തിരുവനന്തപുരം: വ്യവസായ മേഖലയിൽ കൂടുതൽ നിക്ഷേപവും തൊഴിലവസരങ്ങളും കൊണ്ടുവരുന്നതിന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഈ വർഷം സ്വകാര്യ വ്യവസായ പാർക്കുകൾ തുടങ്ങും. അഞ്ചു ജില്ലകളിലായി ഇതിൽ എട്ട് പാർക്കുകൾക്ക് അനുമതി നൽകി.പത്തനംതിട്ട ( ചിറ്റാർ, അടൂർ), കോട്ടയം (മൂന്നിലവ്, മീനച്ചിൽ,കാഞ്ഞിരപ്പള്ളി), പാലക്കാട് (അമ്പലപ്പാറ), മലപ്പുറം(തിരൂർ), കണ്ണൂർ(പരിയാരം).350 കോടിയോളം രൂപയുടെ നിക്ഷേപവും 4500 ഓളം തൊഴിലവസരങ്ങളുമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. ആദ്യ പാർക്ക് പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്തു.
കൃഷി അധിഷ്ഠിത വ്യവസായം , ഫാർമസ്യൂട്ടിക്കൽസ്, ഭക്ഷ്യസംസ്കരണം, കയർ, റബർ ഉത്പന്നങ്ങൾ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട സംരംഭങ്ങളാണ് ആദ്യ ഘട്ടത്തിൽ .. പ്രവാസികളടക്കമുള്ളവരുടെ സ്ഥലവും നിക്ഷേപവും വ്യവസായത്തിന് ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. ഒന്നാം പിണറായി സർക്കാർ പ്രഖ്യാപിച്ച പദ്ധതി ഈ സർക്കാർ വന്ന ശേഷമാണ് പ്രാവർത്തികമായത്. പത്ത് ഏക്കറോ അതിലധികമോ ഭൂമിയുള്ള ചെറുകിട സംരംഭക കൂട്ടായ്മകൾ, സഹകരണ സ്ഥാപനങ്ങൾ , ചാരിറ്റബിൾ സൊസൈറ്റികൾ എന്നിവർക്ക് അപേക്ഷിക്കാം.
അപേക്ഷിക്കാൻ
വ്യവസായ വാണിജ്യ ഡയറക്ടർക്ക് അപേക്ഷ നൽകണം. വ്യവസായ, റവന്യു, ധനകാര്യ വകുപ്പ് സെക്രട്ടറിതല ഉന്നത സമിതി പരിശോധിച്ച് ഡെവലപ്പർ പെർമിറ്ര് നൽകും. ഏകജാലക സംവിധാനം വഴി എല്ലാ അനുമതികളും ലഭ്യമാവും.
മൂന്ന് കോടി
വരെ സഹായം
വൈദ്യുതി , വെള്ളം, ഗതാഗത സൗകര്യം, ഡ്രെയിനേജ്, മാലിന്യസംസ്കരണം തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾക്ക് ഒരു ഏക്കർ ഭൂമിക്ക് 30 ലക്ഷം രൂപ ക്രമത്തിൽ മൂന്ന് കോടി രൂപ വരെ ധനസഹായം നൽകും.
' വ്യവസായങ്ങൾക്ക് അനുയോജ്യമായ ഭൂമിയുടെ ലഭ്യതക്കുറവുണ്ട്. ഇത് പരിഹരിച്ച് വ്യവസായത്തിന് കുതിപ്പേകാൻ പദ്ധതിക്കാവും. തൊഴിലവസരങ്ങളും സർക്കാരിന്റെ വരുമാനവും കൂടും.'
-പി.രാജീവ്
വ്യവസായ മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |