
മലപ്പുറം: വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട് പതിനൊന്നുകാരി മസ്‌നീൻ. പരിക്കുകളോടെ രക്ഷപ്പെട്ട മസ്‌നീനെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഉമ്മ ഷക്കീനയുടെ മരണവിവരം മസ്‌നീനെ അറിയിച്ചില്ല. പിന്നാലെ വന്ന ടാക്‌സി ഡ്രൈവറാണ് തകർന്ന വാഹനത്തിനുള്ളിൽ നിന്ന് പെൺകുട്ടിയെ പുറത്തെടുത്തത്. ഉടൻതന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
മന്ത്രി കെ കൃഷ്ണൻകുട്ടി മസ്‌നീനെ ഇന്നലെ പൊള്ളാച്ചി ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. മലപ്പുറം ഡിഎംഒയുടെ നിർദേശപ്രകാരമാണ് മസ്‌നീനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിൽ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു. അതേസമയം, അപകടത്തിൽപ്പെട്ട മൂന്നുപേർ ഗുരുതര പരിക്കോടെ കോയമ്പത്തൂർ ഗവ.മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മരിച്ച സാജിതയുടെ മകൻ ഷഹദീൻ (11), വാഹനത്തിന്റെ ഡ്രൈവർ മുഹമ്മദ് ഹാഫിസ് (22), സ്‌കൂളിലെ ഡ്രൈവർ നൗഷാദ് (39) എന്നിവരാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളത്.
മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവൺമെന്റ് എൽപി സ്‌കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ ഇന്നലെ വൈകുന്നേരം 5.20നാണ് വാൽപ്പാറ ചുരം റോഡിൽ 300 അടി താഴ്‌ചയിലേക്ക് മറിഞ്ഞത്. കാഴ്‌ചകളെല്ലാം കണ്ട് നാട്ടിലേക്ക് മടങ്ങുമ്പോൾ ചുരത്തിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വാഹനം നിയന്ത്രണം വിട്ട് പലവട്ടം കീഴ്മേൽ മറിഞ്ഞ് ഒമ്പതാം വളവിലേക്ക് വീഴുകയായിരുന്നു. പൊള്ളാച്ചിയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായ സ്ഥലം. പെരിന്തൽമണ്ണയിൽ നിന്ന് വാടകയ്ക്കെടുത്ത ടൂറിസ്റ്റ് വാനിലാണ് ഡ്രൈവർ ഉൾപ്പെടെ 13പേർ യാത്ര പോയത്.
ഏഴ് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ഒമ്പതുപേരാണ് അപകടത്തിൽ മരിച്ചത്. പള്ളിപ്പറമ്പ് ഗവ.എൽപി സ്‌കൂളിലെ പ്രധാനാദ്ധ്യാപിക പി അജിത (54), അദ്ധ്യാപികമാരായ റംലത്ത് (52), സുഹറ (43), ആശ (41), അദ്ധ്യാപകനായ അബ്ദുൽ മജീദ് (43), മജീദിന്റെ ഭാര്യ റുഖിയ (39), സ്‌കൂളിലെ പാചക തൊഴിലാളി സാജിത (45), സുഹറയുടെ മകൻ ഹിഷാം (12), സമീപത്തെ സ്‌കൂളായ ജിയുപിയിലെ അദ്ധ്യാപിക ഷക്കീന (37) എന്നിവരാണ് മരിച്ചത്. കാഴ്ച പരിമിതിയുള്ള അബ്ദുൽ മജീദിന് കൂട്ടുപോയതായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ റുഖിയ. ഷക്കീന അടുത്തിടെയാണ് എൽപി സ്‌കൂളിൽ നിന്ന് യുപി സ്കൂളിലേക്ക് മാറിയത്. താൻ ഏറെനാൾ ജോലി ചെയ്‌ത സ്‌കൂളിലെ വിനോദയാത്രയിൽ അവർ ഒപ്പം കൂടുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |