കൊച്ചി: ഹയർ സെക്കൻഡറി സ്കൂളുകളിൽ ഒരു ബാച്ചിൽ 25 കുട്ടികളില്ലെങ്കിൽ അദ്ധ്യാപകരുടെ സ്ഥിരനിയമനം ഇല്ലാതാകുമെന്ന സർക്കാർ തീരുമാനത്തിൽ ആശങ്ക. തീരുമാനം നടപ്പാക്കിയാൽ സർക്കാർ സ്കൂളുകളിൽ 133 ബാച്ചുകളും എയ്ഡഡ് മേഖലയിൽ 20 ബാച്ചുകളും പ്രതിസന്ധിയിലാകും. ഇത്തരം സ്കൂളുകളിൽ ജൂനിയർ അദ്ധ്യാപകന്റെ തൊഴിൽ നഷ്ടപ്പെടുമെന്നും ആശങ്കയുണ്ട്.
അൺ എയ്ഡഡ് സ്കൂളുകളിലെ 447 ബാച്ചുകളിൽ കുട്ടികളില്ല.
2024ലെ സർക്കാർ ഉത്തരവ് പ്രകാരം 2023-24 അദ്ധ്യയന വർഷത്തിൽ പ്ലസ്‌വണ്ണിലും പ്ലസ്ടുവിലും 25 വിദ്യാർത്ഥികളിൽ താഴെയുള്ള ബാച്ചുകളിൽ തസ്തിക ഒഴിവാക്കണം.
2024ൽ പ്ലസ് വൺ അഡ്മിഷനുമായി ബന്ധപ്പെട്ട് എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (എ.എച്ച്.എസ്.ടി.എ) സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മനോജിന് ലഭിച്ച വിവരാവകാശ രേഖയിലാണ് കുട്ടികളുടെ കുറവ് വ്യക്തമാക്കുന്ന കണക്കുകൾ. 2024 ജൂണിൽ പ്ലസ് വൺ ക്ലാസിൽ അഡ്മിഷൻ എടുത്തത് 3,65,043 വിദ്യാർത്ഥികളാണ്. മെരിറ്റ് സീറ്റുകളിൽ 20,117, മാനേജ്‌മെന്റ് സീറ്റുകളിൽ 3,751, അൺ എയ്ഡഡ് ബാച്ചുകളിൽ 27,517 എന്നിങ്ങനെ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു.
കുട്ടികൾ കുറവുള്ള ജില്ലകൾ
സർക്കാർ മേഖലയിൽ സംസ്ഥാനത്ത് ഏറ്റവും കുറവ് കുട്ടികളുള്ള സ്കൂളുകൾ ആലപ്പുഴയിലാണ് - 22 എണ്ണം. പത്തനംതിട്ട - 21, കോട്ടയം -17, എറണാകുളം - 16 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്.
എയ്ഡഡ് മേഖലയിൽ പത്തനംതിട്ടയാണ് മുന്നിൽ - 8 എണ്ണം. കോട്ടയം - 3, ഇടുക്കി, കൊല്ലം ആലപ്പുഴ ജില്ലകളിൽ - രണ്ട് വീതം, കണ്ണൂർ, എറണാകുളം, പാലക്കാട് ജില്ലകളിൽ - ഒന്ന് വീതം.
കീം പരീക്ഷയിലെ മാർക്ക് സമീകരണവുമായി ബന്ധപ്പെട്ട് കേരള ഹയർ സെക്കൻഡറിയിൽ മികവ് പ്രകടിപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ പിന്തള്ളപ്പെടുന്നതുൾപ്പെടെയുളള കാര്യങ്ങൾ കൊണ്ടാണ് പൊതുവിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾ കുറയുന്നത്.
എസ്. മനോജ്
ജനറൽ സെക്രട്ടറി
എ.എച്ച്.എസ്.ടി.എ
അദ്ധ്യാപകരുടെ കുറവ്പ്രതിസന്ധി:
നഴ്സിംഗ് കോളേജ് ടീച്ചേഴ്സ് അസോ.
തിരുവനന്തപുരം : നഴ്സിംഗ് കോളേജുകളുടെ സുഗമമായ പ്രവർത്തനത്തിന് മതിയായ അദ്ധ്യാപകരെ നിയമിക്കണമെന്ന് കേരള ഗവ. കൊളീജിയറ്റ് നഴ്സിംഗ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.സി.എൻ.ടി.എ) ആവശ്യപ്പെട്ടു. അദ്ധ്യാപകരുടെ ക്ഷാമം കാരണം വിദ്യാർത്ഥികളെ നിരീക്ഷിക്കാനോ അവരുടെ മാനസിക സമ്മർദ്ദങ്ങൾ തിരിച്ചറിയാനോ കഴിയാത്ത സ്ഥിതിയുണ്ടെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അനുപമ സുസ്മിതയും സെക്രട്ടറി ഹരികൃഷ്ണയും പറഞ്ഞു. നഴ്സിംഗ് ജോലിയുടെ സാദ്ധ്യതകൾ തിരിച്ചറിഞ്ഞ് സംസ്ഥാന സർക്കാർ സമീപകാലത്തായി ബി.എസ്സി, എം.എസ്സി നഴ്സിംഗ് വിഭാഗങ്ങളിലായി 700 സീറ്റുകൾ വർദ്ധിപ്പിച്ചു. എന്നാൽ ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ നിഷ്കർഷിക്കുന്ന 1:10 അദ്ധ്യാപക വിദ്യാർത്ഥി അനുപാതം കൂടി പാലിക്കണം. 2023ൽ ആരംഭിച്ച അഞ്ച് സർക്കാർ നഴ്സിംഗ് കോളേജുകളിൽ പ്രിൻസിപ്പൽ, രണ്ട് അസിസ്റ്റന്റ് പ്രൊഫസർ എന്നീ സ്ഥിരതസ്തികകൾ മാത്രമാണുള്ളത്. മൂന്നാം വർഷത്തേക്ക് കടക്കുന്ന ഈ കോളേജുകളിൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തികകളുടെ അഭാവം പ്രതിസന്ധിയാണ്. 2021ന് ശേഷം ബി.എസ്സി നഴ്സിംഗ് കോഴ്സുകൾ സെമസ്റ്റർ സിസ്റ്റം ആക്കിയതോടെ അദ്ധ്യാപകരുടെ ജോലിഭാരം വർദ്ധിച്ചു. ഇക്കാര്യങ്ങൾ തിരിച്ചറിഞ്ഞ് സർക്കാർ അനുകൂലമായ നടപടിയെടുക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |