തിരുവനന്തപുരം : ഓണത്തോനുബന്ധിച്ചുള്ള ജില്ലാ ഫെയറുകൾ ആരംഭിച്ച ആഗസ്റ്റ് 25 മുതൽ 29 വരെ സപ്ലൈകോ നേടിയത് 73 കോടിയിലധികം രൂപയുടെ വിറ്റുവരവ്. ഇതിൽ ജില്ലാ ഫെയറുകളിൽ നിന്നും മാത്രമുള്ള വിറ്റു വരവ് രണ്ടു കോടിയിലേറെയാണ്.
ഈ ദിവസങ്ങളിൽ 10 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് സപ്ലൈകോ വില്പനശാലകൾ സന്ദർശിച്ചത്. ആഗസ്റ്റ് മാസത്തില്‍ 29 വരെ ആകെ 270 കോടി രൂപയുടെ വിറ്റു വരവുണ്ടായി. ഇതിൽ 125 കോടി സബ്സിഡി ഇനങ്ങളുടെ വില്പന വഴിയാണ്. ഈ മാസം ആകെ 42 ലക്ഷം ഉപഭോക്താക്കളാണ് സപ്ലൈകോയിൽ എത്തിയത്. ആഗസ്റ്റ് 25, 26 തീയതികളിലാണ് വിവിധ ജില്ലകളിൽ സപ്ലൈകോ ജില്ലാ ഓണം ഫെയറുകൾ ആരംഭിച്ചത്. ഓഗസ്റ്റ് 27ന് ഇന്നേവരെയുള്ളതിൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന വില്പനയായ 15.7 കോടി കടന്നു. ഇന്നലെ ഓഗസ്റ്റ് 29ന് ആ റെക്കോർഡ് ഭേദിച്ച് പ്രതിദിന വില്പന 17.91 കോടിയായി. 41,30,418 ഉപഭോക്താക്കളാണ് സപ്ലൈകോയുടെ വില്പനശാലകൾ ഇന്നലെ സന്ദർശിച്ചത്.
സപ്ലൈകോ വില്പനശാലകളും ഓണച്ചന്തകളും ഞായറാഴ്ചയും (ഓഗസ്റ്റ് 31) ഉത്രാട ദിനത്തിലും (സെപ്റ്റംബർ 4) തുറന്നു പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു. ഓണവിപണിയിലെ തിരക്കും ഉപഭോക്താക്കളുടെ സൗകര്യവും കണക്കിലെടുത്താണ് ഈ ക്രമീകരണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |