
ഹൃദയം മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാ ആശുപത്രി
കൊച്ചി: ഹൃദയം മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജനറൽ ആശുപത്രിയെന്ന നേട്ടത്തിൽ എറണാകുളം ജനറൽ ആശുപത്രി. വാഹനാപകടത്തിൽ പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം ചിറക്കര സ്വദേശി ഷിബു (47)വിന്റെ ഹൃദയം നേപ്പാൾ സ്വദേശിനി ദുർഗ കാമി (21)യ്ക്കാണ് വച്ചുപിടിപ്പിച്ചത്.
ഞായറാഴ്ച രാത്രിയോടെയാണ് ശസ്ത്രക്രിയയ്‌ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്. ഇന്നലെ രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിയ കാർഡിയോ തൊറാസിക് സർജൻ ഡോ. ജോർജ് വാളൂരാനും ടീമംഗങ്ങളായ ഡോ. ജിയോ പോൾ, ഡോ. പോൾ തോമസ്, ഡോ. വിജോ ജോർജ് എന്നിവരും ഷിബുവിൽ നിന്നെടുത്ത ഹൃദയവുമായി ഒന്നരയോടെ ഹെലികോപ്ടറിൽ കൊച്ചിയിലേക്ക് പറന്നു. 2.55ന് എറണാകുളം ഗ്രാൻഡ് ഹയാത്ത് ഹെലിപാഡിലിറങ്ങി. പൊലീസ് ഒരുക്കിയ ഗ്രീൻ കോറിഡോറിലൂടെ നാലു മിനിട്ട് കൊണ്ട് ആംബുലൻസിൽ ജനറൽ ആശുപത്രിയിലെത്തി. ഒന്നര മണിക്കൂർ കൊണ്ട് ശസ്ത്രക്രിയ പൂർത്തീകരിച്ചു.
എറണാകുളം ജനറൽ ആശുപത്രിയിലെ ഏഴുനില സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്ക് വൻകിട ആശുപത്രികളോട് കിടപിടിക്കുന്നതാണ്. മാസം 50ലേറെ ഹൃദയശസ്ത്രക്രിയകൾ നടക്കാറുണ്ട്. നാലു മാസം മുമ്പ് ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് പൂർണസജ്ജമായി.
കാത്തിരിപ്പിനൊടുവിൽ
ദുർഗയ്ക്ക് പുതുജീവൻ
കൊച്ചി: മാതാപിതാക്കളെ നേരത്തേ തന്നെ നഷ്ടപ്പെട്ട ദുർഗ കാമി (21)യും അനുജൻ തിലക് കാമിയും നേപ്പാളിലെ അനാഥലായത്തിലാണ് ജീവിക്കുന്നത്. അമ്മയെ മരണത്തിലേക്ക് നയിച്ച ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതിയാണ് (കാർഡിയാക് സാർക്കോയിഡോസിസ്) ദുർഗയേയും ബാധിച്ചതെന്ന് അറിഞ്ഞപ്പോൾ അനാഥാലയ നടത്തിപ്പുകാരനായ മലയാളി പറഞ്ഞതനുസരിച്ചാണ് കേരളത്തിൽ ചികിത്സ തേടാൻ തീരുമാനിച്ചത്. അമൃത ആശുപത്രിയിലെ പരിശോധനയിൽ സ്ഥിരീകരിച്ചു. ഹൃദയമാറ്റമല്ലാതെ മറ്റു വഴിയില്ലെന്നായി. 2024 ഡിസംബറിൽ ചികിത്സ എറണാകുളം ജനറൽ ആശുപത്രിയിലാക്കി.മാറ്റിവയ്ക്കാൻ അനുയോജ്യ ഹൃദയത്തിനും നിയമാനുമതിക്കുമായി കാത്തിരുന്നെങ്കിലും വിദേശ പൗരയായതിനാൽ മൃതസഞ്ജീവനി പട്ടികയിലെ മുൻഗണനാക്രമത്തിൽ പിന്നാക്കം പോയി. ഹൈക്കോടതിയുടെ ഇടപെടലാണ് വഴിത്തിരിവായത്. ദുർഗയുടെ അപേക്ഷ അടിയന്തരമായി പരിഗണിക്കാൻ ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ ഉത്തരവിട്ടു. ഹൃദയാഘാത മരണം ഏതു നിമിഷവും സംഭവിച്ചേക്കുമെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ടും കോടതി പരിഗണിച്ചു.
ഏഴ് അവയവങ്ങൾ നൽകി
ഷിബു യാത്രയായി
നേപ്പാൾ സ്വദേശിക്ക് നൽകിയ ഹൃദയം ഉൾപ്പടെ ഏഴ് അവയവങ്ങൾ മറ്റുള്ളവർക്കായി നൽകിയാണ് ഷിബു ഈ ലോകത്തോട് വിടചൊല്ലിയത്.ഒരു വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലേക്കയും ഒരു വൃക്ക കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജിലേയും കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലേയും രണ്ട് നേത്രപടലങ്ങൾ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താൽമോളജിയിലേയും രോഗികൾക്കാണ് നൽകിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്ഥാപിച്ച സ്‌കിൻ ബാങ്കിലേക്ക് ചർമ്മവും നൽകി.നാല് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് അവയവങ്ങൾ പുറത്തെടുത്തത്.
കഴക്കൂട്ടത്ത് ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്ന ഷിബു വീട്ടിലേക്ക് വരുന്ന വഴി ഡിസംബർ 14ന് കൊല്ലത്തുവച്ച് സ്‌കൂട്ടറിൽ നിന്ന് വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും 21ന് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു.ശകുന്തളയാണ് ഷിബുവിന്റെ അമ്മ. ഷിജി.എസ്, സലീവ്.എസ് എന്നിവരാണ് കുടുംബാംഗങ്ങൾ.
അവയവദാനത്തിന് കുടുംബം സന്നദ്ധത അറിയിച്ചതോടെ ഞായർ രാത്രി മുതൽ മന്ത്രി വീണാ ജോർജിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്ടറിലാണ് ഹൃദയം എറണാകുളത്തേക്ക് കൊണ്ട് പോയത്. മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ക്രമീകരണങ്ങൾ ഒരുക്കി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, പൊലീസ്, ജില്ലാ ഭരണകൂടങ്ങൾ എന്നിവ സംയുക്തമായി പ്രവർത്തിച്ചു. കെ സോട്ടോയാണ് അവയവ വിന്യാസം ഏകോപിപ്പിച്ചത്.
ഹൃദയമാറ്റം സമയക്രമം
2 pm
ദുർഗയുടെ ശസ്ത്രക്രിയ ആരംഭിക്കുന്നു
3.20 pm
ഹൃദയമാറ്റം ആരംഭിച്ചു.
4.50 pm
ഹൃദയം തുന്നിച്ചേർത്തു
6.30 pm
ശസ്ത്രക്രിയ പൂർണമായി
7.30 pm
പമ്പിംഗ് മെഷീൻ മാറ്റി ഹൃദയം മിടിച്ചു തുടങ്ങി
8pm
ട്രാൻസ്പ്ളാന്റ് ഐ.സി.യുവിലേക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |