
കോഴിക്കോട്: വിദേശരാജ്യങ്ങളിലോ സ്വകാര്യ ആശുപത്രികളിലോ പോകാതെ കുറഞ്ഞ ചെലവിൽ അവയവമാറ്റ ചികിത്സ ലഭ്യമാക്കാൻ സംസ്ഥാനത്തെ ആദ്യത്തെ സർക്കാർ അവയവമാറ്റ ആശുപത്രിക്ക് (ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട്) കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. രണ്ടു വർഷത്തിനകം നിർമ്മാണം പൂർത്തിയാക്കാനാണ് ശ്രമം. രാജ്യത്തെ ആദ്യത്തെ അവയവമാറ്റ ആശുപത്രിയാണ് കോഴിക്കോട് ചേവായൂർ ത്വക് രോഗാശുപത്രി വളപ്പിലെ 20 ഏക്കറിൽ നിർമ്മിക്കുന്നത്.
617 കോടി കിഫ്ബി ഫണ്ട് വിനിയോഗിച്ചാണ് നിർമ്മാണം. അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് ലക്ഷ്യം. അവയവം മാറ്റിവയ്ക്കലുമായി ബന്ധപ്പെട്ടുള്ള ചികിത്സ, അദ്ധ്യാപനം, പരിശീലനം, ഗവേഷണം, അവയവദാന പ്രവർത്തനങ്ങൾ തുടങ്ങിയവ ഇതിലൂടെ സാദ്ധ്യമാകും.
അവയവങ്ങൾക്ക് കേടുപാട് വന്നവരുടെ ചികിത്സ മുതൽ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും പുനരധിവാസവും വരെയുള്ള സമഗ്ര പരിചരണവും ഇവിടെ ഒരുക്കും. രണ്ടു ഘട്ടങ്ങളിലായി നിർമ്മിക്കുന്ന ആശുപത്രിയുടെ ആദ്യഘട്ട പ്രവൃത്തികൾക്ക് 299 കോടിയാണ് ചെലവ്. ഇതിനുപുറമേ ഉപകരണങ്ങൾക്കായി 99 കോടിയും നീക്കിവച്ചിട്ടുണ്ട്.
500ലധികം കിടക്കകൾ, ഐ.സി.യു, ഡയാലിസിസ്, ഓപ്പറേഷൻ തിയേറ്റർ തുടങ്ങിയ അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടെ എട്ട് നിലകളിലായാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തിൽ ഐ.സി.യു, എച്ച്.ഡി.യു സൗകര്യങ്ങൾ, ഡയാലിസിസ് സെന്റർ, 10 ഓപ്പറേഷൻ തിയേറ്ററുകൾ എന്നിവ ഉൾപ്പെടെ 350 കിടക്കകളുണ്ടാകും.
14 സ്‌പെഷ്യാലിറ്റി ഡിപ്പാർട്ട്‌മെന്റുകളും ഡിവിഷനുകളുമുണ്ടാകും. ട്രാൻസ്‌പ്ലാന്റേഷൻ മേഖലയിലെ ഡോക്ടർമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കുമുള്ള പരിശീലന കേന്ദ്രമായും ഗവേഷണ കേന്ദ്രമായും പ്രവർത്തിക്കും. 31 അക്കാഡമിക് കോഴ്‌സുകൾക്കും പദ്ധതിയുണ്ട്. വിദഗ്ദ്ധ പരിശീലനം സിദ്ധിച്ച ഡോക്ടർമാരും ശാസ്ത്രജ്ഞരും ആരോഗ്യപ്രവർത്തകരും ഇതിന്റെ ഭാഗമാകും.
കൂടുതൽ സൗകര്യം
കുറഞ്ഞ ചെലവ്
സ്വകാര്യ ആശുപത്രികളിൽ കോടിക്കണക്കിന് രൂപ ചെലവാകുന്ന അവയവമാറ്റ ചികിത്സയ്ക്ക് ഈ ആശുപത്രി വരുന്നതോടെ ചെലവ് നിലവിലുള്ളതിന്റെ മൂന്നിലൊന്നായി കുറയും. നിയമത്തിന്റെ സങ്കീർണത കാരണവും സൗകര്യക്കുറവുംമൂലം അവയവമാറ്റത്തിന് അന്യസംസ്ഥാനങ്ങളിലെ ആശുപത്രികളെ ആശ്രയിക്കുന്നതും ഒഴിവാകും. ശസ്ത്രക്രിയകൾ വേഗത്തിൽ നടത്താനാവുന്നതോടെ അവയവമാറ്റത്തിനായി വർഷങ്ങൾ നീണ്ട കാത്തിരിപ്പും വേണ്ട. ചികിത്സയ്ക്കൊപ്പം അദ്ധ്യാപനം, പരിശീലനം, ഗവേഷണം എന്നിവയും സാദ്ധ്യമാകുന്നതിനാൽ അവയവമാറ്റ മേഖലയിൽ വിദഗ്ദ്ധരെ സൃഷ്ടിക്കാനുമാകും. അവയവമാറ്റ ചികിത്സ കഴിഞ്ഞവർക്കുള്ള മരുന്നുകളും വിലക്കുറവിൽ ലഭ്യമാക്കും.
ചികിത്സ, ശസ്ത്രക്രിയ
(ഒരോ കൊല്ലവും ആശുപത്രിയിൽ
നടത്താനാവുന്നത്)
കോർണിയ ട്രാൻസ്‌പ്ലാന്റ്............................................ 1,100
വൃക്ക ട്രാൻസ്‌പ്ലാന്റ്.........................................................520
കരൾ ട്രാൻസ്‌പ്ലാന്റ്........................................................320
ആന്ത്ര (ഇന്റസ്‌റ്റൈനൽ) ട്രാൻസ്‌പ്ലാന്റ്.......................15
പാൻക്രിയാസ് ട്രാൻസ്‌പ്ലാന്റ്.........................................15
ഹൃദയ ട്രാൻസ്‌പ്ലാന്റ്...................................................... 50
ശ്വാസകോശ ട്രാൻസ്‌പ്ലാന്റ്............................................40
ബോൺമാരോ ട്രാൻസ്‌പ്ലാന്റ്........................................120
സോഫ്റ്റ്ടിഷ്യു/വിരൽ/കൈ/എല്ല്/മുഖം ട്രാൻസ്‌പ്ലാന്റ്....300
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |