
തിരുവനന്തപുരം: പ്രമുഖ ചരിത്രകാരനും കേരള ചരിത്രഗവേഷണ കൗൺസിൽ സ്ഥാപക ചെയർമാനുമായ ഡോ. കെ എൻ പണിക്കർ (89) അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിലായിരുന്നു അന്ത്യം. ചരിത്ര രചനയിൽ മാർക്‌സിസ്റ്റ് രചനാരീതി സ്വീകരിച്ചിട്ടുള്ള പണിക്കർ ഇന്ത്യയിലെ തന്നെ പ്രമുഖ ചരിത്രകാരന്മാരിൽ ഒരാളായിരുന്നു.
ഗുരുവായൂർ തൈക്കാട്ട് കണ്ടിയൂർ വീട്ടിൽ കൃഷ്‌ണൻ നായരുടെയും ഇച്ചുക്കുട്ടി അമ്മയുടെയും മകനായി 1936ൽ ജനിച്ചു. ചാവക്കാട് ബോഡ് ഹൈസ്‌കൂൾ, പാലക്കാട് ഗവൺമെന്റ് വിക്‌ടോറിയ കോളേജ്, രാജസ്ഥാൻ സർവകലാശാല എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ചരിത്ര വിഭാഗം അദ്ധ്യാപകനായി. വകുപ്പ് മേധാവിയായും സ്‌കൂൾ ഓഫ് സോഷ്യൽ സയൻസിന്റെ ഡീനായും ആർക്കൈവ്‌സ് ഓഫ് കണ്ടമ്പററി ഹിസ്റ്ററിയുടെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
വിദേശസർവകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വൈസ് ചാൻസലറായിരുന്നു. നിലവിൽ കേരള ഹയർ എജ്യൂക്കേഷൻ കൗൺസിലിന്റെ ചെയർമാനായി പ്രവർത്തിച്ചുവരികയായിരുന്നു.
കൾച്ചർ ആൻഡ് കോൺഷ്യസ്‌നസ് ഇൻ മോഡേൺ ഇന്ത്യ, ബ്രിട്ടീഷ് ഡിപ്ലോമസി ഇൻ നോർത്ത് ഇന്ത്യ, ഐഡിയോളജി ആന്റ് ഹെഗിമണി, കമ്മ്യൂണൽ ത്രെട്ട് സെക്കുലർ ചലഞ്ച്, കണ്ടമ്പററി ഇന്ത്യ; കൾച്ചർ ആന്റ് പൊളിറ്റിക്‌സ് മുതലായ ഗ്രന്ഥങ്ങൾ കൂടാതെ നിരവധി പുസ്‌തകങ്ങൾ എഡിറ്റ് ചെയ്‌തിട്ടുമുണ്ട്. 2017ൽ കേരള സാഹിത്യ അക്കാഡമി വിശിഷ്‌ടാംഗത്വം നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |