തിരുവനന്തപുരം: സ്വന്തം വിശേഷങ്ങൾ ക്യാമറയിൽ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റു ചെയ്ത് ലക്ഷങ്ങൾ കൊയ്യുന്നവരുടെ എണ്ണം രാജ്യത്ത് 40.6 ലക്ഷം കടന്നു. സാധാരണക്കാരെ സ്വാധീനിക്കുന്നതിലൂടെയാണ് ഇവർ മുന്നിലെത്തുന്നത്. 'ഇൻഫ്ലുവൻസർ' എന്നാണ് ഇവരെ അറിയപ്പെടുന്നത്. 'മികച്ച മാതാപിതാക്കൾ' ആകാനുള്ള ടിപ്പുകൾ നൽകുന്നവരുടെ എണ്ണം 3.62 ലക്ഷം. ഇൻഫ്ലുവൻസർ മാർക്കറ്റിംഗ് ഇന്റലിജൻസ് പ്ലാറ്റ്ഫോമായ ക്വറൂസിന്റെ റിപ്പോർട്ടാണിത്.
ഒരു ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ളവർക്ക് പ്രതിമാസം 20,000 മുതൽ 2.5 ലക്ഷംവരെ വരുമാനം ലഭിക്കുന്നുണ്ട്. കല്യാണമടക്കം പങ്കുവയ്ക്കുന്ന ഫാമിലി വ്ലോഗർമാരുടെയും കൊവിഡ് കാലത്ത് ആരംഭിച്ച ട്രാവൽ വ്ലോഗിംഗിലും വർദ്ധനയുണ്ട്. ഗെയിമിംഗ് ഇൻഫ്ലുവൻസർമാരുടെ വളർച്ച അതിവേഗമാണ്. 2020-2022ൽ ഇവരുടെ വളർച്ച 213 ശതമാനം. പണം കൊയ്യുന്ന ഗെയിമുകളും ഗാഡ്ജറ്റുകളും ഇവർ പരിചയപ്പെടുത്തും. യൂട്യൂബാണ് ഇൻഫ്ലുവൻസർമാർക്ക് ഏറ്റവുമധികം വരുമാനം നേടിക്കൊടുക്കുന്ന പ്ലാറ്റ്ഫോം.
അതേസമയം, 69% ഇൻഫ്ലുവൻസർമാരും കേന്ദ്ര ഉപഭോക്തൃത സംരക്ഷണ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി അഡ്വെർട്ടൈസിംഗ് സ്റ്റാൻഡേർഡ്സ് കൗൺസിൽ ഒഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. ഫാഷൻ,ബ്യൂട്ടി വ്ലോഗർമാരാണ് ഇതിൽ മുന്നിൽ.
വരുമാനം ബ്രാൻഡ്
പ്രൊമോഷനിലും
സമൂഹ മാദ്ധ്യമ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്ന പരസ്യം ആളുകൾ കാണുന്നതിനനുസരിച്ചാണ് ഇൻഫ്ലുവൻസർമാരുടെ വരുമാനം
കമ്പനികളുടെ ബ്രാൻഡ് പ്രൊമോഷനിലൂടെയും വരുമാനം ലഭിക്കുന്നു. കൂടുതൽ ഫോളോവർമാരുള്ള യൂട്യൂബർമാരെ തേടി പ്രമുഖ ബ്രാൻഡുകളെത്തും
ട്രാവൽ വ്ലോഗർമാരെ സൗജന്യമായി വിദേശത്ത് കൊണ്ടുപോകുന്ന ടൂർ കമ്പനികളുമുണ്ട്. ഇവർ പോകുന്ന സ്ഥലങ്ങളിലെ വീഡിയോകൾ പോസ്റ്റ് ചെയ്യുമ്പോൾ കമ്പനിയുടെ പേരും വിവരങ്ങളും നൽകണം
''സാധാരണക്കാർക്ക് ആവശ്യമുള്ളതും കൗതുകമുള്ളതുമായ കണ്ടന്റുകൾ നൽകുന്ന യൂ ട്യൂബ് ചാനലുകളാണ് വിജയിക്കുന്നത്. എന്റെ അമ്മയും ഭാര്യയും കുഞ്ഞുങ്ങളുമെല്ലാം വീഡിയോയിലെത്തുന്നുണ്ട്.കാണുന്നവർക്ക് അവരിലൊരാളായി ഞങ്ങളെ തോന്നും.
-ബിജു, കെഎൽ-ബ്രോ
ബിജു റിത്വിക്ക് യൂട്യൂബ് ചാനൽ ഉടമ
(രാജ്യത്ത് ആദ്യമായി വ്യക്തിഗതമായി 5 കോടി സബ്സ്ക്രൈബേഴ്സിനെ നേടിയത് ബിജുവാണ്)
അഞ്ചു വർഷം,
322 % വളർച്ച
(വർഷം, ഇൻഫ്ലുവൻസർമാർ.എണ്ണം ലക്ഷത്തിൽ)
2020----------------------9.62
2025---------------------40.6
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |