തിരുവനന്തപുരം: സിനിമയിലെ ഹിറ്റ്‌മേക്കർമാർക്കെല്ലാം ട്രെൻഡ് മേക്കർമാരാകാൻ കഴിയില്ല. എന്നാൽ ലാലുമൊത്ത് ചെയ്ത ആദ്യ സിനിമ മുതൽ സിദ്ദിഖ് ഇത് രണ്ടുമായി.
വില്ലന്റെ പേര് ടൈറ്റിലാക്കിയ റാംജിറാവു ഒരു ട്രെൻഡിന് തുടക്കമിടുകയായിരുന്നു. തൊഴിലില്ലാത്ത സുഹൃത്തുക്കൾ, സാമ്പത്തിക ക്ലേശം,തമാശ, വില്ലന്റെ വരവ്, പൊട്ടിവീഴുന്ന പ്രശ്നങ്ങൾ, പരിഹാരം, ശുഭം... തൊണ്ണൂറുകളുടെ പകുതി വരെ ഇത്തരം നിരവധി സിനിമകൾ വന്നു.
റാംജിറാവുവിന്റെ പ്രിവ്യൂ കണ്ട് ചിരിച്ചത് കൊച്ചിൻ ഹനീഫ മാത്രമായിരുന്നു. മദ്രാസിലെ എം.എം തിയേറ്ററിൽ സിദ്ദിഖും ലാലും ടെൻഷനിൽ. കൊച്ചിൻ ഹനീഫ ചിരിച്ചു മറിയുകയാണ്. വേറെ ആരും ചിരിച്ചില്ല. പലർക്കും സിനിമ ഇഷ്ടപ്പെട്ടില്ല. കൊച്ചിൻ ഹനീഫ പറഞ്ഞു -
''മലയാള സിനിമ കണ്ടിട്ടില്ലാത്ത ഹ്യൂമറാണ്. ഇത് സൂപ്പർ ഹിറ്റാവും '' അങ്ങനെ തന്നെ സംഭവിച്ചു.
രണ്ടാമത്തെ ചിത്രം ഇൻ ഹരിഹർ നഗറും ട്രെൻഡുണ്ടാക്കി. റാംജി റാവുവിൽ മൂവർ സംഘമായിരുന്നെങ്കിൽ ഹരിഹർ നഗറിൽ നാൽവർ സംഘം. മുകേഷും സിദ്ദിക്കും ജഗദീഷും പിന്നെ എത്രയോ സിനിമകളിൽ കൂട്ടുകാരായി.
'ഗോഡ്ഫാദറി'ന് ഒരു റെക്കാഡുണ്ട്. റിലീസിംഗ് സെന്ററിൽ തുടർച്ചയായി 400 ദിവസം പിന്നിട്ട ഏക മലയാള സിനിമ. ഒരു വർഷം ഓടിയ പ്രിയദർശന്റെ മോഹലാൽ ചിത്രമായ 'ചിത്ര'ത്തിന്റെ റെക്കാഡാണ് തകർത്തത്.
ഗോഡ് ഫാദറിൽ എൻ.എൻ.പിള്ളയെ കേന്ദ്രകഥാപാത്രമാക്കിയത് അദ്ദേഹത്തിന്റെ നാടകങ്ങൾ കണ്ടാണ്. അദ്ദേഹം അഭിനയിക്കുമോ എന്ന് ഉറപ്പില്ലായിരുന്നു. മകൻ വിജയരാഘവൻ വഴി ശ്രമിച്ചാണ് കഥ കേൾപ്പിച്ചത്. അഞ്ഞൂറാനെപ്പോലെയായിരുന്നു പല കാര്യങ്ങളിലും പിള്ള സാർ. ദേഷ്യക്കാരൻ, കർക്കശക്കാരൻ.
അദ്ദേഹം ചോദിച്ചു - 'ഈ സിനിമയിൽ ഞാൻ എന്തിനാണ്? തിലകൻ അഭിനയിച്ചാൽ പോരെ?'
'തിലകൻ ചേട്ടന് തടിയൊക്കെയില്ലേ. ഞങ്ങളുടെ കഥാപാത്രം മെലിഞ്ഞാണ്. നല്ല മനോബലമുള്ള മനുഷ്യനാണ്. തർക്കിക്കാൻ പോലും ആരും ധൈര്യപ്പെടില്ല. അങ്ങനെ ഒരാളെ വേണം.'
'ഞാൻ അങ്ങനത്തെ ഒരാളാണോ?'
'സാറ് അങ്ങനല്ല. പക്ഷേ, നാടക ഇമേജ് അതാണ്. ആ ഇമേജ് സിനിമയ്‌ക്ക് വേണം. അദ്ദേഹം ചിരിച്ചു. അഭിനയിക്കാൻ സമ്മതിച്ചു.
ഗോഡ്ഫാദറും ട്രെൻഡായി. രണ്ട് കുടുംബം, രണ്ട് തറവാടുകൾ, രണ്ടു കരക്കാർ , രണ്ട് ഗ്രാമങ്ങൾ, രണ്ട് പഞ്ചായത്തുകൾ...ഒരു ഭാഗത്ത് നായകനും, മറു ഭാഗത്ത് വില്ലനും. ഇത് ഇപ്പോഴും സിനിമയെ വിട്ടുമാറിയിട്ടില്ല.
'വിയറ്റ്നാം കോളനി' സിദ്ദിഖ് ലാലുമാരുടെ ആദ്യത്തെ സൂപ്പർതാര ചിത്രമായിരുന്നു. ലാൽ-ഇന്നസെന്റ് കോമഡി ചിരിതരംഗമായി. കാബൂളിവാലയിൽ കോമഡി രാജാക്കന്മാരായ ഇന്നസെന്റിനെയും ജഗതിയെയും സീരിയസായ കേന്ദ്രകഥാപാത്രങ്ങളാക്കി. അത് മറ്റൊരു ട്രെൻഡിന്റെ തുടക്കമായി. ഹാസ്യ നടന്മാർ സീരിയസ് റോളുകൾ ഗംഭീരമാക്കുന്ന എത്രയോ ചിത്രങ്ങളാണ് ഇപ്പോൾ വരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |