തിരുവനന്തപുരം: ഹയർസെക്കൻഡറി തസ്തിക നിർണയം അനിവാര്യമാണെന്ന് മന്ത്രി വി.ശിവൻകുട്ടി. തസ്തിക അനുവദിക്കാൻ മിനിമം ഏഴ് പിരീഡുകൾ വേണമെന്ന ഉത്തരവ് 2017ൽ നിലവിൽ വന്നിരുന്നു. അതിനുമുമ്പുള്ള തസ്തികകളെ ഏഴ് പിരീഡ് മാനദണ്ഡപ്രകാരം പുനർനിർണയിച്ചിരുന്നില്ല. സ്വാഭാവികമായും പഴയ തസ്തികകൾ ഒഴിവുവന്നപ്പോൾ പി.എസ്.സി. മുഖേന നിയമനം നടന്നിരുന്നു. അങ്ങനെയാണ് ജൂനിയർ ഇംഗ്ലീഷ് തസ്തികയിൽ ഏഴ് പിരീഡ് ഇല്ലാതെ അധിക നിയമനം നടന്നെന്ന കണക്ക് ഉണ്ടാകുന്നതും അവരെ സൂപ്പർ ന്യൂമററിയായി നിലനിറുത്താൻ മന്ത്രിസഭ തീരുമാനിച്ചതും. ഇതോടെ മറ്റു വിഷയങ്ങളിലും തസ്തിക പുനർനിർണയിക്കാതെ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാനാവാത്ത സാഹചര്യമുണ്ടായി.
1991ലെ സർക്കാർ ഉത്തരവ് പ്രകാരം ഒരു ബാച്ച് നിലനിൽക്കാൻ ഇരുപത്തിയഞ്ച് വിദ്യാർത്ഥികളെങ്കിലും വേണം.സ്ഥിരം അദ്ധ്യാപകരുള്ള നിരവധി ബാച്ചുകളിൽ ഇരുപത്തിയഞ്ചിൽ താഴെ വിദ്യാർത്ഥികളേയുള്ളൂ.2023ൽ
ഇത്തരത്തിലുള്ള 129 ബാച്ചുകളുണ്ട്. അതിലെല്ലാം തസ്തികകൾ പുനർനിർണയിച്ച് അദ്ധ്യാപകരെ പുനർവിന്യസിക്കണം.
പലപ്പോഴായി 38 ബാച്ചുകൾ വടക്കൻ ജില്ലകളിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ, സ്കൂളുകളിൽ തസ്തിക നിലനിൽക്കുകയാണ്. അവിടെയും പുനർനിർണയിക്കണം. ഈ മൂന്ന് കാരണങ്ങൾ കൊണ്ടും പി.എസ്.സി. റാങ്ക് ലിസ്റ്റിലുള്ള പരമാവധി ഉദ്യോഗാർത്ഥികളുടെ നിയമനം ഉറപ്പാക്കാനുമാണ് അടിയന്തരമായി തസ്തിക നിർണയം നടത്തുന്നത്.
25 കുട്ടികളിൽ കുറവുള്ള ഹയർ സെക്കൻഡറി
ബാച്ചുകളിൽ തസ്തിക ഇല്ലാതെയാകും
തിരുവനന്തപുരം: ഹയർ സെക്കൻഡറി സ്കൂളുകളിൽ സർക്കാർ തസ്തിക നിർണയത്തിന് ഒരുങ്ങുന്നതോടെ പ്ളസ് വണിലും പ്ളസ് ടുവിലും 25 വിദ്യാർത്ഥികളിൽ താഴെയുള്ള ബാച്ചുകളിൽ തസ്തികകൾ ഇല്ലാതാകും. ഹയർ സെക്കൻഡറിയിൽ വിദ്യാർത്ഥികളുടെ എണ്ണം കുറയുന്ന സാഹചര്യത്തിലാണ് സർക്കാർ തസ്തിക നിർണയത്തിന് തീരുമാനിച്ചത്. അധികമുള്ള അദ്ധ്യാപകരെ പുനർവിന്യസിക്കുന്നതിനൊപ്പം പി.എസ്.സി വഴിയുള്ള പുതിയ നിയമനങ്ങൾ പരമാവധി കുറയ്ക്കും. തസ്തിക നിർണയത്തിന്റെ അടിസ്ഥാനത്തിലാകും സീനിയർ അദ്ധ്യാപകസ്ഥാനത്തേക്കുള്ള സ്ഥാനക്കയറ്റവും. ഹയർ സെക്കൻഡറി സ്കൂളുകളിൽ പുതിയ തസ്തിക സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് മാത്രമാണ് കണക്കെടുപ്പ് നടത്തിയിരുന്നത്. എന്നാൽ ഇനി മുതൽ കണക്കെടുപ്പിന്റെ അടിസ്ഥാനത്തിലാകും തസ്തികകൾ നിലനിറുത്തുന്നതും. ഇതോടെ നിയമന സാദ്ധ്യത ഇല്ലാതാകുമെന്ന ആശങ്കയിലാണ് ഉദ്യോഗാർത്ഥികൾ. സർവീസിൽ അധികമുള്ളവരെ പുനക്രമീകരിച്ചതിനു ശേഷമേ സ്ഥാനക്കയറ്റ - വിരമിക്കൽ ഒഴിവുകളിലേക്ക് പുതിയ നിയമനം നടക്കൂ. തസ്തിക നഷ്ടത്താൽ അദ്ധ്യാപകർ പുറത്താകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
തസ്തിക നിർണയം
മാനദണ്ഡങ്ങൾ
തസ്തിക സൃഷ്ടിച്ചു കഴിഞ്ഞ ബാച്ചുകളിലെല്ലാം കുറഞ്ഞത് 25 കുട്ടികൾ വേണം.
തസ്തികകൾ സൃഷ്ടിച്ചു കഴിഞ്ഞ സ്കൂളുകളിലെ ഉപഭാഷാ തസ്തികകളിലെ ഏറ്റക്കുറച്ചിലുകൾ കണക്കാക്കുമ്പോൾ മാർജിനൽ സീറ്റ് വർദ്ധനയിലൂടെ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ എണ്ണവും പരിഗണിക്കണം.
പ്ളസ് വണിന് സീറ്റ് ക്ഷാമമുള്ള വടക്കൻ ജില്ലയിലെ സ്കൂളുകളിലേക്ക് മാറ്റിയ 38 ബാച്ചുകൾ നിലനിന്നിരുന്ന തെക്കൻ ജില്ലയിലെ സ്കൂളുകളിലെ തസ്തികകൾ പുനർനിർണയിക്കും. മാറ്റിയ ബാച്ചുകളെ തസ്തിക നിർണയത്തിൽ ഇപ്പോൾ ഉൾപ്പെടുത്തേണ്ടതില്ല.
അറബിക് ഉപഭാഷയുടെ തസ്തിക നിർണയത്തിന് കുറഞ്ഞത് 10 വിദ്യാർത്ഥികളെങ്കിലും വേണം.
ഹയർസെക്കൻഡറി:
അറബിക്വിദ്യാർത്ഥി
അനുപാതം കുറച്ചു
തിരുവനന്തപുരം :ഹയർ സെക്കൻഡറി സ്കൂളുകളിൽ ഒരു അറബിക് അദ്ധ്യാപക തസ്തികയ്ക്ക് മിനിമം 10 കുട്ടികൾ മതിയെന്ന അനുപാതത്തിൽ നിയമനാംഗീകാരം നൽകാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഉറുദു, സംസ്കൃതം ഉപഭാഷകൾക്ക് ജൂനിയർ തസ്തികകൾക്ക് 10 കുട്ടികൾ മതിയായിരുന്നു. അറബ് ഭാഷ പഠിക്കാൻ 25 കുട്ടികൾ വേണമെന്ന നിബന്ധനയാണ് തിരുത്തിയത്. ഇതിനായി കെ.എ.എം.എ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. കെ.എ.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ നടപടിയെ സ്വാഗതം ചെയ്തു.
മൂല്യനിർണയ ക്യാമ്പുകൾ
ഏപ്രിൽ മൂന്നിലേക്ക് മാറ്റി
സ്വന്തം ലേഖിക
തിരുവനന്തപുരം: ഏപ്രിൽ ഒന്നിന് നടത്താനിരുന്ന ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പുകൾ എസ്.എസ്.എൽ.സിക്കൊപ്പം ഏപ്രിൽ മൂന്നിലേക്ക് മാറ്റി.
ഒന്നിന് മൂല്യനിർണയം ആരംഭിച്ചാൽ തയാറെടുപ്പുകൾക്ക്ഈസ്റ്റർ ദിനത്തിൽ ക്യാമ്പുകളിലെത്തേണ്ടി വരുമെന്ന ആശങ്കയിലായിരുന്നു അദ്ധ്യാപകർ. തീയതി മാറ്റണമെന്നാവശ്യപ്പെട്ട് അദ്ധ്യാപകസംഘടനകളായ എ.എച്ച്.എസ്.ടി.എ, കെ.പി.എസ്.ടി.എ എന്നിവ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു.
എസ്.എസ്.എൽ.സിക്ക്
70 ക്യാമ്പുകൾ
എസ്.എസ്.എൽ.സിയുടെ 70 മൂല്യനിർണയ ക്യാമ്പുകളിലായി പതിനായിരത്തോളം അദ്ധ്യാപകർ പങ്കെടുക്കും. ഹയർ സെക്കൻഡറിയിൽ 77 ക്യാമ്പുകളിലായി ഇരുപത്തി അയ്യായിരത്തോളം അദ്ധ്യാപകരാണ് എത്തുന്നത്. വൊക്കേഷണൽ ഹയർ സെക്കൻഡറിയുടെ എട്ട് ക്യാമ്പുകളിൽ
2200 അദ്ധ്യാപകർ പങ്കെടുക്കും.
തിരഞ്ഞെടുപ്പ് നടപടികളെ ബാധിക്കാത്ത രീതിയിലായിരിക്കും ക്യാമ്പുകളുടെ പ്രവർത്തനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |