
തിരുവനന്തപുരം: ഹയർ സെക്കൻഡറിക്ക് പുതിയ ബാച്ച് അനുവദിക്കുന്നതും വിദ്യാർത്ഥികൾ കുറവുള്ള ബാച്ചുകൾ നീക്കം ചെയ്യുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഹയർ സെക്കൻഡറി ബാച്ച് പുനഃക്രമീകരണ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ജൂണിൽ അഡ്മിഷൻ നടപടികൾ ആരംഭിച്ച് ജൂലായ് ആദ്യവാരം ക്ലാസുകൾ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ട പ്രവർത്തനങ്ങളെല്ലാം 25നകം പൂർത്തിയാക്കണം. ഡി.ഡി, ആർ.ഡി.ഡി, എ.ഡി തുടങ്ങിയവർ ഇത് വിലയിരുത്തുകയും ഡി.ജി.ഇക്ക് റിപ്പോർട്ട് നൽകുകയും വേണമെന്നും വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ മന്ത്രി പറഞ്ഞു.
അദ്ധ്യാപകർ കുട്ടികളുടെ വീട്ടിലേക്ക്
പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തുന്നതിന് അദ്ധ്യാപകരും അദ്ധ്യാപക സംഘടനകളും കുട്ടികളുടെ വീടുകൾ സന്ദർശിക്കുന്ന പ്രവർത്തനം എ.ഇ.ഒ, ഡി.ഇ.ഒ തലത്തിലേക്ക് വ്യാപിപ്പിക്കണം.
ജില്ലാതല പി.ടി.എ യോഗം
എല്ലാ ജില്ലകളിലും ഉച്ചഭക്ഷണ പദ്ധതിയുമായും സ്‌കൂൾ നടത്തിപ്പുമായും ബന്ധപ്പെട്ട് പി.ടി.എ പ്രസിഡന്റുമാരുടെ യോഗം മന്ത്രിമാരുടെയും എം.എൽ.എ മാരുടെയും നേതൃത്വത്തിൽ 10 മുതൽ 20 വരെ ജില്ലാതലത്തിൽ വിളിച്ചുകൂട്ടുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.
സ്‌കൂൾ കുട്ടികളെ മറ്റ് പരിപാടികളിൽ പങ്കെടുപ്പിക്കാൻ പാടില്ല എന്ന് സർക്കാർ നിർദ്ദേശം കർശനമായി പാലിക്കണം. സ്കൂൾ ക്യാമ്പസുകൾ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പാടില്ല.
പ്രവേശനോത്സവം, സ്‌കൂൾ ശുചീകരണം, അടുത്ത അക്കാഡമിക് വർഷത്തെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യൽ തുടങ്ങിയവയ്ക്ക് രൂപരേഖ തയ്യാറാക്കാൻ രക്ഷാകർത്തൃ സംഗമങ്ങൾ വിളിച്ചു ചേർക്കണം. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ തുക ഉയർത്തുന്ന വിഷയം സർക്കാരിന്റെ പരിഗണനയിലുണ്ട്. പാഠപുസ്തക, സ്കൂൾ യൂണിഫോം വിതരണം സമയബന്ധിതമായി പൂർത്തിയാക്കണം. സ്കൂൾ പരിസരം ശുചിത്വത്തോടെ സംരക്ഷിക്കാൻ ഗ്രീൻ ക്യാമ്പസ്, ക്ളീൻ ക്യാമ്പസ് പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |