ഹോമിയോപ്പതിയുടെ പിതാവായ ഡോ. ക്രിസ്ത്യൻ ഫ്രെഡറിക് സാമൂവൽ ഹാനിമാന്റെ ജന്മദിനമാണിന്ന്. അതുവരെയുള്ള ചികിത്സാരീതികളിൽ നിന്നു വ്യത്യസ്തമായാണ് സാമുവൽ ഹനിമാൻ ഈ വൈദ്യശാസ്ത്രശാഖയെ രൂപപ്പെടുത്തിയത്. ഇളം തലമുറയിലെ ഈ ശാസ്ത്രം വെറും 227 വർഷം കൊണ്ട് ലോകത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കിയതിൽ അത്ഭുതം കൂറുന്നവരും അസൂയപ്പെടുന്നവരുമുണ്ട്. വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ കീഴിലുള്ള നൂറോളം രാജ്യങ്ങളിൽ അനൗദ്യോഗികമായും 65 ഓളം രാജ്യങ്ങളിൽ ഔദ്യോഗികമായും ഇടം പിടിച്ചിട്ടുണ്ട്. ലോക ജനതയ്ക്കായി ഒറ്റയാൾ പോരാട്ടത്തിലൂടെ സ്വന്തം ശരീരത്തെ പരീക്ഷണശാലയാക്കി പുതിയ അറിവുകൾ വരും തലമുറയ്ക്കായി കരുതിയ വിശാല ഹൃദയന്റെ ജന്മദിനം ആഘോഷിക്കാതെ പോകുന്നത് നീതിയുക്തമല്ല.
ആരോഗ്യമുള്ള വ്യക്തിയിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ കഴിവുള്ള പദാർത്ഥങ്ങൾ അതേ ലക്ഷണമുള്ള രോഗിക്ക് നേർപ്പിച്ച് നൽകിയാൽ രോഗശമനമുണ്ടാകുമെന്ന തത്വത്തെ അടിസ്ഥാനമാക്കിയ ഹോമിയോ വൈദ്യശാസ്ത്രത്തെ വിസ്മയത്തോടെ മാത്രമേ നോക്കിക്കാണാനാകു. 1755 ഏപ്രിൽ 10ന് ജർമ്മനിയിലെ സക്‌സോണിയയിലാണ് സാമുവൽ ഹാനിമാന്റെ ജനനം. ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, അറബിക്, ഗ്രീക്ക്, ലാറ്റിൻ ഇറ്റാലിയൻ തുടങ്ങി പതിനഞ്ചോളം ഭാഷകൾ അദ്ദേഹത്തിന് വശമായിരുന്നു. നൂറുകണക്കിന് പുസ്തകങ്ങൾ രചിച്ചു. പാരീസിൽ താമസിക്കവേ 1843, ജൂലായ് രണ്ടിന് വിട പറഞ്ഞു. 1977ൽ ഇന്ത്യ സ്റ്റാമ്പ് ഇറക്കി ആദരിച്ചു.
ആരോഗ്യകരമായ തലമുറയ്ക്ക്
ആരോഗ്യമുള്ള ജനതയ്ക്കായി എന്തെല്ലാം മുൻകരുതൽ വേണമെന്ന് ചിന്തിക്കുമ്പോൾ മണ്ണിൽ നിന്ന് തുടങ്ങേണ്ടിവരും. മണ്ണ് മലിനമായാൽ നാം കഴിക്കുന്ന പച്ചക്കറികളും ധാന്യങ്ങളും, കുടിക്കുന്ന വെള്ളവും വിഷലിപ്തമാകും. അങ്ങനെ മനുഷ്യൻ ഭക്ഷിക്കുന്ന ആഹാരവും കുടിക്കുന്ന വെള്ളവും പാലും ഒക്കെ ഭക്ഷ്യയോഗ്യമല്ലാതാവുകയും, ക്യാൻസർ, പ്രമേഹം, കരൾ രോഗങ്ങൾ, വൃക്ക രോഗങ്ങൾ, മറ്റ് പ്രതിരോധശേഷി നഷ്ടപ്പെടുന്ന രോഗങ്ങൾ പിടിപെടാതിരിക്കാൻ മരുന്നുകളുടെ ഉപഭോഗം കുറയ്ക്കുകയും, പ്രകൃതിദത്തമായ രാസപദാർത്ഥങ്ങളുടെ ഉപഭോഗം പ്രേത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ഇവിടെയാണ് ഹോമിയോപ്പതിയുടെ പ്രസക്തി. ഹോമിയോ മരുന്നുകൾ പ്രകൃതിയിൽ നിന്ന് ഉത്പാദിപ്പിക്കുകയും മരുന്നിന്റെ അളവ് തുലോം തുച്ഛം ആവുകയും ചെയ്യുമ്പോൾ ആരോഗ്യമുള്ള ഒരു ജനതയെ വാർത്തെടുക്കാൻ സഹായിക്കുന്നതാകുന്നു.
വളം, കീടനാശിനി, ആരോഗ്യ സംരക്ഷണ വസ്തുക്കൾ തുടങ്ങിയ രാസപദാർത്ഥങ്ങളുടെ ഉപഭോഗം മനുഷ്യരിലും മൃഗങ്ങളിലും പ്രകൃതിദത്തമായ ഇമ്മ്യൂണിറ്റി നഷ്ടപ്പെടുത്താൻ കാരണമാകും. മണ്ണിന്റെ ഘടനയിലുണ്ടാകുന്ന മാറ്റവും രാസപദാർത്ഥങ്ങളുടെ അമിതപ്രയോഗങ്ങളും പുതിയ പല രോഗങ്ങൾക്കും വഴിവയ്ക്കും.
മൃഗങ്ങളിൽ വൈറൽ രോഗങ്ങളായ അകിടുവീക്കം, കുളമ്പുരോഗം അരിമ്പാറ തളർച്ച രോഗങ്ങൾ എന്നിവയ്ക്ക് ഹോമിയോ ഫലപ്രദമാണ്. ചികിത്സയ്ക്കുശേഷവും പാൽ ഉത്പാദനത്തിൽ ഒരു കുറവും ഉണ്ടാകുന്നില്ലെന്നതും എടുത്തു പറയേണ്ടതാണ്. കേരള ജനത ഇത് തിരിച്ചറിയുന്നുണ്ടെന്നതും ഹോമിയോ വൈദ്യശാസ്ത്രത്തിന്റെ വളർച്ച വിളിച്ചോതുന്നു. 5 ഹോമിയോ മെഡിക്കൽ കോളേജും 1400 ൽ പരം ഹോമിയോ ഡിസ്‌പെൻസറികളും 35ൽ പരം കിടത്തി ചികിത്സ കേന്ദ്രങ്ങളും സർക്കാർതലത്തിലുള്ള മരുന്നുത്പാദന കേന്ദ്രവും കേന്ദ്രസർക്കാരിന്റെ തന്നെ കോട്ടയം കുറിച്ചിയിലുള്ള മാനസികാ ചികിത്സാ കേന്ദ്രവും ഒക്കെ എടുത്തു പറയേണ്ടതാണ്.
കേരളത്തിൽ വെറ്ററിനറി യൂണിവേഴ്സിറ്റി നടത്തുന്ന ആറുമാസത്തെ ഹോമിയോപ്പതി ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് കോഴ്സും, ഗുജറാത്തിലെ അമുൽ പാലുത്പാദകർ മൃഗങ്ങളിൽ പരീക്ഷിച്ചു വിജയിച്ച ഇരുപത്തൊന്നോളം ഹോമിയോ മരുന്നുകളും ഈ മേഖലയിലെ വളർച്ചയെ വിളിച്ചോതുന്നു.
(ഇന്റർനാഷണൽ ഫോറം ഫോർ പ്രൊമോട്ടിംഗ് ഹോമിയോപ്പതി മീഡിയ സെൽ ചെയർമാനാണ് ലേഖകൻ.)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |