കൊച്ചി: സോഷ്യൽമീഡിയയിലൂടെ അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനൊരുങ്ങി നടി ഹണി റോസ്. നടിയുടെ വീഡിയോകൾക്ക് മോശം തമ്പ്‌നെയിൽ ഇട്ടവർക്ക് എതിരെയായിരിക്കും നടപടി. 20 യൂട്യൂബ് ചാനലുകളുടെ വിവരങ്ങൾ പൊലീസിന് കൈമാറുമെന്നുമാണ് വിവരം. അതേസമയം, ഹണി റോസിനെതിരെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. രാവിലെ 11 മണിയോടെ എറണാകുളം സിജെഎം കോടതിയിലാണ് ബോബിയെ ഹാജരാക്കുക.
കഴിഞ്ഞ ദിവസം രാത്രി 11.45 ഓടെ വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷം ബോബി എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് ചെലവഴിച്ചത്. ശേഷം ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ വീണ്ടും ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിക്കുകയായിരുന്നു. ബോബിയുടെ ഫോൺ അടക്കം പിടിച്ചെടുത്ത അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. ബോബി സ്ഥിരമായി ഉപയോഗിച്ചിരുന്ന ഐഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കാനാണ് പൊലീസിന്റെ തീരുമാനം.
കോയമ്പത്തൂരിൽ പുതിയ ജുവലറിയുടെ ഉദ്ഘാടനത്തിന് പോകാനിരിക്കെയാണ് ബോബിയെ കഴിഞ്ഞ ദിവസം വയനാട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. ബോബി ചെമ്മണ്ണൂരും നടി ഹൻസികയും ചേർന്നായിരുന്നു ഉദ്ഘാടനം നടത്തേണ്ടിയിരുന്നത്. ബോബിയെ കസ്റ്റഡിയിൽ എടുത്തിട്ടും ഉദ്ഘാടന ചടങ്ങുകൾ കോയമ്പത്തൂരിൽ നടന്നിരുന്നു.കൊച്ചിയിലെ അഭിഭാഷകരുമായി ബോബി ചെമ്മണ്ണൂർ മുൻകൂർ ജാമ്യഹർജി നൽകുന്നത് ആലോചിച്ചിരുന്നുവെന്നാണ് വിവരം. സോഷ്യൽ മീഡിയയിലൂടെ ഖേദം പ്രകടിപ്പിക്കാനായിരുന്നു നീക്കം. ഉന്നതതല നിർദ്ദേശത്തെ തുടർന്നാണ് കൊച്ചി പൊലീസ് ബോബിയെ കസ്റ്റഡിയിൽ എടുത്തത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |