SignIn
Kerala Kaumudi Online
Thursday, 19 February 2026 12.17 AM IST

ആഗോള അയ്യപ്പ സംഗമത്തിലെ കണക്കുകളിൽ പൊരുത്തക്കേട്; ദേവസ്വം ബോർഡിനോട് മറുപടി തേടി ഹൈക്കോടതി

Increase Font Size Decrease Font Size Print Page
agola-ayyappa-sangamam

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിലെ വരവ് ചെലവ് കണക്കുകളിലെ പൊരുത്തക്കേടിൽ ദേവസ്വം ബോർഡിനോട് മറുപടി തേടി ഹൈക്കോടതി. സ്‌പെഷ്യൽ കമ്മിഷണർ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിലാണ് കോടതി പൊരുത്തക്കേടുകൾ കണ്ടെത്തിയത്. പത്ത് ദിവസത്തിനകം കൃത്യമായ കണക്കുകൾ കോടതിയെ ധരിപ്പിക്കണമെന്നാണ് നിർദേശം.

ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ എസ്ഐടി നൽകിയ റിപ്പോർട്ടിൽ ആഗോള അയ്യപ്പസംഗമത്തെക്കുറിച്ച് പരാമർശമുണ്ടെന്നാണ് വിവരം. പിഎസ് പ്രശാന്ത് ആയിരുന്നു അപ്പോൾ ദേവസ്വം ബോർഡ് പ്രസിഡന്റ്. അയ്യപ്പ സംഗമം തീരുമാനിച്ച വിവരം ദേവസ്വം യോഗത്തിന്റെ മിനിട്‌സിൽ ഇല്ലെന്നാണ് എസ്ഐടി റിപ്പോർട്ടിൽ പറയുന്നത്.

അയ്യപ്പസംഗമം നടത്തിയതുവഴി 3.40 കോടി രൂപയുടെ നഷ്‌ടം ദേവസ്വം ബോർഡിനുണ്ടായിട്ടുണ്ടെന്നാണ് വിവരം. ദേവസ്വം ബോർഡിന്റെയോ സർക്കാരിന്റെയോ പണം അയ്യപ്പസംഗമത്തിനായി ഉപയോഗിക്കരുതെന്ന നിർദേശം ഹൈക്കോടതി നൽകിയിരുന്നു. സ്‌പോൺസർഷിപ്പിലൂടെ കണ്ടെത്താമെന്ന് കരുതിയ പണം ലഭിക്കാത്തതിനാൽ ദേവസ്വം ബോർഡിന്റെ സർപ്ലസ് ഫണ്ടിൽ നിന്നും മൂന്നുകോടിയിലധികം രൂപ ചെലവാക്കിയതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

അതേസമയം, ആഗോള അയ്യപ്പ സംഗമത്തിനായി നാല് കോടി രൂപ സ്‌പോൺസർഷിപ്പിലൂടെ കിട്ടിയ കാര്യം അറിയാമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ പറഞ്ഞു. ബാക്കി കണക്ക് കൃത്യമായി പറയേണ്ടത് ദേവസ്വം ബോർഡാണ്. സംഗമത്തിനായി സർക്കാർ ഒരുക്കിയത് പശ്ചാത്തല സൗകര്യം മാത്രമാണ്. അയ്യപ്പ സംഗമം കാരണമാണ് ശബരിമല സ്വർണക്കൊള്ള പുറത്തുവന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

TAGS: AGOLA AYYAPPA SANGAMAM, HIGH COURT, AUDIT REPORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY