ ഭർത്താവ് ഫർമാൻ ഖാനെയും പെൺകുട്ടിയെയും അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി മേയ് 20വരെ തടഞ്ഞു.
മലയാളം സിനിമയിൽ അഭിനയിക്കുന്ന തങ്ങൾ പ്രണയത്തിലായെന്നും മാർച്ച് 11ന് കേരളത്തിൽ വച്ചു വിവാഹിതരായെന്നും ഭാര്യാഭർത്താക്കന്മാരായി ജീവിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയുള്ള മുൻകൂർ ജാമ്യഹർജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്.
പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതായി ആരോപിച്ച് പിതാവ് മദ്ധ്യപ്രദേശ് പൊലീസിന് നൽകിയ പരാതിയുടെ പകർപ്പ് ഹർജിക്കാർ കോടതിയിൽ ഹാജരാക്കി. പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന പരാതിയും ഉന്നയിക്കുന്നുണ്ട്. പോക്സോക്കേസിൽ നടപടിക്കായി മദ്ധ്യപ്രദേശ് പൊലീസ് കേരളത്തിലേക്ക് എത്തുന്നതായി സമൂഹമാദ്ധ്യമ പോസ്റ്റിൽ അറിഞ്ഞുവെന്നും തങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ആരോപണം വ്യാജമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. വിവാഹ സർട്ടിഫിക്കറ്റും പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റും ഉൾപ്പെടെ ഹർജിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.
പെൺകുട്ടിയുടെ പിതാവ് ആദ്യം വിവാഹത്തെ എതിർത്തിരുന്നില്ല, പിന്നീട് ബന്ധുക്കളുടെ പ്രേരണയിൽ നിലപാട് മാറ്റിയതാണെന്നും ഹർജിയിൽ പറയുന്നു. കേസ് മറ്റെവിടെ രജിസ്റ്റർ ചെയ്താലും കേരളത്തിൽ നിന്ന് അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെങ്കിൽ കേരളത്തിൽ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുമെന്നുള്ള ‘സന്ദീപ് വർഗീസ് കേസി’ലെ കോടതി വിധിയും ഹർജിക്കാർ ചൂണ്ടിക്കാട്ടി. മദ്ധ്യപ്രദേശ് ഡി.ജി.പിക്ക് കോടതി നോട്ടീസ് അയച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല. കഴിഞ്ഞ 8ന് കേസെടുത്തപ്പോഴും പൊലീസിന്റെ വിശദീകരണം ലഭിച്ചിട്ടില്ലെന്നാണ് സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് അടുത്ത മാസം 20വരെ അറസ്റ്റ് തടഞ്ഞത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് ദേശീയ പട്ടികവർഗ കമ്മിഷൻ കണ്ടെത്തിയിരുന്നു.
വൈറൽ താരത്തിന്റെ ആധാർ കാർഡ് വ്യാജമല്ലെന്ന് പൊലീസ്
തിരുവനന്തപുരം : കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തിൽ ഒരു വീഴ്ചയും കേരള പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് പൊലീസ് റിപ്പോർട്ട്. പെൺകുട്ടി ഹാജരാക്കിയ ആധാർ കാർഡ് വ്യാജമല്ലെന്നാണ് കണ്ടെത്തൽ. യു.ഐ.ഡി.എ.ഐ വെബ്സൈറ്റിൽ പരിശോധിച്ച് ഉറപ്പു വരുത്തിയെന്നും ഡി.ജി.പി റവാഡ ചന്ദ്രശേഖറിന് തിരുവനന്തപുരം റൂറൽ എസ്.പി ജുവനപുടി മഹേഷ് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
പെൺകുട്ടി നൽകിയ ആധാർ നമ്പറാണ് ജനന സർട്ടിഫിക്കറ്റിലുമുള്ളത്. എന്നാൽ ജനന സർട്ടിഫിക്കറ്റ് സ്ഥിരീകരിക്കാൻ സംവിധാനമില്ല. ഈ മാസം 22ന് ദേശീയ പട്ടിക വർഗ
കമ്മീഷൻ മുമ്പാകെ ഡി.ജി.പി ഇത് സമർപ്പിക്കും.വിവാഹ സമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലന്ന കമ്മീഷന്റെ കണ്ടെത്തലിനെത്തുടർന്നാണ് മദ്ധ്യപ്രദേശ് പൊലീസ് ഫർമാൻ ഖാനെതിരെ പോക്സോ കേസെടുത്തത്. മാർച്ച് 11ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നയിനാർ ദേവ ക്ഷേത്രത്തിലായിരുന്നു വിവാഹം. വിവാഹ സമയത്ത് പെൺകുട്ടിക്ക് 16 വയസും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ കണ്ടെത്തി. വിവാഹത്തിനായി വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. 2009 ഡിസംബർ 30നാണ് പെൺകുട്ടി ജനിച്ചതെന്ന് മദ്ധ്യപ്രദേശിലെ ആശുപത്രി രേഖകൾ വ്യക്തമാക്കുന്നു. വിവാഹത്തിനായി വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചതായും റിപ്പോർട്ടിലുണ്ട്. ഇതോടെയാണ് ഫർമാൻ ഖാനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തതും കേരള, മദ്ധ്യപ്രദേശ് ഡി.ജി.പിമാരോട് ഹാജരാകാൻ നിർദ്ദേശിച്ചതും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |