SignIn
Kerala Kaumudi Online
Wednesday, 25 February 2026 3.56 AM IST

തിരിച്ചടി, ആശ്വാസം

Increase Font Size Decrease Font Size Print Page
court

ന്യൂഡൽഹി: സർക്കാർ ജീവനക്കാരുടെ ശമ്പള സോഫ്റ്റ്‌വെയറായ 'സ്പാർക്കിലെ' ഡാറ്റ ഉപയോഗിച്ച് വാട്സാപ്പ് സന്ദേശമയച്ചതിൽ ഹൈക്കോടതിയിൽ നിന്ന് രൂക്ഷവിമർശനമേറ്റ സർക്കാരിന് നവകേരള സർവേ തടഞ്ഞ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തത് ആശ്വാസമായി. തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടുള്ള സർക്കാരിന്റെ വാട്സാപ്പ് പ്രചാരണത്തിനാണ് തിരിച്ചടിയേറ്റത്. എന്നാൽ, നവകേരള സർവേയിൽ ഇനി തടസമില്ലാതെ മുന്നോട്ടുപോകാനാകും.

ജീവനക്കാർക്ക് സന്ദേശം:

സ്വകാര്യതയിലേക്കുള്ള

കടന്നുകയറ്റം: ഹൈക്കോടതി

കൊച്ചി: ജീവനക്കാരുടെ മൊബൈലിലേക്ക് അനുവാദമില്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് സന്ദേശമയച്ചത് പ്രഥമദൃഷ്ട്യാ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ഹൈക്കോടതി. വ്യക്തിവിവരങ്ങൾ അനുവാദമില്ലാതെ എടുക്കില്ലെന്ന് മുൻപ് ഉറപ്പ് നൽകിയിട്ടും എങ്ങനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് വ്യക്തികളുടെ മൊബൈൽനമ്പറുകൾ ലഭിച്ചതെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്.

വിശദീകരണത്തിന് സമയംതേടിയ സർക്കാർ ഹർജി വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ചവരെ സന്ദേശങ്ങൾ അയയ്‌ക്കില്ലെന്ന് ഉറപ്പുനൽകി. ജീവനക്കാർക്ക് ഡി.എ അനുവദിച്ചതടക്കം 'ഉറപ്പാണ് വാക്ക്' എന്ന തലക്കെട്ടിൽ വാട്‌സാപ്പിൽ സന്ദേശമയച്ചതിനെതിരെ അദ്ധ്യാപകനായ റഷീദ് അഹമ്മദ്, സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായ കെ.എം.അനിൽകുമാർ എന്നിവരാണ് ഹർജി നൽകിയത്.


ശമ്പള വിവരവുംമറ്റും അറിയിക്കുന്നതിനുള്ള ഫോൺനമ്പർ അടക്കമുള്ള ഡേറ്റകൾ ആർക്കും ലഭിക്കുമെങ്കിൽ എങ്ങനെയാണ് സുരക്ഷ ഉറപ്പാക്കുന്നത്. ജഡ്ജിമാർ അടക്കമുള്ളവർക്ക് സന്ദേശങ്ങൾ അയച്ചെന്ന ആരോപണം ഗുരുതരമാണെന്നും കോടതി.

ഡാറ്റ ചോർന്നിട്ടുണ്ടാകാം

1.ഹർജിയിലെ ആരോപണം ശരിയെങ്കിൽ ഡാറ്റ ചോർന്നിട്ടുണ്ടെന്നാണ് അർത്ഥമെന്ന് ഹൈക്കോടതി

2.സർക്കാരിന്റെ ഐ.ടി വിഭാഗമാണ് ഡാറ്റ കൈകാര്യം ചെയ്യുന്നതെന്ന് സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർ വി.മനു. പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്നും സമാനരീതിയിലുള്ള സന്ദേശങ്ങൾ അയയ്ക്കാറുണ്ട്

നവകേരള സ‌ർവേ നടത്തുന്നതിൽ

എന്താണ് തെറ്ര്: സുപ്രീംകോടതി

ന്യൂഡൽഹി: സംസ്ഥാന സർക്കാർ നവകേരള സ‌ർവേ നടത്തുന്നതിൽ എന്താണ് തെറ്രെന്ന് ചോദിച്ചാണ് ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേചെയ്തത്. സംസ്ഥാനം ആവിഷ്കരിച്ച പദ്ധതികളുടെ ഫലമെന്തായെന്ന് മനസിലാക്കുന്നതിലും, എങ്ങനെ മെച്ചപ്പെടുത്താമെന്ന് ചിന്തിക്കുന്നതിലും തെറ്റെന്താണ്. സർവേയ്‌ക്ക് ചെലവായ തുകയെക്കുറിച്ച് ഉചിതമായ സമയത്ത് സർക്കാർ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു.

ഹൈക്കോടതിയിലെ ഹർജിക്കാരനായ എം.എച്ച്.മുബാസിനടക്കം നോട്ടീസ് അയയ്ക്കാനും ഉത്തരവിട്ടു. സർവേയ്ക്കായി വോളന്റിയർമാർക്ക് നയാപൈസ നൽകിയിട്ടില്ലെന്ന് സർക്കാർ അറിയിച്ചു. ഹൈക്കോടതി വിധിക്കെതിരെയുള്ള സർക്കാരിന്റെ അപ്പീലാണ് പരിഗണിച്ചത്. ഏപ്രിൽ 13ന് വീണ്ടും പരിഗണിക്കും.

പി.ആർ ക്യാമ്പയിനെന്ന്

ഹർജിക്കാർ

1.സി.പി.എമ്മിനായി സർക്കാർച്ചെലവിൽ നടത്തുന്ന പി.ആർ ക്യാമ്പയിനാണിതെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ അൽജോ കെ.ജോസഫ് വാദിച്ചു. 20 കോടിയാണ് അനുവദിച്ചത്.

2.ഔദ്യോഗിക വിജ്ഞാപനത്തിനു മുൻപ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് വിവരം ലഭിച്ചിരുന്നു. പാർട്ടിക്കാരെ ഉപയോഗിച്ചാണ് സർവേ. എന്നാൽ, പ്രാദേശിക നേതാക്കൾ അത്തരം കാര്യങ്ങൾ ചെയ്യാറുള്ളത് സ്വാഭാവികമല്ലേയെന്നായിരുന്നു കോടതിയുടെ ചോദ്യം

TAGS: COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.